| Friday, 15th March 2019, 12:44 pm

ന്യൂസിലാന്‍ഡ് വെടിവെയ്പ്: 40 പേര്‍ കൊല്ലപ്പെട്ടതായി സര്‍ക്കാര്‍; ആക്രമണത്തിന് പിന്നില്‍ വലതുപക്ഷ തീവ്രവാദികള്‍; ലക്ഷ്യം വെച്ചത് അഭയാര്‍ത്ഥികളെയും കുടിയേറ്റക്കാരെയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ രണ്ട് മുസ്‌ലിം പള്ളികളില്‍ ഇന്നുണ്ടായ ഭീകരാക്രമണത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടതായി ന്യൂസിലാന്‍ഡ് സര്‍ക്കാര്‍. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിന് പിന്നില്‍ വലതുപക്ഷ ഭീകരവാദികളാണെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ പറഞ്ഞു.

കൊല്ലപ്പെട്ടവരില്‍ കുടിയേറ്റക്കാരും അഭയാര്‍ത്ഥികളും ഉണ്ടെന്ന് ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജെസിന്‍ഡ ആര്‍ഡേണ്‍ പറഞ്ഞു. ന്യൂസിലാന്റിനെ വീടായി തെരഞ്ഞെടുത്തവരാണ് ഇവരെന്നും ന്യൂസിലാന്‍ഡ് കുടിയേറി വന്നവരുടെ വീട് തന്നെയാണെന്നും ജെസിന്‍ഡ പറഞ്ഞു.

അക്രമികള്‍ക്ക് ന്യൂസിലാന്‍ഡില്‍ സ്ഥാനമില്ലെന്നും ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി പറഞ്ഞു. ന്യൂസിലാന്‍ഡ് ജനസംഖ്യയില്‍ ഒരു ശതമാനമാണ് മുസ്‌ലിംങ്ങളുള്ളത്.

അക്രമവുമായി ബന്ധപ്പെട്ട് മൂന്ന് പുരുഷന്‍മാരെയും ഒരു സ്ത്രീയെയും കസ്റ്റഡിയിലെടുത്തതായി പൊലീസ് പറഞ്ഞു. പിടിയിലാവരില്‍ ഒരാള്‍ ഓസ്‌ട്രേലിയന്‍ പൗരനാണെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ പറഞ്ഞു. അക്രമി വലതുപക്ഷ ഭീകരവാദിയാണെന്നും സ്‌കോട്ട് മോറിസണ്‍ പറഞ്ഞു.

സെന്‍ട്രല്‍ ക്രൈസ്റ്റ് ചര്‍ച്ചിലെ അല്‍നൂര്‍ പള്ളിയിലാണ് ആദ്യം വെടിവെയ്പുണ്ടായത്. ഹെല്‍മെറ്റും കറുത്ത വസ്ത്രവുമണിഞ്ഞ് പള്ളിയില്‍ കയറിയ അക്രമി ആദ്യം പുരുഷന്‍മാര്‍ ഇരിക്കുന്ന ഭാഗത്തും പിന്നെ സ്ത്രീകള്‍ക്ക് നേരെയും മെഷീന്‍ ഗണ്‍ ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു.

സൗത്ത് ഐസ്‌ലാന്‍ഡ് സിറ്റിയിലെ ലിന്‍വുഡ് പള്ളിയിലാണ് രണ്ടാമത്തെ അക്രമമുണ്ടായത്.

വെള്ളിയാഴ്ച ആയതിനാല്‍ രണ്ട് പള്ളികളിലും ആളുകളുണ്ടായിരുന്നു. അല്‍നൂര്‍ പള്ളിയില്‍ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങള്‍ എത്തുന്നതിന് മുമ്പായിരുന്നു അക്രമമുണ്ടായത്. താരങ്ങളെല്ലാം സുരക്ഷിതരാണ്. ക്രൈസ്റ്റ്ചര്‍ച്ചില്‍ നാളെ ന്യൂസിലാന്‍ഡിനെതിരായി ടെസ്റ്റ് മത്സരം കളിക്കുന്നതിനായാണ് ബംഗ്ലാദേശ് ടീം നഗരത്തിലെത്തിയിരുന്നത്.

അക്രമികളിലൊരാള്‍ വെടിവെയ്പിന്റെ ദൃശ്യം ഫേസ്ബുക്കില്‍ ലൈവ് കൊടുത്തിരുന്നു. ഫേസ്ബുക്ക് ഇത് റിമൂവ് ചെയ്തിട്ടുണ്ട്.

We use cookies to give you the best possible experience. Learn more