ന്യൂദൽഹി: ഛത്തീസ്ഗഢിൽ ക്രിസ്തു മതത്തിൽ വിശ്വസിച്ചതിന്റെ പേരിൽ ഗർഭിണിയായ ആദിവാസി യുവതി ആക്രമിക്കപ്പെട്ട സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപതി മുർമുവിന് കത്തെഴുതി ക്രിസ്ത്യൻ സംഘടനകൾ.
2025 ജനുവരിയിൽ ഉണ്ടായ ആക്രമണത്തിൽ ആദിവാസി യുവതിയുടെ ഗർഭസ്ഥ ശിശു മരണപ്പെട്ടിരുന്നു. ഛത്തീസ്ഗഡിലെ ബസ്തറിലെ ബഡേ ബോഡാൽ ഗ്രാമത്തിലാണ് സംഭവം നടന്നത്.
25 വയസ്സുള്ള കുനിക കശ്യപിനാണ് ദാരുണനുഭവം ഉണ്ടായത്. ക്രിസ്തുമത വിശ്വാസപ്രകാരം തന്റെ രോഗിയായ ഒരു ബന്ധുവിനുവേണ്ടി പ്രാർത്ഥിക്കുകയായിരുന്ന അവരെ, ഗ്രാമത്തലവൻ ഗംഗാ റാം കശ്യപും ഭാര്യയും അവരുടെ പ്രായപൂർത്തിയായ മകളും ചേർന്ന് ആക്രമിക്കുകയായിരുന്നു.
ഗ്രാമത്തലവൻ യുവതിയെ പിന്തുടർന്ന് യുവതിയുടെയും ബന്ധുവിനെയും സംഭാഷണം ഫോണിൽ റെക്കോർഡ് ചെയ്യാൻ ശ്രമിച്ചു. ഇത് കണ്ട യുവതി റെക്കോർഡ് ചെയ്യുന്നത് തടഞ്ഞു. തുടർന്ന് പ്രകോപിതനായ ഗ്രാമത്തലവനും ഭാര്യയും മകളും ചേർന്ന് ഒരു മരക്കഷ്ണം കൊണ്ട് യുവതിയെ അടിക്കുകയും വയറിലും നെഞ്ചിലും തലയിലും ചവിട്ടുകയും ചെയ്തു.
ഗുരുതരമായ പരിക്കുകളോടെ അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എങ്കിലും പിന്നീട് യുവതിയുടെ ഗർഭസ്ഥ ശിശു മരണപ്പെട്ടു.
ഗ്രാമത്തിലെ ഏകദേശം 120 കുടുംബങ്ങളിൽ 50 എണ്ണം ക്രിസ്ത്യാനികളാണെന്നും അവർക്ക് നേരെയുള്ള ആക്രമണം ആദ്യത്തെ സംഭവമല്ലെന്നും രാഷ്ട്രപതിക്കയച്ച കത്തിൽ പറയുന്നു.
‘ഗ്രാമത്തിലെ ഏകദേശം 120 കുടുംബങ്ങളിൽ 50 എണ്ണം ക്രിസ്ത്യാനികളാണ്, അതിൽ കുനികയും ഭർത്താവും ഉൾപ്പെടുന്നു, അവർ 20 വർഷത്തിലേറെയായി ക്രിസ്തുമത വിശ്വാസം പിന്തുടരുന്നു. ഈ സംഭവം വളരെ ദുഖകരമാണ്. എന്നാൽ ഇത് ഇത്തരത്തിലുള്ള ആദ്യത്തെ സംഭവമല്ല,’ രാഷ്ട്രപതിക്കുള്ള കത്തിൽ പറയുന്നു.
