| Sunday, 6th August 2023, 4:27 pm

'അദ്ദേഹം സഹതാരങ്ങളിലും ശ്രദ്ധ ചെലുത്തും'; മെസി-റോണോ ഗോട്ട് ഡിബേറ്റില്‍ എ.സി. മിലാന്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ലയണല്‍ മെസിയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണോ ഗോട്ട് എന്ന വിഷയത്തില്‍ അഭിപ്രായ പ്രകടനവുമായി എ.സി. മിലാന്‍ താരം ക്രിസ്റ്റ്യന്‍ പുലിസിക്. കുട്ടിക്കാലം മുതല്‍ മെസിയെ കണ്ടാണ് വളര്‍ന്നതെന്നും അദ്ദേഹമാണ് ഇഷ്ട താരമെന്നും പുലിസിക് പറഞ്ഞു. എന്നാല്‍ ക്രിസ്റ്റ്യാനോ ആകര്‍ഷണീയനായ കളിക്കാരനാണെന്നും മെസി സഹതാരങ്ങളിലും ശ്രദ്ധ ചെലുത്തുന്നയാളാണെന്നും പുലിസിക് വ്യക്തമാക്കി. ഇ.എസ്.പി.എന്നിനോട് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.

‘മെസിയുടെ കളി കണ്ടാണ് ഞാന്‍ വളര്‍ന്നത്. അദ്ദേഹമാണ് എന്റെ ഫേവറിറ്റ് പ്ലെയര്‍. അദ്ദേഹം സഹതാരങ്ങളെ മെച്ചപ്പെട്ട നിലയില്‍ കളിക്കാന്‍ സഹായിക്കും. ക്രിസ്റ്റ്യാനോയോട് എനിക്ക് വിയോജിപ്പൊന്നുമില്ല. അദ്ദേഹം ആകര്‍ഷണീയനായ കളിക്കാരനാണ്. പക്ഷെ ഇഷ്ടപ്പെട്ട താരം ആരാണെന്ന് ചോദിച്ചാല്‍ ഞാന്‍ മെസിയുടെ പേര് പറയും. കാരണം, ഞാന്‍ അദ്ദേഹത്തെ കണ്ടാണ് വളര്‍ന്നത്,’ പുലിസിക് പറഞ്ഞു.

അതേസമയം, കഴിഞ്ഞ ജനുവരിയിലാണ് റൊണാള്‍ഡോ യൂറോപ്യന്‍ അധ്യായങ്ങള്‍ക്ക് വിരാമമിട്ട് സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസറിലേക്ക് ചേക്കേറിയത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ സംഘര്‍ഷഭരിതമായ ദിനങ്ങളിലൂടെ കടന്നുപോയ റോണോ ക്ലബ്ബുമായി പിരിയുകയും മിഡില്‍ ഈസ്റ്റിലേക്ക് ചേക്കേറുകയുമായിരുന്നു.

രണ്ട് വര്‍ഷത്തെ കരാറില്‍ 200 മില്യണ്‍ യൂറോ വേതനം നല്‍കിയാണ് അല്‍ നസര്‍ താരത്തെ സൈന്‍ ചെയ്യിച്ചത്. സൗദി പ്രോ ലീഗില്‍ അല്‍ നസറിനെ മുന്‍ പന്തിയില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലോക ഫുട്‌ബോളര്‍മാര്‍ക്ക് ലഭിക്കുന്നതില്‍ ഏറ്റവും ഉയര്‍ന്ന മൂല്യം നല്‍കി താരത്തെ അല്‍ നസര്‍ സ്വന്തമാക്കിയത്.

ഈ സീസണിന്റെ അവസാനത്തോടെ ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പി.എസ്.ജിയുമായി പിരിഞ്ഞ മെസി അമേരിക്കന്‍ ക്ലബ്ബിലേക്ക് ചേക്കേറാന്‍ തീരുമാനിക്കുകയായിരുന്നു. യൂറോപ്യന്‍ ലീഗില്‍ നിന്ന് ഇടവേളയെടുത്ത താരം ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ഇന്റര്‍ മിയാമിക്കൊപ്പം എം.എല്‍.എസ് കളിക്കാനാണ് പദ്ധതിയിട്ടത്.

1230 കോടി രൂപയുടെ വേതനത്തില്‍ രണ്ട് വര്‍ഷത്തെ കരാറിലാണ് മെസി ഇന്റര്‍ മിയാമിയുമായി സൈന്‍ ചെയ്യുക. ഇരുകൂട്ടര്‍ക്കും സമ്മതമെങ്കില്‍ കരാര്‍ അവസാനിച്ചതിന് ശേഷം ഒരു വര്‍ഷത്തേക്ക് കൂടി ക്ലബ്ബില്‍ തുടരാനും അവസരമുണ്ട്.

ജൂലൈ 21ന് ഇന്റര്‍ മിയാമി മെസിയെ ആദ്യമായി ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കും. ആധുനിക ഫുട്‌ബോളിലെ ഏറ്റവും മികച്ച താരത്തെ സ്വന്തമാക്കിയതോടെ ലോക ശ്രദ്ധ പിടിച്ചുപറ്റിയ ഇന്റര്‍ മിയാമി മെസിയെ അവതരിപ്പിക്കുന്നതിലൂടെ കൂടുതല്‍ പ്രചാരം നേടാനാണ് പദ്ധതിയിടുന്നത്. അതിനാല്‍ വലിയ രീതിയില്‍ ഇതിഹാസത്തെ അവതരിപ്പിക്കാനാണ് ഇന്റര്‍ മിയാമിയുടെ തീരുമാനം.

Content Highlights: Christian Pulisic praises Lionel Messi

Latest Stories

We use cookies to give you the best possible experience. Learn more