സംസ്ഥാന സ്‌കൂള്‍ കലോത്സവം: മലബാര്‍ ക്രിസ്റ്റിയന്‍ കോളജ് മുഖ്യവേദി
Daily News
സംസ്ഥാന സ്‌കൂള്‍ കലോത്സവം: മലബാര്‍ ക്രിസ്റ്റിയന്‍ കോളജ് മുഖ്യവേദി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 29th November 2014, 1:17 pm

collage1 കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ മുഖ്യവേദിയെച്ചൊല്ലിയുള്ള തര്‍ക്കം അവസാനിച്ചു. മലബാര്‍ ക്രിസ്റ്റിയന്‍ കോളജ് കലോത്സവത്തിന്റെ മുഖ്യവേദിയാകും. മന്ത്രി എം.കെ മുനീറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.

മാനാഞ്ചിറ മൈതാനം മുഖ്യവേദിയാക്കി മത്സരം നടത്തുമെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബ് നേരത്തെ പ്രഖ്യാപിച്ചത്. എന്നാല്‍ മാനാഞ്ചിറ വിട്ടുനല്‍കാനാവില്ലെന്ന് കോഴിക്കോട് മേയര്‍ പ്രഫ എം.കെ പ്രേമജവും എ. പ്രദീപ്കുമാര്‍ എം.എല്‍.എയും വ്യക്തമാക്കിയതോടെ മുഖ്യവേദിയെച്ചൊല്ലി ആശങ്കയുയര്‍ന്നു.

മുമ്പ് മാനാഞ്ചിറ മൈതാനം കലോത്സവത്തിന് വിട്ടുനല്‍കിയതുമൂലം ലക്ഷങ്ങളാണ് നവീകരണപ്രവൃത്തികള്‍ക്കായി ചിലവഴിക്കേണ്ടിവന്നതെന്നും നഗരസഭ ചൂണ്ടിക്കാട്ടിയിരുന്നു. 65ലക്ഷം രൂപ മുടക്കി മോടിപിടിപ്പിച്ച മാനാഞ്ചിറ നശിപ്പിക്കരുതെന്നാരോപിച്ച് പ്രതിഷേധങ്ങളും ഉയര്‍ന്നിരുന്നു.

മാനാഞ്ചിറയ്ക്ക് പകരം സ്വപ്‌നനഗരിയോ, കോഴിക്കോട് ബീച്ചോ മുഖ്യവേദിയായി പരിഗണിച്ചിരുന്നു. എന്നാല്‍ സ്വപ്‌നനഗരിയിലേക്ക് ഗതാഗത സൗകര്യം ഇല്ലെന്നാണ് അധികൃതര്‍ പറയുന്നത്. കനോലി കനാല്‍ ഉള്ളതിനാല്‍ അപകട സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയിരുന്നു. ഇതേത്തുടര്‍ന്നാണ് ക്രിസ്റ്റ്യന്‍ കോളജ് മുഖ്യവേദിയാക്കാന്‍ തീരുമാനിച്ചത്. കനത്തവെയിലും കടല്‍ക്കാറ്റും പരിപാടികള്‍ക്ക് ഭീഷണിയാകുമെന്ന നിഗമനത്തില്‍ ബീച്ച് ഒഴിവാക്കുക.

അതേസമയം, കലോത്സവത്തിന്റെ സംഘാടക സമിതി ചെയര്‍പേഴ്‌സണായി എ.കെ പ്രേമജത്തെ ചുമതലപ്പെടുത്തി. കലോത്സവത്തിന്റെ പരിഷ്‌കരിച്ച മാന്വല്‍ പ്രകാരം മുഖ്യവേദി സ്ഥിതി ചെയ്യുന്ന മണ്ഡലത്തിന്റെ എം.എല്‍.എയാണ് സംഘാടകസമിതി ചെയര്‍മാന്‍ ആകുക. അതുപ്രകാരം എം.കെ മുനീറായിരുന്നു ചെയര്‍മാന്‍ സ്ഥാനത്തേക്ക് വരേണ്ടത്. എന്നാല്‍ ചെയര്‍മാനാകാന്‍ മുനീറും പ്രദീപ്കുമാറും വിസമ്മതിച്ചതോടെ എ.കെ പ്രേമജത്തെ ചുമതലപ്പെടുത്തുകയായിരുന്നു.

ഉന്നതതലയോഗത്തില്‍ മേയര്‍ എ.കെ.പ്രേമജം, എ.പ്രദീപ്കുമാര്‍ എം.എല്‍.എ, ഡി.പി.ഐയുടെ ചുമതലയുളള എല്‍.രാജന്‍, ഉന്നത ഉദ്യോഗസ്ഥര്‍, അധ്യാപകസംഘടന പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.