ഛത്തീസ്ഗഢ്, ജാർഖണ്ഡ്, തമിഴ്നാട്, മണിപ്പൂർ തുടങ്ങിയ സംസ്ഥാനങ്ങളിൽ ക്രിസ്ത്യാനികൾക്കെതിരായി റിപ്പോർട്ട് ചെയ്യപ്പെട്ട നിരവധി അക്രമ സംഭവങ്ങളുടെ പട്ടികയും കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ‘മണിപ്പൂരിലെ സ്ഥിതി പ്രത്യേക ശ്രദ്ധ അർഹിക്കുന്നു, 2023 മെയ് മുതൽ ക്രിസ്ത്യൻ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വിനാശകരമായ രീതിയിൽ വളർന്നിട്ടുണ്ട്,’ കത്തിൽ സംഘടന കൂട്ടിച്ചേർത്തു.
“രാജ്യത്തെ വിശാലമായ ജനവിഭാഗം, രാഷ്ട്രീയ അധികാരികൾ, ജുഡീഷ്യറി, ബ്യൂറോക്രസി, സിവിൽ സമൂഹം പോലും ഈ അക്രമം ശ്രദ്ധിക്കാതെ പോയതായി തോന്നുന്നു, ഒരുപക്ഷേ ക്രിസ്ത്യൻ സമൂഹത്തിന് മൊത്തത്തിൽ നേരിടേണ്ടി വന്ന വലിയ അക്രമത്തെക്കുറിച്ചുള്ള വാർത്തകൾ ദിനംപ്രതി വരുന്നതിനാലാവാം ആരും ഇത് ശ്രദ്ധിക്കാതാകുന്നത്. കുട്ടികൾ, സ്ത്രീകൾ, പുരുഷന്മാർ എന്നിവരെല്ലാം ക്രിസ്തുമതം സ്വീകരിച്ചു എന്നതിന്റെ പേരിൽ ആക്രമിക്കപ്പെടുന്നു ,’ കത്തിൽ പറയുന്നു.
റിപ്പോർട്ട് ചെയ്യപ്പെട്ട എല്ലാ കേസുകളിലും വേഗത്തിലുള്ള അന്വേഷണം ഉറപ്പാക്കുന്നതിനും, ദുർബലരായ ക്രിസ്ത്യൻ സ്ത്രീകൾക്ക് സംരക്ഷണം നൽകുന്നതിനും, അക്രമികൾക്കെതിരെ നടപടിയെടുക്കുന്നതിനും, നിലവിലുള്ള ഭരണഘടനാ സംരക്ഷണങ്ങൾ നടപ്പിലാക്കുന്നതിനും നീതിന്യായ വ്യവസ്ഥയും ഭരണകൂടവും പൊലീസും സംയുക്തമായി പ്രവർത്തിക്കണമെന്ന് സംഘടനകൾ രാഷ്ട്രപതിയോട് അഭ്യർത്ഥിച്ചു.
നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബി.ജെ.പി ആദ്യമായി കേന്ദ്ര സർക്കാർ രൂപീകരിച്ച 2014 മുതൽ ഇത്തരം സംഭവങ്ങളുടെ എണ്ണത്തിൽ കുത്തനെ വർധനയുണ്ടായിട്ടുണ്ടെന്ന് ദി വയർ മുമ്പ് റിപ്പോർട്ട് ചെയ്തിരുന്നു. കൂടാതെ, യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം (യു.സി.എഫ്) അടുത്തിടെ പുറത്തുവിട്ട കണക്കുകൾ പ്രകാരം 2024ൽ ക്രിസ്ത്യാനികൾക്കെതിരായ 834 അക്രമ സംഭവങ്ങൾ നടന്നു. 2023 ൽ ഇത് 734 ആയിരുന്നു.
ക്രിസ്ത്യൻ വിശ്വാസം പിന്തുടരുന്ന അരികുവൽക്കരിക്കപ്പെട്ട ജാതികളിൽ നിന്നുള്ള ആളുകൾക്കെതിരെ ഹിന്ദുത്വ പ്രവർത്തകർ വ്യാജ മതപരിവർത്തന കേസുകൾ ഫയൽ ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടുകൾ കാണിക്കുന്നു.
Content Highlight: Christian Women Leaders Appeal to President Murmu For Intervention Over Targeted Violence