| Monday, 23rd April 2018, 8:32 am

'ഇന്ത്യയുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം ക്രിസ്റ്റ്യന്‍ മിഷണറിമാര്‍; ഇവരാണ് നമ്മുടെ ഐക്യത്തിന് ഭീക്ഷണി: വിവാദ പ്രസ്താവനയുമായി ബി.ജെ.പി എം.പി ഭാരത് സിംഗ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബല്യ: രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയും തകര്‍ക്കുന്നവരാണ് ക്രിസ്റ്റ്യന്‍ മിഷണറിമാരെന്ന വിവാദ പ്രസ്താവനയുമായി ബി.ജെ.പി എം.പി ഭാരത് സിംഗ്. ക്രിസ്റ്റ്യന്‍ മിഷണറി സംഘത്തിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാണ് കോണ്‍ഗ്രസ്സ് പ്രവര്‍ത്തിക്കുന്നതെന്നും അതാണ് രാജ്യത്തിന് ഏറ്റവും വലിയ ഭീഷണിയെന്നാണ് ഭാരത് സിംഗിന്റെ പ്രസ്താവന.

“കോണ്‍ഗ്രസ്സ് നിയന്ത്രിക്കുന്നത് ക്രിസ്റ്റ്യന്‍ മിഷണറിമാരാണ്. കോണ്‍ഗ്രസിന്റെ മാതാവായ സോണിയയും അധ്യക്ഷനായ രാഹുല്‍ ഗാന്ധിയും ഇത്തരം മിഷണറി നിര്‍ദ്ദേശങ്ങളുടെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. ഇതാണ് ഇന്ത്യയ്ക്ക് ഏറ്റവും വലിയ ഭീഷണി”.- ഭാരത് സിംഗ് പറഞ്ഞു.


ALSO READ: ഡ്രൈവര്‍ മുസ്‌ലീം ആയതുകൊണ്ട് ഓല കാബ് കാന്‍സെല്‍ ചെയ്‌തെന്ന് വി.എച്ച്.പി ഐ.ടി സെല്‍ മേധാവി; വര്‍ഗീയ ട്വീറ്റിനെതിരെ വ്യാപക വിമര്‍ശനം


അതേസമയം വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനാധിപത്യപ്രവര്‍ത്തനങ്ങളെ ഒന്നിപ്പിക്കാന്‍ കഴിയാത്തതിന് കാരണവും ക്രിസ്റ്റ്യന്‍ മിഷണറി പ്രവര്‍ത്തനമാണ്. അവിടുത്തെ ജനങ്ങളെ ക്രിസ്തുമതത്തിലേക്ക് മതപരിവര്‍ത്തനം ചെയ്യുന്ന സംഘം വര്‍ധിച്ചുവരികയാണെന്നും ഇത് രാജ്യത്തിന്റെ ഐക്യത്തെയാണ് ബാധിക്കുന്നതെന്നുമാണ് ഭാരത് സിംഗിന്റെ കണ്ടെത്തല്‍.

മുമ്പ് ഭരണഘടനശില്പിയായ അംബേദ്കറുടെ പ്രതിമ തകര്‍ത്തസംഭവത്തില്‍ ക്രിസ്റ്റ്യന്‍ മിഷണറിമാരാണ് ഇതിനു പിന്നിലെന്ന് ഭാരത് സിംഗ് ആരോപിച്ചിരുന്നു.

അതേസമയം, ജസ്റ്റീസ് ലോയക്കേസില്‍ സുപ്രീം കോടതി സ്വീകരിച്ച നടപടിക്കെതിരെ വിമര്‍ശനമുയര്‍ത്തിയ രാഹുല്‍ ഗാന്ധിയുടെ നിലപാടിനെ ഭാരത് സിംഗ് രൂക്ഷമായി വിമര്‍ശിച്ചു. ലോയയുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് കോടതി പറഞ്ഞിട്ടും അതിനെ കോണ്‍ഗ്രസ്സ് എതിര്‍ക്കുന്നത് അമിത് ഷായെ വ്യാജക്കേസില്‍ കുടുക്കാനാണെന്നും ഭാരത് സിംഗ് കുറ്റപ്പെടുത്തി.

We use cookies to give you the best possible experience. Learn more