|

1100 ദിവസങ്ങൾക്ക് ശേഷം എറിക്സൺ അവതരിച്ചു; അവന്റെ ഉയർത്തെഴുന്നേൽപ്പിൽ കയ്യടിച്ച് ഫുട്ബോൾ ലോകം

സ്പോര്‍ട്സ് ഡെസ്‌ക്

യൂറോ കപ്പില്‍ കഴിഞ്ഞ ദിവസം നടന്ന ഡെന്മാര്‍ക്ക് സ്ലൊവേനിയ മത്സരത്തില്‍ ഒരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞിരുന്നു. മത്സരത്തില്‍ ഡെന്‍മാര്‍ക്കിനായി സൂപ്പര്‍ താരം ക്രിസ്ത്യന്‍ ഏറിക്‌സണ്‍ ആണ് ഗോള്‍ നേടിയത്.

മത്സരത്തിന്റെ 12ാം മിനിട്ടില്‍ ആയിരുന്നു താരത്തിന്റെ ഗോള്‍ പിറന്നത്. ഈ ഗോളിന് പിന്നാലെ ആരാധകരില്‍ വലിയ ആവേശമാണ് ഉണ്ടാക്കിയത്. നീണ്ട 1100 ദിവസങ്ങള്‍ക്ക് ശേഷമാണ് യൂറോ കപ്പില്‍ ഡെന്മാര്‍ക്കിനുവേണ്ടി ഏറിക്‌സണ്‍ ഗോള്‍ നേടിയത്.

കഴിഞ്ഞ യൂറോ കപ്പില്‍ ഫിന്‍ലാന്‍ഡിനെതിരെയുള്ള മത്സരത്തില്‍ ഹൃദയാഘാതം മൂലം താരം ഗ്രൗണ്ടില്‍ വീണിരുന്നു. പിന്നീടുള്ള കുറച്ചുകാലം താരം ഫുട്‌ബോളില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. എന്നാല്‍ പിന്നീട് എറിക്‌സണ്‍ അവിശ്വസനീയമായ രീതിയില്‍ ഫുട്‌ബോളിലേക്ക് തിരിച്ചുവരികയായിരുന്നു.

ഒമ്പത് മാസങ്ങള്‍ക്ക് ശേഷം വീണ്ടും എറിക്‌സണ്‍ ഫുട്‌ബോളിലേക്ക് തിരിച്ചുവരികയായിരുന്നു. പിന്നീട് 20 മത്സരങ്ങളിലാണ് എറിക്‌സണ്‍ ബൂട്ട് കെട്ടിയത്. 2022 ഖത്തര്‍ ലോകകപ്പില്‍ മൂന്ന് മത്സരങ്ങളിലും താരം കളിച്ചിട്ടുണ്ട്.

ഇപ്പോള്‍ യൂറോകപ്പില്‍ വീണ്ടും തന്റെ സ്വന്തം രാജ്യത്തിനുവേണ്ടി ആദ്യ ഗോൾ നേടി കൊണ്ട് ശ്രദ്ധേയമാവുകയായിരുന്നു എറിക്‌സണ്‍. ഡെന്മാര്‍ക്കിനായി താരം നേടുന്ന 42ാം ഗോള്‍ ആയിരുന്നു ഇത്.

അതേസമയം ആദ്യപകുതിയിൽ എതിരില്ലാത്ത ഒരു ഗോളിന് മുന്നിട്ടുനിന്ന ഡെന്മാര്‍ക്കിനെതിരെ രണ്ടാം പകുതിയില്‍ 77ാം മിനിട്ടില്‍ എറിക്ക് ഝാന്‍സയിലൂടെ സ്ലൊവേനിയ സമനില ഗോള്‍ നേടുകയായിരുന്നു.

സമനിലയോടെ ഇരു ടീമുകളും ഓരോ പോയിന്റ് വീതം പങ്കുവെക്കുകയായിരുന്നു. അതേസമയം ഗ്രൂപ്പ് സിയില്‍ നടന്ന മറ്റൊരു മത്സരത്തില്‍ ഇംഗ്ലണ്ട് സെര്‍ബിയയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയിരുന്നു.

ജൂണ്‍ 20ന് ഒന്നാം സ്ഥാനത്തുള്ള ഇംഗ്ലണ്ടിനെതിരെയാണ് ഡെന്മാര്‍ക്കിന്റെ അടുത്ത മത്സരം. അന്നേദിവസം തന്നെ നടക്കുന്ന മത്സരത്തില്‍ സ്ലൊവേനിയ സെര്‍ബിയക്കെതിരെയും പന്തു തട്ടും.

Content Highlight: Christain Erikson great Comeback in Football