| Thursday, 28th January 2021, 9:43 pm

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് ഗേള്‍ഫ്രണ്ടിന്റെ ജന്മദിനാഘോഷം; ഫുട്‌ബോള്‍ താരം റൊണാള്‍ഡോയ്‌ക്കെതിരെ വിമര്‍ശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

സൂറിച്ച്: കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ഗേള്‍ഫ്രണ്ടിന്റെ ജന്മദിനമാഘോഷിച്ച് ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കെതിരെ വിമര്‍ശനമുയരുന്നു. നിലവിലെ യാത്ര നിയന്ത്രണങ്ങള്‍ ലംഘിച്ചാണ് റൊണാള്‍ഡോ ഗേള്‍ഫ്രണ്ടിന്റെ ജന്മദിനമാഘോഷിക്കാനെത്തിയത്.

നിയന്ത്രണങ്ങള്‍ ലംഘിച്ച താരം ട്യൂറിന്‍ ആസ്ഥാനത്ത് നിന്ന് 150 കിലോമീറ്റര്‍ അകലെയുള്ള കോര്‍മയൂരിലേക്ക് യാത്ര നടത്തിയതാണ് വിവാദമായത്. എന്നാല്‍ ഈ ആരോപണം താരം നിഷേധിച്ചതായാണ് എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്യുന്നത്.

എന്നാല്‍ അദ്ദേഹത്തിന്റെ ഗേള്‍ഫ്രണ്ടായ ജോര്‍ജീന റോഡ്രിഗസ് റൊണാള്‍ഡോയുമൊത്തുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. വാര്‍ത്ത വിവാദമായതോടെ അവര്‍ ഈ പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു.

എന്നാല്‍ ചില ഇറ്റാലിയന്‍ മാധ്യമങ്ങള്‍ ഈ ഫോട്ടോയുടെ സ്‌ക്രീന്‍ഷോട്ട് പുറത്തുവിട്ടതോടെയാണ് റൊണാള്‍ഡോയ്‌ക്കെതിരെ വിമര്‍ശനമുയര്‍ന്നത്.

ട്യൂറിനില്‍ നിന്നെത്തിയ റൊണാള്‍ഡോ ചൊവ്വാഴ്ച രാത്രിയോടെ ഹില്‍ റിസോര്‍ട്ടിലെത്തുകയും തുടര്‍ന്ന് പിറ്റേദിവസം പ്രദേശത്തെ വിവിധ പ്രദേശങ്ങളില്‍ ഗേള്‍ഫ്രണ്ടിനോടൊപ്പം യാത്ര നടത്തുകയും ചെയ്തിരുന്നുവെന്ന് ഇറ്റാലിയന്‍ മാധ്യമമായ ഗസറ്റ ഡെല്ലോ സ്‌പോര്‍ട്ട് റിപ്പോര്‍ട്ട് ചെയ്തു.

രണ്ടാഴ്ച മുമ്പാണ് റൊണാള്‍ഡോയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ക്വാറന്റീനിലായ അദ്ദേഹത്തിന് ഇക്കഴിഞ്ഞ ദിവസമാണ് കൊവിഡ് നെഗറ്റീവാകുന്നത്.

നിലവിലെ ഇറ്റലിയിലെ കൊവിഡ് നിയന്ത്രണങ്ങള്‍ പ്രകാരം ട്യൂറിന്‍ നഗരം വിട്ട് പുറത്തുപോകാന്‍ പാടില്ല. നിയമം ലംഘിച്ചതിനാല്‍ ഇരുവര്‍ക്കുമെതിരെ 400 ഡോളര്‍ പിഴ ചുമത്തിയതായി അധികൃതര്‍ അറിയിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Christiano Ronaldo Breaks Covid Restriction For Celebrating Girlfriend’s Birthday

We use cookies to give you the best possible experience. Learn more