| Friday, 13th August 2021, 9:49 am

ആലഞ്ചേരി രാജി വെക്കണം, ഇല്ലെങ്കില്‍ പുറത്താക്കാന്‍ വത്തിക്കാന് കത്തയക്കണം; സമരത്തിന് തുടക്കം കുറിക്കുമെന്ന് ക്രിസ്ത്യന്‍ സംഘടനകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയുടെ രാജി ആവശ്യപ്പെട്ട് ക്രൈസ്തവ സംഘടനകള്‍. സീറോ മലബാര്‍ സഭ ഭൂമിയിടപാട് കേസില്‍ വിചാരണ നേരിടാതിരിക്കാനായി ആലഞ്ചേരി നല്‍കിയ ഹരജികള്‍ ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് രാജി ആവശ്യം ഉയര്‍ന്നിരിക്കുന്നത്.

കേരള മെത്രാന്‍ സമിതി അധ്യക്ഷന്‍ സ്ഥാനത്ത് നിന്നും ആലഞ്ചേരി രാജിവെക്കണമെന്നാണ് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഹൈക്കോടതി വിചാരണ നേരിടണമെന്ന് വിധിച്ച ശേഷവും അതേ സ്ഥാനത്ത് തന്നെ തുടരാനാണ് ആലഞ്ചേരിയുടെ തീരുമാനമെങ്കില്‍ പ്രതിഷേധസമരം ആരംഭിക്കുമെന്നും ക്രിസ്ത്യന്‍ കൗണ്‍സില്‍ അറിയിച്ചു. പ്രസിഡന്റ് ഫെലിക്‌സ് ജെ. പുല്ലൂടനാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ആലഞ്ചേരിയെ നിലവിലെ എല്ലാ ചുമതലകളില്‍ നിന്നും മാറ്റണമെന്നാണ് എറണാകുളം അതിരൂപതയിലെ വിശ്വാസികളുടെ കൂട്ടായ്മയായ അല്‍മായ മുന്നേറ്റം ആവശ്യപ്പെട്ടിരിക്കുന്നത്. അദ്ദേഹത്തെ ചുമതലകളില്‍ നിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സീറോ മലബാര്‍ സഭ നേതൃത്വം വത്തിക്കാന് കത്തയക്കണമെന്നും അല്‍മായ മുന്നേറ്റം കണ്‍വീനര്‍ അഡ്വ. ബിനു ജോണും വക്താവ് റിജു കാഞ്ഞൂക്കാരനും ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസമാണ് കര്‍ദിനാളടക്കം കേസിലുള്‍പ്പെട്ടവര്‍ നല്‍കിയ ആറ് ഹരജികള്‍ ഹൈക്കോടതി തള്ളിയത്. കേസില്‍ വിചാരണ നേരിടണമെന്ന എറണാകുളം സെഷന്‍സ് കോടതിയുടെ ഉത്തരവിനെതിരെയായിരുന്നു ഇവര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നത്.

ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ആലഞ്ചേരിയും ഭൂമിയിടപാടില്‍ കുറ്റാരോപിതരായ മറ്റുള്ളവരും ജാമ്യമെടുത്ത് വിചാരണ നേരിടേണ്ടി വരും. ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചാലും സഭക്ക് അനുകൂലമായ നടപടിയുണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

മാര്‍ ജോര്‍ജ് ആലഞ്ചേരിക്കൊപ്പം അതിരൂപത മുന്‍ ഫിനാന്‍സ് ഓഫീസര്‍ ജോഷി പൊതുവ, ഭൂമി വില്‍പനയുടെ ഇടനിലക്കാരന്‍ സാജു വര്‍ഗീസ് എന്നിവരും വിചാരണ നേരിടണമെന്നാണ് ഇപ്പോള്‍ ഉത്തരവായിരിക്കുന്നത്.

എറണാകുളം-അങ്കമാലി അതിരൂപത വിവിധയിടങ്ങളിലായി നടത്തിയ ഭൂമിയിടപാടുകളില്‍ അഴിമതിയും ക്രമക്കേടുകളും കണ്ടെത്തിയത് സഭക്കുള്ളിലും പുറത്തും വലിയ കോളിളക്കമുണ്ടാക്കിയിരുന്നു.

