| Friday, 6th October 2017, 2:31 pm

'ഹലാല്‍ ഭക്ഷണത്തിന്റെ പേരില്‍ നടക്കുന്നത് ഫുഡ് ജിഹാദ്' മുസ്‌ലീങ്ങള്‍ക്കെതിരെ കടുത്ത വിദ്വേഷ പ്രചരണവുമായി ക്രിസ്ത്യന്‍ ഹെല്‍പ്പ് ലൈന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: “ഹലാല്‍” ഭക്ഷണത്തിന്റെ പേരില്‍ മുസ്‌ലീങ്ങള്‍ക്കെതിരെ കടുത്ത വിദ്വേഷ പ്രചരണവുമായി ക്രിസ്ത്യന്‍ ഹെല്‍പ്പ് ലൈന്‍. “ഫുഡ് ജിഹാദും ഹലാല്‍ ഭക്ഷണവും പിന്നെ അറബി മാന്ത്രികവും” എന്ന തലക്കെട്ടിലുളള ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ക്രിസ്ത്യന്‍ ഹെല്‍പ്പ് ലൈന്‍ മുസ്‌ലീങ്ങള്‍ക്കെതിരെ വിഷംചീറ്റുന്നത്.

കേരളത്തിലെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ വരെ അറേബ്യന്‍ ഫുഡ് വ്യാപിക്കുന്നത് “ജിഹാദികള്‍ നടക്കുന്ന ഫുഡ് ജിഹാദിന്റെ ഭാഗമാണെന്നും ലവ് ജിഹാദിനുവേണ്ടി ഇവര്‍ ഹലാല്‍ ഭക്ഷണം ഉപയോഗിക്കുന്നുണ്ടെന്നും” ആണ് ക്രിസ്ത്യന്‍ ഹെല്‍പ്പ് ലൈനിന്റെ പ്രചരണം.

മുസ്‌ലീങ്ങള്‍ ബിസ്മി ചൊല്ലി കശാപ്പ് ചെയ്യുന്ന ഭക്ഷണത്തില്‍ അറബി മന്ത്രങ്ങള്‍ ഓതിയിട്ടുണ്ടെന്നും അതുകഴിക്കുന്നവരില്‍ ജിന്നുകളുടെ സ്വാധീനം സൃഷ്ടിക്കുന്നുവെന്നാണ് ക്രിസ്ത്യന്‍ ഹെല്‍പ്പ് ലൈന്‍ പ്രചരിപ്പിക്കുന്നത്.

ഹലാല്‍ ഭക്ഷണം അമുസ്‌ലീങ്ങളില്‍ കൈവിഷം പോലെ പ്രവര്‍ത്തിക്കുമെന്നും ഹലാല്‍ ഭക്ഷണം തുടര്‍ച്ചയായി കഴിക്കുന്നവരെ മാനസികമായി സ്വാധീനിക്കാന്‍ മുസ്‌ലീങ്ങള്‍ക്കു കഴിയുമെന്നും പറഞ്ഞുകൊണ്ട് ഇസ്‌ലാം മതത്തിലേക്കുള്ള പരിവര്‍ത്തനവും പെണ്‍കുട്ടികള്‍ ഇസ്‌ലാം മതസ്ഥരെ വിവാഹം കഴിക്കുന്നതുമെല്ലാം ഇതിന്റെ പ്രഭാവമാണെന്നു സമര്‍ത്ഥിക്കാനാണ് ക്രിസ്ത്യന്‍ ഹെല്‍പ്പ് ലൈന്‍ ശ്രമിക്കുന്നത്.

ഹലാല്‍ ഭക്ഷണത്തില്‍ അറബി മാന്ത്രികം ഒാതിയിട്ടുണ്ടെന്നും ഇത് മറ്റുമതസ്ഥരെ സ്വാധീനിക്കാനാണെന്നുമാണ് ഈ പേജിലൂടെ ഇവര്‍ പ്രചരിപ്പിക്കുന്നത്. ഒരു ക്രിസ്ത്യന്‍ പുരോഹിതനും ഹൈന്ദവ പുരോഹിതനും ഇങ്ങനെ പറഞ്ഞിട്ടുണ്ടെന്ന് എടുത്തുപറഞ്ഞാണ് ഈ വ്യാജപ്രചരണം.

“വിവിധതരത്തിലുള്ള അറബി മാന്ത്രികം ഹലാല്‍ ഭക്ഷണത്തിലൂടെ പ്രയോഗിക്കപ്പെടുന്നുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നാണ് ഭൂതോച്ചാടനത്തില്‍ വിദഗ്ദ്ധനായ ഒരു ക്രൈസ്തവ പുരോഹിതന്‍ ലേഖകനോട് പറഞ്ഞത്. ഭദ്രകാളീ സേവയിലൂടെ ബാധ ഒഴിപ്പിക്കുന്ന ഒരു ഹൈന്ദവ പുരോഹിതനും ഇതേ അഭിപ്രായം ലേഖകനോട് പങ്കുവെച്ചു. ” ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

അടുത്തിടെ മുസ്‌ലീം മതസ്ഥരായവരെ വിവാഹം കഴിച്ചതിന്റെയും ഇസ്‌ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തതിന്റെയും പേരില്‍ വാര്‍ത്തകളില്‍ ഇടംനേടിയ സംഭവങ്ങള്‍ മറ്റുമതസ്ഥര്‍ ഹലാല്‍ ഭക്ഷണം കഴിച്ചതിന്റെ ഫലമാണെന്ന് വരുത്തിത്തീര്‍ക്കാനും ഫേസ്ബുക്ക് പോസ്റ്റില്‍ ശ്രമിക്കുന്നുണ്ട്.

