ഇസ്‌ലാമാബാദ്: വാട്‌സ്ആപ്പിലൂടെ ഇസ്‌ലാം വിരുദ്ധ കവിത പ്രചരിപ്പിച്ചെന്നാരോപിച്ച് ക്രിസ്ത്യന്‍ യുവാവിന് വധശിക്ഷ. പാക് കോടതിയുടേതാണ് നടപടി.
യുവാവിനും കുടുംബത്തിനുമെതിരെ പ്രാദേശിക പുരോഹിതന്മാരുടെ ഭീഷണിയുണ്ടായിരുന്നതിനാല്‍ ജയിലിനുള്ളില്‍വെച്ചായിരുന്നു വിചാരണ നടന്നത്. നദീം ജെയിംസ് എന്ന 35കാരനാണ് ശിക്ഷിക്കപ്പെട്ടത്.
2016 ജൂലൈയിലാണ് നദീം അറസ്റ്റിലായത്. പ്രവാചകന്‍ മുഹമ്മദിനെ മോശമായി ചിത്രീകരിക്കുന്ന സന്ദേശം അയച്ചു എന്ന സുഹൃത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നദീമിന്റെ അറസ്റ്റ്.
എന്നാല്‍ നദീമിനെതിരായ ആരോപണം കെട്ടിച്ചമച്ചതാണെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറയുന്നത്. നദീമും ഒരു മുസ്‌ലിം യുവതിയും തമ്മില്‍ പ്രണയത്തിലാണെന്നും ഈബന്ധത്തില്‍ താല്‍പര്യമില്ലാത്തതിനാലാണ് സുഹൃത്ത് നദീമിനെ കുടുക്കിയതെന്നുമാണ് അദ്ദേഹം ആരോപിക്കുന്നത്. കോടതി വിധിയ്‌ക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
നേരത്തെയും പാകിസ്ഥാനില്‍ മതനിന്ദാക്കുറ്റം ആരോപിച്ച് വധശിക്ഷ വിധിച്ച സംഭവങ്ങളുണ്ടായിരുന്നു. 2017 ഏപ്രിലില്‍ മഷാല്‍ ഖാന്‍ എന്ന വിദ്യാര്‍ഥിയെ മതനിന്ദ ആരോപിച്ച് തല്ലിക്കൊന്നിരുന്നു.