അറബ് കപ്പില്‍ ചരിത്ര വിജയം; എന്നാല്‍ ക്രിസ്റ്റ്യാനോ ആരാധകര്‍ക്ക് നിരാശ
Sports News
അറബ് കപ്പില്‍ ചരിത്ര വിജയം; എന്നാല്‍ ക്രിസ്റ്റ്യാനോ ആരാധകര്‍ക്ക് നിരാശ
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 13th August 2023, 9:19 pm

അറബ് കപ്പില്‍ തകര്‍പ്പന്‍ ജയത്തോടെ അല്‍ നസറിനെ ചാമ്പ്യന്മാരാക്കാന്‍ പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് സാധിച്ചിരുന്നു. അല്‍ ഹിലാലിനെതിരെ അധിക സമയത്തേക്ക് നീണ്ട മത്സരത്തില്‍ ക്രിസ്റ്റ്യാനോയുടെ ഇരട്ട ഗോളിലായിരുന്നു അല്‍ നസറിന്റെ ജയം.

അല്‍ ഹിലാലിന്റെ മിഷേലായിരുന്നു ലീഡ് ചെയ്ത് മുന്നേറിയിരുന്നത്. വാശിയേറിയ പോരാട്ടത്തിനൊടുവില്‍ മത്സരത്തിന്റെ 74ാം മിനിട്ടില്‍ റോണോയുടെ ഗോള്‍ പിറന്നതോടെ കളി സമനിലയിലായി. 98ാം മിനിട്ടില്‍ താരത്തിന്റെ ഗോള്‍ പിറന്നതോടെ അല്‍ നസര്‍ ജയം സ്വന്തമാക്കുകയായിരുന്നു.

ഈ വര്‍ഷം ജനുവരിയില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അല്‍ നസര്‍ എഫ്.സിയില്‍ ചേര്‍ന്നത്. ഇത്തവണ അറബ് ക്ലബ്ബ് ചാമ്പ്യന്‍സ് കപ്പിന്റെ ഫൈനല്‍ വരെ ടീം എത്തിയത് റൊണാള്‍ഡോയുടെ തകര്‍പ്പന്‍ ഫോം കൊണ്ട് തന്നെയാണ്. അവസാന നാല് മത്സരങ്ങളിലും താരം ക്ലബ്ബിന് വേണ്ടി ഗോളടിച്ചിരുന്നു.

എന്നാല്‍ അറബ് കപ്പിന്റെ അധിക സമയത്തിനിടെ കാലിന് പരിക്കേറ്റ് ക്രിസ്റ്റ്യാനോക്ക് കളം വിടേണ്ടിവന്നിരുന്നു. 2016 യൂറോപ്യന്‍ കപ്പ് ഫൈനലിനിടെ പരിക്കേറ്റ ഇടത് കാലിലാണ് ഇത്തവണയും പരിക്കേറ്റത്.

2016 യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ പരിക്കേറ്റ് പിന്മാറിയശേഷം സൈഡ് ബെഞ്ചില്‍ ഇരുന്നായിരുന്നു താരം പോര്‍ച്ചുഗലിന്റെ നേട്ടം ആസ്വദിച്ചത്. സമാന രീതിയായിരുന്നു 2023 അറബ് ക്ലബ് ചാമ്പ്യന്‍സ് കപ്പ് ഫൈനലിലും. മത്സരം തീരാന്‍ അഞ്ച് മിനിട്ട് ബാക്കിനില്‍ക്കേയായിരുന്നു താരം പരിക്കേറ്റ് പുറത്തായത്. പരിക്ക് ഗുരുതരമാണോ എന്ന കാര്യം ഇതുവരെ പുറത്ത് വന്നിട്ടില്ലെങ്കിലും നാളെ നടക്കാനിരിക്കുന്ന 2023 – 2024 സീസണ്‍ സൗദി പ്രൊ ലീഗില്‍ അല്‍ നസര്‍ എഫ് സിയുടെ ആദ്യ പോരാട്ടത്തില്‍ റോണോ ഉണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഇന്ത്യന്‍ സമയം രാത്രി 11.30ന് അല്‍ ഇത്തിഫാഖ് എഫ് സിക്ക് എതിരേയാണ് അല്‍ നസര്‍ എഫ് സിയുടെ ആദ്യ മത്സരം. സീസണില്‍ മികച്ച ഫോമില്‍ തുടരുന്ന ക്രിസ്റ്റ്യാനോ ഇല്ലാതെ ഇറങ്ങുന്നത് അല്‍ നസറിന് കനത്ത തിരിച്ചടിയാകും. 2023 – 2024 സീസണില്‍ ഇതുവരെയായി ആറ് മത്സരങ്ങളില്‍ ആറ് ഗോള്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സ്വന്തമാക്കി. അറബ് ക്ലബ് ചാമ്പ്യന്‍സ് കപ്പ് ഫൈനലില്‍ 78 -ാം മിനിട്ട് മുതല്‍ ഒമ്പത് പേരായി ചുരുങ്ങിയിട്ടും അല്‍ നസറിനെ കിരീടത്തില്‍ എത്തിച്ചത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പ്രകടന മികവ് കൊണ്ടായിരുന്നു.

Content Highlight: Christiano Ronaldo had to leave the field with a leg injury during extra time of the Arab Cup