“ലവ് ജിഹാദിനിരയാക്കപ്പെട്ട പെണ്‍കുട്ടികള്‍ പലപ്പോളും ഭൂതാവേശിതരെപ്പോലെ പെരുമാറുന്നത് ലേഖകന് നേരിട്ട് അറിവുണ്ട്. അടുത്തിടെ സ്വന്തം അമ്മ കാലില്‍ വീണ് കെട്ടിപ്പിടിച്ച് കരയുമ്പോളും അവരെ പുറം കാലിന് തട്ടിയകറ്റി ജിഹാദികളുടെ ഒപ്പം പോകുന്ന പെണ്‍കുട്ടിയുടെ വീഡിയോ പലരും കണ്ടു കാണുമല്ലോ. കോടതിവിധിയെത്തുടര്‍ന്ന് സ്വന്തം കുടുംബത്തോടൊപ്പം താമസിക്കുന്ന പെണ്‍കുട്ടികള്‍ മാതാപിതാക്കളില്‍നിന്ന് അകന്ന് ഒരു സ്വപ്നലോകത്തെന്ന പോലെ ജീവിക്കുന്നുവെന്നത് പൈശാചികമായ ബന്ധനത്തിന്റെ സൂചനയായിത്തന്നെ കാണേണ്ടതുണ്ട്. ” ഫേസ്ബുക്ക് പോസ്റ്റില്‍  പറയുന്നു.


Also Read: സൗദിവിരുദ്ധ ട്വീറ്റ് ലൈക്ക് ചെയ്തതിന് ലെബനീസ് വനിതാ മേജറിനെ പുറത്താക്കി


ലവ് ജിഹാദ് പോലുള്ള വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി ഇസ്‌ലാം മതത്തിനെ വേട്ടയാടുന്നവര്‍ക്കെതിരെ രംഗത്തുവരുന്ന വലിയൊരു വിഭാഗം ഹിന്ദു, ക്രിസ്ത്യന്‍ സമൂഹത്തെ ഹലാല്‍ ഭക്ഷണമെന്ന വിഷയം ഉപയോഗിച്ചു തന്നെ താറടിച്ചു കാണിക്കാനും ഇവര്‍ ശ്രമിക്കുന്നുണ്ട്. ഇവര്‍ ഇത്തരം വിഷയങ്ങളിലെടുക്കുന്ന നിലപാട് ഹലാല്‍ഭക്ഷണത്തിന്റെ സ്വാധീനമാണെന്ന് വരുത്തിതീര്‍ക്കുകയാണ് ക്രിസ്ത്യന്‍ ഹെല്‍പ്പ് ലൈന്‍ ചെയ്യുന്നത്. ഒപ്പം സസ്യാഹാരികളും ഹലാല്‍ ഭക്ഷണം കഴിക്കാത്തവരുമാണ് ഇത്തരം വിഷയങ്ങളില്‍ മുസ്‌ലീങ്ങള്‍ക്കെതിരെ രംഗത്തുവരുന്നതെന്നും പറഞ്ഞുവെക്കുന്നു.

“സ്വന്തം സമുദായത്തെ ഗുരുതരമായി ബാധിക്കുന്ന ലവ് ജിഹാദ് പോലുള്ള പ്രശ്‌നങ്ങളില്‍പ്പോലും ഹിന്ദു, ക്രിസ്ത്യന്‍ മതങ്ങളിലെ ഭൂരിപക്ഷവും നിസംഗതപുലര്‍ത്തുകയോ ജിഹാദികള്‍ക്ക് അനുകൂലമായ നിലപാടെടുക്കുകയോ ചെയ്യുന്നത് ഈ സ്വാധീനത്തിന്റെ ശക്തിയാലാണെന്നു കരുതുന്നവരുമുണ്ട്. ഇത്തരം വിഷയങ്ങളില്‍ ജിഹാദികള്‍ക്കെതിരായി രംഗത്തുവരുന്നത് സസ്യാഹാരികളും ഹലാല്‍ ഭക്ഷണം കഴിക്കാത്തവരുമാണെന്നത് അവരുടെ വാദങ്ങള്‍ക്ക് തെളിവായി അവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.” ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.


Also Read: കേരളത്തില്‍ പരിപ്പ് വേവിക്കുന്നതിന് മുന്‍പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍; ബി.ജെ.പിയുടെ ജനരക്ഷായാത്രയെ ട്രോളി സ്വാമി സന്ദീപാനന്ദ ഗിരി


ഈ ലേഖനത്തില്‍ പറയുന്ന പൊള്ളത്തരങ്ങളെല്ലാം വിശ്വസിച്ച് ഇസ്‌ലാം വിശ്വാസികള്‍ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി രംഗത്തുവരുന്ന വലിയൊരു വിഭാഗത്തെയും ഇതിനു താഴെയുള്ള കമന്റുകളില്‍ കാണാനാവും. ഇത്തരം വ്യാജപ്രചരണങ്ങള്‍ ഏറ്റെടുക്കുന്ന വലിയൊരു വിഭാഗം ഉണ്ട് എന്നത് ഏറെ ഞെട്ടലുണ്ടാക്കുന്ന വസ്തുതയാണ്.

മതവിദ്വേഷം പടര്‍ത്തുന്ന ഒട്ടേറെ പോസ്റ്റുകളാണ് ഈ പേജുവഴി പ്രചരിപ്പിക്കുന്നത്. യുവജനോത്സവത്തിലെ അറബിക് കലോത്സവവും, ഷാര്‍ജ ശൈഖിന്റെ കേരള സന്ദര്‍ശനവുമെല്ലാം വിദ്വേഷ പ്രചരണത്തിനായി ഇവര്‍ ഉപയോഗിച്ചതായി കാണാം.

We use cookies to give you the best possible experience. Learn more