തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗത്തിന്റെ തീവ്ര വ്യാപനം നടക്കുന്ന സാഹചര്യത്തില്‍ വിശ്വാസികളോട് കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കാനാവശ്യപ്പെട്ട് ക്രിസ്ത്യന്‍ സഭകള്‍. കെ.സി.ബി.സിയും മാര്‍ത്താമ്മോ സഭയും യാക്കോബായ സഭയും ഇതുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ പുറത്തിറക്കി.
സാമൂഹ്യ അകലം പാലിക്കാനും ആള്‍ക്കൂട്ടം ഒഴിവാക്കാനുമുള്ള നിര്‍ദേശങ്ങളാണ് പ്രധാനമായും മൂന്ന് സഭകളും മുന്നോട്ടുവെയ്ക്കുന്നത്.
കുര്‍ബാനകളുടെ ഓണ്‍ലൈന്‍ സംപ്രേഷണം ക്രമീകരിക്കണമെന്ന് മാര്‍ത്തോമ്മാ സഭ പറഞ്ഞു. ശവസംസ്‌കാരത്തിനും വിവാഹത്തിനും പള്ളികള്‍ തുറക്കാമെന്നും മാര്‍ത്തോമ്മാ സഭ സര്‍ക്കുലറില്‍ പറയുന്നു.
വിവാഹം, മാമ്മോദീസ തുടങ്ങിയ ചടങ്ങുകള്‍ മാറ്റിവെയ്ക്കാന്‍ സാധിക്കുന്നതാണെങ്കില്‍ അങ്ങനെ ചെയ്യണമെന്നാണ് യാക്കോബായ സഭ വിശ്വാസികളോട് ആവശ്യപ്പെടുന്നത്. പെരുന്നാളുകളില്‍ ആഘോഷങ്ങളും അലങ്കാരങ്ങളും ഒഴിവാക്കണമെന്നും യാക്കോബായ സഭ പുറത്തുവിട്ട സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു.
സമാനമായ നിര്‍ദേശങ്ങളാണ് കെ.സി.ബി.സിയും മുന്നോട്ടുവെച്ചിരിക്കുന്നത്. കൊവിഡ് സാഹചര്യം മനസ്സിലാക്കി ഇത്തരം നിര്‍ദേശങ്ങളുമായി മുന്നോട്ടുവന്നത് സ്വാഗതാര്‍ഹമാണെന്ന് നിരവധി പേര്‍ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ദിവസം 28,447 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ്-19 സ്ഥിരീകരിച്ചത്. എറണാകുളം 4548, കോഴിക്കോട് 3939, തൃശൂര്‍ 2952, മലപ്പുറം 2671, തിരുവനന്തപുരം 2345, കണ്ണൂര്‍ 1998, കോട്ടയം 1986, പാലക്കാട് 1728, ആലപ്പുഴ 1239, പത്തനംതിട്ട 1171, കാസര്‍കോട് 1110, കൊല്ലം 1080, ഇടുക്കി 868, വയനാട് 812 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.
രണ്ടാംഘട്ട കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ബുധന്‍, വ്യാഴം ദിവസങ്ങളിലായി 2,90,262 സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. ഇതുള്‍പ്പെടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,30,617 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21.78 ആണ്.
കൊവിഡ് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതായി മുഖ്യമന്ത്രി അറിയിച്ചിരുന്നു.
ശനി, ഞായര്‍ ദിവസങ്ങളില്‍ അവശ്യ സര്‍വീസുകള്‍ മാത്രമേ പ്രവര്‍ത്തിക്കൂ എന്നും ആളുകള്‍ പരമാവധി വീട്ടില്‍ തന്നെ ഇരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ശനി, ഞായര്‍ ദിവസങ്ങളില്‍ ഹോട്ടലുകള്‍ക്കും റെസ്റ്റോറന്റുകള്‍ക്കും ഹോം ഡെലിവറി നടത്താം. അത്യാവശ്യഘട്ടങ്ങളില്‍ പൊതുജനത്തിന് ഹോട്ടലുകളില്‍ പോയി ഭക്ഷണം വാങ്ങാവുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനായി സത്യപ്രസ്താവന കയ്യില് കരുതണം
ടെലികോം, ഐടി മാധ്യമപ്രവര്‍ത്തനം, ആശുപത്രികള്‍, പാല്‍, പത്ര വിതരണം, ജല വിതരണം,വൈദ്യുതി എന്നിവയുമായി ബന്ധപ്പെട്ട എന്നിവ മാത്രമായിരിക്കും ശനി ഞായര്‍ ദിവസങ്ങളില്‍ തുറക്കുക.
വിവാഹ ചടങ്ങുകള്‍ക്ക് പോകുന്നവര്‍ ക്ഷണക്കത്തും തിരിച്ചറിയല്‍ കാര്‍ഡുകളും കയ്യില്‍ കരുതണം. കഴിയുന്നതും എല്ലാവരും വീട്ടില്‍ തന്നെ നില്‍ക്കണം. ഈ ദിവസങ്ങള്‍ കുടുംബത്തിന് വേണ്ടി മാറ്റിവെക്കാം, അനാവശ്യ യാത്രകള്‍ ഒഴിവാക്കണം, നേരത്തെ നിശ്ചയിച്ച വിവാഹം നടത്താം. ഹാളുകള്‍ക്കുള്ളില്‍ പരമാവധി 75 പേര്‍ക്കും തുറസായ സ്ഥലങ്ങളില്‍ 150 പേര്‍ക്കുമായിരിക്കും പ്രവേശനം.
മരണാനന്തര ചടങ്ങുകള്‍ക്ക് ആകെ പങ്കെടുക്കാവുന്നവരുടെ എണ്ണം 50 ആണ്. ഇന്നത്തെ സാഹചര്യത്തില്‍ കൂടിയ സംഖ്യയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. ദീര്‍ഘദൂര യാത്രകള്‍ ഒഴിവാക്കണം, വിവാഹം മരണം തുടങ്ങിയ ചടങ്ങുകള്‍ ഏറ്റവും അടുത്ത രോഗിയെ സന്ദര്‍ശിക്കല്‍, ഭക്ഷണം മരുന്ന് എന്നിവ എത്തിക്കാന്‍ അനുവദിക്കും, ഇവര്‍ സ്വന്തമായി തയ്യാറാക്കിയ സത്യപ്രസ്താവന കയ്യില് കരുതണം.
ശനി, ഞായര്‍ ദിവസങ്ങളില്‍ ലോക്ക് ഡൗണിന് സമാനമായ കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തുന്നത്. കൂടുതല്‍ നിയന്ത്രണം തിങ്കളാഴ്ചത്തെ സര്‍വകക്ഷിയോഗത്തിന് ശേഷം തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക