| Wednesday, 27th December 2023, 9:25 am

ബോക്‌സിങ് ഡേ ഹാട്രിക്; ഇതിഹാസങ്ങൾക്കൊപ്പം ഇനി അവന്റെ പേരും എഴുതപ്പെടും

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ബോക്‌സിങ് ഡേയില്‍ നടന്ന മത്സരത്തില്‍ ന്യൂകാസില്‍ യുണൈറ്റഡിന് തോല്‍വി. നോട്ടിങ്ഹാം ഫോറസ്റ്റ് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ന്യൂകാസില്‍ യുണൈറ്റഡിനെ തകര്‍ത്തു വിട്ടത്. നോട്ടിങ്ഹാം ഫോറസ്റ്റിനായി തകര്‍പ്പന്‍ ഹാട്രിക് നേടി മിന്നും പ്രകടനമാണ് ന്യൂസിലാന്‍ഡ് താരം ക്രിസ് വുഡ് നടത്തിയത്.

ഈ ഹാട്രിക്കിന് പിന്നാലെ ചരിത്രപരമായ ഒരു നേട്ടമാണ് ക്രിസ് വുഡിനെ തേടിയെത്തിയത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ ബോക്‌സിങ് ഹാട്രിക് നേടുന്ന ഏഴാമത്തെ താരം എന്ന നേട്ടമാണ് വുഡ് സ്വന്തം പേരില്‍ കുറിച്ചത്. പ്രീമിയര്‍ ലീഗില്‍ ആറു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബോക്‌സിങ് ഡേയില്‍ ഒരു ഹാട്രിക് പിറക്കുന്നത്.

ഇതിനുമുമ്പ് ബോക്‌സിങ് ഡേയില്‍ ഹാട്രിക് നേടിയത് ഇംഗ്ലീഷ് സൂപ്പര്‍താരം ഹാരി കെയ്ന്‍ ആയിരുന്നു. 2017ല്‍ ടോട്ടന്‍ഹാം ഹോട്‌സ്പറിന് വേണ്ടി കളിക്കുന്ന സമയത്ത് ആയിരുന്നു കെയ്ന്‍ ആണ് ഈ നേട്ടം സ്വന്തമാക്കിയത്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ബോക്‌സിങ് ഡേയില്‍ ഹാട്രിക് നേടിയ താരങ്ങള്‍

(താരം, വര്‍ഷം, ക്ലബ്ബ് എന്നീ ക്രമത്തില്‍)

കെവിന്‍ ഫിലിപ്പ്-2000, സണ്ടര്‍ലാന്‍ഡ്

തിയറി ഒന്റ്‌റി-2000, ആഴ്സണല്‍

റോബി ഫൗലെര്‍- 2001, ലീഡ്സ് യുണൈറ്റഡ്

ദിമിതാര്‍ ബെര്‍ബെറ്റോവ്-2011, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

ഗാരത് ബെയ്ല്‍-2012, ടോട്ടന്‍ഹാം ഹോട്ട്‌സ്പര്‍

ഹാരി കെയ്ന്‍-2017, ടോട്ടന്‍ഹാം ഹോട്ട്‌സ്പര്‍

ക്രിസ് വുഡ്-2023, നോട്ടിങ്ഹാം ഫോറസ്റ്റ്

ന്യൂകാസിലിന്റെ ഹോം ഗ്രൗണ്ടായ സെന്റ് ജെയിംസ് പാര്‍ക്ക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 4-3-3 എന്ന ഫോര്‍മേഷനിലാണ് ന്യൂകാസില്‍ കളത്തിലിറങ്ങിയത്. അതേസമയം മറുഭാഗത്ത് 4-2-3-1 എന്ന ശൈലിയും ആയിരുന്നു നോട്ടിങ്ഹാം ഫോറസ്റ്റ് പിന്തുടര്‍ന്നത്.

മത്സരത്തിന്റെ 23ാം മിനിട്ടില്‍ ലഭിച്ച പെനാല്‍ട്ടി കൃത്യമായി ലക്ഷ്യത്തിലെത്തിച്ചുകൊണ്ട് അലക്‌സാണ്ടര്‍ ഐസക്കിലൂടെ ന്യൂകാസില്‍ ആണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍ ക്രിസ് വുഡിന്റെ തകര്‍പ്പന്‍ ഹാട്രിക്കിന് മുന്നില്‍ ന്യൂകാസില്‍ കീഴടങ്ങുകയായിരുന്നു. 45+1′, 53′, 60′ എന്നീ മിനിട്ടുകളിലായിരുന്നു വുഡിന്റെ മൂന്ന് ഗോളുകള്‍ പിറന്നത്.

ജയത്തോടെ 19 മത്സരങ്ങളില്‍ നിന്നും നാല് വിജയവും അഞ്ചു സമനിലയും പത്ത് തോല്‍വിയും അടക്കം 17 പോയിന്റുമായി പതിനാറാം സ്ഥാനത്താണ് നോട്ടിങ്ഹാം. അതേസമയം ന്യൂകാസില്‍ ഇത്ര തന്നെ മത്സരങ്ങളില്‍ നിന്നും 29 പോയിന്റുമായി എട്ടാം സ്ഥാനത്താണ്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗല്‍ ഡിസംബര്‍ 30ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെയാണ് നോട്ടിങ്ഹാമിന്റെ അടുത്ത മത്സരം. അതേസമയം ജനുവരി രണ്ടിന് ന്യൂകാസില്‍ യുണൈറ്റഡ് ലിവര്‍പൂളിനെയും നേരിടും.

Content Highlight: Chris Wood become the seventh player to score a hat-trick in the Premier League on Boxing Day.

We use cookies to give you the best possible experience. Learn more