കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി ജോ ജോസഫിന് പിന്തുണ പ്രഖ്യാപിച്ച് ക്രിസ്ത്യന്‍ ലീഗ്. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പ്രഖ്യാപനം. ക്രൈസ്തവ യുവതയ്ക്ക് മധുരമേകാന്‍ കെല്‍പ്പുള്ള ഹൃദയപക്ഷം ഡോക്ടറാണ് ജോ ജോസഫെന്നും കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു. ക്രിസ്ത്യന്‍ ലീഗിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ക്രൈസ്തവ സമുദായത്തിന് കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ ശേഷിയുള്ളയാളെന്ന നിലയ്ക്കാണ് ജോ ജോസഫിനെ പിന്തുണയ്ക്കുന്നതെന്നാണ് ചെയര്‍മാന്‍ ആല്‍ബിച്ചന്‍ മുരിങ്ങയില്‍ അറിയിച്ചത്.
നേരത്തെ ക്രിസ്ത്യന്‍ ലീഗ് സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ആല്‍ബിച്ചന്‍ മുരിങ്ങയില്‍ പ്രഖ്യാപിച്ചിരുന്നു.
‘തെരഞ്ഞെടുപ്പിലും സമുദായത്തിലും തന്നേക്കാള്‍ ഇംപാക്ട് ഉണ്ടാക്കാന്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥി ഡോക്ടര്‍ ജോ ജോസഫിന് കഴിയുമെന്ന തിരിച്ചറിവാണ് ആല്‍ബിച്ചന്റെ പിന്മാറ്റത്തിനു പിന്നില്‍. ഒപ്പം ക്രൈസ്തവ വോട്ടുകള്‍ ഏകീകരിക്കാന്‍ കഴിവുള്ള അതിലുപരി ക്രൈസ്തവ യുവതക്ക് മധുരമേകാന്‍ കെല്‍പ്പുള്ള(നിലവില്‍ കൈപ്പുനീരാണ് പാവങ്ങള്‍ കുടിക്കുന്നത്) ഹൃദയപക്ഷം ഡോക്ടര്‍ ജോ ജോസഫ് നു പിന്തുണയും ക്രിസ്ത്യന്‍ ലീഗ് നേതാവ് ആല്‍ബിച്ചന്‍ പ്രഖ്യാപിച്ചിട്ടുണ്ട്,’ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
ഹെല്‍മെറ്റ് തെരഞ്ഞെടുപ്പ് ചിഹ്നമായി പ്രഖ്യാപിച്ച് പ്രചാരണം ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍, തെരഞ്ഞെടുപ്പില്‍നിന്ന് ആല്‍ബിച്ചന്‍ പിന്മാറുകയാണെന്ന് ക്രിസ്ത്യന്‍ ലീഗ് ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ ഉള്ളടക്കമുള്ള വിവാദ വീഡിയോകളിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞ നേതാവാണ് ആല്‍ബിച്ചന്‍ മുരിങ്ങയില്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലാ, പൂഞ്ഞാര്‍ മണ്ഡലങ്ങളില്‍ മത്സരിച്ചിരുന്നു. പാലായില്‍നിന്ന് 121ഉം പൂഞ്ഞാറില്‍നിന്ന് 205ഉം വോട്ട് നേടിയിരുന്നു. എന്നാല്‍ സ്വന്തം ബൂത്തില്‍ ഒരു വോട്ടുപോലും നേടാന്‍ കഴിഞ്ഞിരുന്നില്ല.
CONTENT HIGHLIGHTS: Christian League announces support for Jo Joseph