| Tuesday, 15th June 2021, 4:25 pm

'സുഖമായിരിക്കുന്നു, നിങ്ങളുടെ എല്ലാ സന്ദേശങ്ങളും ഞാനും കുടുംബവും വിലമതിക്കുന്നു'; ആശുപത്രി കിടക്കയിലെ ചിത്രം പങ്കുവെച്ച് എറിക്‌സണ്‍

സ്പോര്‍ട്സ് ഡെസ്‌ക്

കോപ്പന്‍ഹേഗ്: ആശുപത്രി കിടക്കയില്‍ നിന്നുള്ള തന്റ ആദ്യ ചിത്രം പങ്കുവെച്ച് ക്രിസ്റ്റ്യന്‍ എറിക്‌സണ്‍. വിഷമഘട്ടത്തില്‍ തന്നോടൊപ്പം നിന്ന എല്ലാവര്‍ക്കും നന്ദി അറിയിക്കുന്ന കുറിപ്പോടെയാണ് ഇന്‍സ്റ്റഗ്രാമില്‍ അദ്ദേഹം സെല്‍ഫി ഷെയര്‍ ചെയ്തത്.

യൂറോ കപ്പ് ഫുട്‌ബോളില്‍ ഫിന്‍ലന്‍ഡിന് എതിരായ മത്സരത്തിനിടെ ഗ്രൗണ്ടില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്നായിരിന്നു ഡെന്‍മാര്‍ക്ക് താരം ക്രിസ്റ്റിയന്‍ എറിക്‌സനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ആശുപത്രിയില്‍ ഇനിയും ചില ചികിത്സകള്‍ ബാക്കിയുണ്ടെന്നും ഇനിയുള്ള മത്സരങ്ങളില്‍ ഡെന്‍മാര്‍ക്കിനെ പുന്തുണക്കാന്‍ താനുണ്ടാകുമെന്നും എറിക്‌സണ്‍ പറഞ്ഞു.

‘എല്ലാവര്‍ക്കും ഹലോ, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിങ്ങളുടെ എല്ലാ സന്ദേശങ്ങള്‍ക്കും നന്ദി. ഞാനും എന്റെ കുടുംബവും ആ സന്ദേശങ്ങളെയെല്ലാം വിലമതിക്കുന്നു. പ്രതിസന്ധി നിറഞ്ഞ ഈ സമയത്ത് ഞാന്‍ സുഖമായിരിക്കുന്നു.

ആശുപത്രിയില്‍ ഇനിയും ചില പരിശോധനകള്‍ ബാക്കിയുണ്ട്. ഇനിയുള്ള മത്സരങ്ങളില്‍ ഡെന്‍മാര്‍ക്കിനായി ആരവമുയര്‍ത്താന്‍ ഞാനുണ്ടാകും,’ എറിക്‌സണ്‍ പറഞ്ഞു.

യൂറോകപ്പില്‍ ഫിന്‍ലന്‍ഡിനെതിരായ ഗ്രൂപ്പ് മത്സരത്തിനിടെ ആദ്യ പകുതിയിലായിരുന്നു എറിക്‌സണ്‍ കുഴഞ്ഞ് വീണത്. ഫിന്‍ലന്‍ഡ് ബോക്സിന് സമീപം സഹതാരത്തില്‍നിന്ന് ത്രോ സ്വീകരിച്ചതിന് തൊട്ടുപിന്നാലെ ഇരുപത്തൊന്‍പതുകാരനായ എറിക്സന്‍ തളര്‍ന്നുവീഴുകയായിരുന്നു. ഇതോടെ ഗ്രൂപ്പ് ബിയിലെ ഡെന്‍മാര്‍ക്ക്- ഫിന്‍ലന്‍ഡ് മത്സരം നിര്‍ത്തിവെച്ചിരുന്നു. പിന്നീട് 2 മണിക്കൂറിന് ശേഷമാണ് മത്സരം പുനരാരംഭിച്ചത്.

അതേസമയം, ക്രിസ്റ്റ്യന്‍ എറിക്സന് മൈതാനത്ത് കുഴഞ്ഞ് വീണതിനുള്ള കാരണം ഹൃദയാഘാതമെന്ന് ഡെന്‍മാര്‍ക്ക് ടീം ഡോക്ടര്‍ നേരത്തെ പറഞ്ഞിരുന്നു. മെഡിക്കല്‍ ടീമിന്റെയും മറ്റ് സ്റ്റാഫുകളുടെയും സഹകരണത്തോടെ എറിക്സനെ വേഗത്തില്‍ തിരിച്ചുകൊണ്ടുവരാന്‍ കഴിഞ്ഞെന്നുമാണ് ബോസെന്‍ പറഞ്ഞിരുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGTS: Christian Eriksson shares his first picture from a hospital bed.

We use cookies to give you the best possible experience. Learn more