കേസില്‍ എറണാകുളം അതിരൂപതക്കെതിരെ നടപടിയുമായി ആദായ നികുതി വകുപ്പും രംഗത്തെത്തിയിരുന്നു. എറണാകുളം- അങ്കമാലി അതിരൂപത 3.5 കോടി രൂപ കൂടി പിഴയൊടുക്കണമെന്നാണ് ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടത്.

വന്‍ നികുതി തട്ടിപ്പാണ് എറണാകുളം അതിരൂപത നടത്തിയതെന്നും ആദായ നികുതി വകുപ്പ് പറഞ്ഞു. 58 കോടിയുടെ വായ്പ തിരിച്ചടക്കുന്നതിന് വേണ്ടിയാണ് അതിരൂപത ഭൂമി വിറ്റത്. എന്നാല്‍ ഈ കടം തിരിച്ചടക്കാതെ സഭ മറ്റു രണ്ട് സ്ഥലങ്ങള്‍ കൂടി വാങ്ങുകയായിരുന്നു.

ഈ രണ്ട് സ്ഥലം വാങ്ങലുകള്‍ക്കും കൃത്യമായ രേഖകളില്ലെന്നും ആദായ നികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. മൂന്നാറില്‍ ഭൂമി വാങ്ങിയതിനുള്ള പണം എവിടെ നിന്നാണെന്നോ അതിനുള്ള വരുമാനത്തിന്റെ കാര്യത്തിലോ വ്യക്തതയില്ലെന്നും വകുപ്പ് പറയുന്നു.

ഇടനിലക്കാരന്‍ സാജു വര്‍ഗീസിനെ പരിചയപ്പെടുത്തിയത് കര്‍ദിനാളാണെന്നും പ്രൊക്യുറേറ്റര്‍ മൊഴി നല്‍കിയിട്ടുണ്ട്. ഭൂമി മറിച്ചുവില്‍ക്കാന്‍ ഇടപാടുകാരെ കര്‍ദിനാള്‍ നേരിട്ടുകണ്ടുവെന്ന് ഫാ. ജോഷി പുതുവ ആദായ നികുതി വകുപ്പിന് മൊഴി നല്‍കിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഭൂമി മറിച്ചുവിറ്റ് ലാഭമുണ്ടാക്കാന്‍ റിയല്‍ എസ്റ്റേറ്റ് ഇടപാട് നടത്തിയെന്നും ഇടപാടുകള്‍ക്കായി അതിരൂപത അക്കൗണ്ടിലെ പണം വകമാറ്റിയെന്നും ആദായ നികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. കേസിലുള്‍പ്പെട്ടിരിക്കുന്ന ഭൂമിയിടപാടിന്റെ രേഖകളിലൊന്നിലും യഥാര്‍ത്ഥ വിലയല്ല കാണിച്ചിരിക്കുന്നതെന്നും വകുപ്പ് പറയുന്നു.

വില്‍പന നടത്തിയ ഭൂമി സര്‍ക്കാര്‍ പുറമ്പോക്ക് കൈയേറിയതാണെന്ന് കോടതിയും സംശയമുന്നയിച്ചിട്ടുണ്ട്. പൂര്‍ണമായും സിവില്‍ കേസാണിതെന്ന വാദം നിരത്തി തങ്ങള്‍ക്കെതിരെ ചുമത്തിയിരിക്കുന്ന ക്രിമിനല്‍ കേസ് വകുപ്പുകള്‍ ഒഴിവാക്കാനുള്ള ശ്രമത്തിന് കോടതിയുടെ നിരീക്ഷണം തിരിച്ചടിയാകും.

ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച വിവരങ്ങള്‍ രേഖകളിലെവിടെയും വ്യക്തമാക്കാത്തതാണ് കോടതി സംശയത്തിന് കാരണമായി ചൂണ്ടിക്കാണിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Christian groups asks for cardianl Mar George Alencherry’s resignation as the High Court rejects his pleas in Syro Malabar church land case

We use cookies to give you the best possible experience. Learn more