national news
സര്‍വ്വമത സമ്മേളനത്തില്‍ ക്രിസ്ത്യന്‍ പ്രതിനിധികളെ ഒഴിവാക്കി രാഷ്ട്രപതി ഭവന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Oct 27, 03:13 am
Friday, 27th October 2023, 8:43 am

ന്യൂദല്‍ഹി: രാഷ്ട്രപതി ഭവനില്‍ സംഘടിപ്പിച്ച സര്‍വ്വമത സമ്മേളനത്തില്‍ ക്രിസ്തുമത പ്രതിനിധികളെ പങ്കെടുപ്പിച്ചില്ല . ‘എല്ലാവരുടെയും നാഥന്‍ ഒന്ന്’ എന്ന പേരില്‍ ബ്രഹ്മകുമാരിസ് ഈശ്വരിയാ വിശ്വ വിദ്യാലയമാണ് സര്‍വ്വമത സമ്മേളനം സംഘടിപ്പിച്ചത്.

സംഘാടകര്‍ ക്രിസ്തുമത പ്രതിനിധികളെ ആദ്യം ക്ഷണിക്കുകയും പിന്നീട് ക്ഷണം റദ്ദാക്കുകയും ചെയ്തതിനാലാണ് സമ്മേളനത്തില്‍ പങ്കെടുക്കാത്തതെന്ന് ക്രിസ്ത്യന്‍ പ്രതിനിധിയായ എ.സി മൈക്കിള്‍ പറഞ്ഞു.

ആര്‍ച്ച് ബിഷപ്പ് അനില്‍ കുട്ടോ അടക്കം നാലുപേരെയാണ് ഡല്‍ഹി രൂപതയില്‍ നിന്ന് ആദ്യം ക്ഷണിച്ചിരുന്നത്. എന്നാല്‍ രണ്ടുദിവസം മുമ്പ് തങ്ങള്‍ക്കുള്ള ക്ഷണം റദ്ദാക്കിയെന്ന് സംഘാടകര്‍ അറിയിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അനില്‍ കൂട്ടോയ്ക്ക് സംസാരിക്കാന്‍ അവസരം നല്‍കാന്‍ ആവില്ലെന്നും കാഴ്ചക്കാരനായി അദ്ദേഹത്തെ വിളിക്കുന്നത് ശരിയല്ലാത്തതിനാലാണ് ക്ഷണം റദ്ദാക്കിയത് എന്നുമായിരുന്നു സംഘാടകര്‍ അറിയിച്ചത്.

സംഭവം വിവാദമായതോടെ ക്രിസ്ത്യന്‍ പ്രതിനിധികളെ വീണ്ടും ക്ഷണിച്ചെങ്കിലും ക്ഷണം നിരസിക്കുകയായിരുന്നു.

ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ നേരത്തെ രാഷ്ട്രപതിയെ കണ്ട് അനില്‍ കൂട്ടോ നിവേദനം നല്‍കിയിരുന്നു.

സമ്മേളനത്തില്‍ വിവിധ വിശ്വാസധാരകളെകുറിച്ച് പത്ത് മത നേതാക്കള്‍ സംസാരിച്ചു. രാഷ്ട്രപതി ദ്രൗപതി മുര്‍മു ഉപസംഹാര പ്രസംഗം നടത്തി.
ഇസ്ലാം മതത്തെ പ്രതിനിധാനം ചെയ്ത് ജമാഅത്തെ ഇസ്ലാമി ഉപാധ്യക്ഷന്‍ മുഹമ്മദ് സലീം സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി ഹിന്ദ് സെക്രട്ടറി റഹ്മത്തുനിസ, അസിസ്റ്റന്റ് സെക്രട്ടറി മാരായ വാരിസ് ഹുസൈന്‍, ഡോ. ഇഖ്ബാല്‍ സിദ്ധിഖി തുടങ്ങിയവരും സമ്മേളനത്തില്‍ പങ്കെടുത്തു.

Content Highlight: Christian representatives ignored by President’s House