ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ മൂന്നാം മത്സരം ഫെബ്രുവരി 15 മുതല്‍ 19 വരെയാണ് നടക്കുന്നത്. ഈ മത്സരത്തില്‍ ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിയും പേസര്‍ ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍ ഇല്ല. വ്യക്തിഗതമായ കാരണങ്ങള്‍ കൊണ്ട് കോഹ്‌ലി ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു.
ഈ സാഹചര്യത്തില്‍ പരമ്പരയിലെ കോഹ്‌ലിയുടെ അഭാവത്തെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ക്രിസ് വോക്‌സ്. എം.എന്‍.ഐയോട് സംസാരിക്കുകയായിരുന്നു ഇംഗ്ലീഷ് ഓള്‍ റൗണ്ടര്‍.
‘ഈ പരമ്പരയില്‍ വിരാടിന്റെ അഭാവം ആരാധകരില്‍ വലിയ രീതിയില്‍ അനുഭവപ്പെടും. അദ്ദേഹത്തിന് ക്ഷേമത്തിനായി ഞാന്‍ വളരെയധികം ആഗ്രഹിക്കുന്നുണ്ട്. കോഹ്‌ലിയുടെ കുടുംബം നല്ല ആരോഗ്യത്തോടെ ഇരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അവന്‍ ക്രിക്കറ്റിലേക്ക് തിരിച്ചു വരുന്ന സമയം ഒരു പോസിറ്റീവ് മാനസികാവസ്ഥയില്‍ എത്തും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. കോഹ്‌ലി നിരവധി മത്സരങ്ങള്‍ കളിക്കുന്നത് കാണാന്‍ കാത്തിരിക്കുകയാണ്,’ വോക്സ് പറഞ്ഞു.
നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റ് പരമ്പരയിലെ ആവേശത്തെക്കുറിച്ചും ഇംഗ്ലണ്ട് ഓള്‍ഡൗണ്ടര്‍ പറഞ്ഞു.
‘ഈ പരമ്പര വളരെ ആകര്‍ഷകം ഉള്ളതാണ്. ഇംഗ്ലണ്ട് താരങ്ങള്‍ ഇന്ത്യയില്‍ വന്നു കളിക്കുന്നത് നന്നായി ആസ്വദിക്കുന്നുണ്ടെന്ന് എനിക്ക് ഉറപ്പാണ്. ക്രിക്കറ്റിന് വളരെയധികം പ്രാധാന്യമുള്ള ഒരു സ്ഥലമാണിത്. കൂടുതല്‍ ആവേശകരമായ ടെസ്റ്റ് മത്സരങ്ങൾ ഇനിയും ഇവിടെ ഉണ്ടാകും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,’ വോക്സ് പറഞ്ഞു.
ഇന്ത്യന്‍ ജസ്പ്രീത് ബുംറയുടെ പ്രകടനങ്ങളെ വോക്സ് പ്രശംസിക്കുകയും ചെയ്തു.
‘രണ്ടാം ടെസ്റ്റ് മത്സരത്തില്‍ ജസ്പ്രീത് ബുംറ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. നിലവില്‍ എല്ലാ ഫോര്‍മാറ്റിലും അദ്ദേഹം ഒരു മികച്ച താരമാണ്. ഈ സാഹചര്യങ്ങളില്‍ ഫാസ്റ്റ് ബൗളിങ്ങിന്റെ പ്രകടനമാണ് പ്രത്യേകിച്ചും കാണാന്‍ സാധിക്കുന്നത്,’ വോക്സ് കൂട്ടിച്ചേര്‍ത്തു.
അതേസമയം അഞ്ചു മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ ഇരുടീമുകളും ഓരോ വിജയം വീതം സ്വന്തമാക്കി പരമ്പരയില്‍ ഒപ്പത്തിനൊപ്പം ആണ്. രാജക്കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ മൂന്നാം ടെസ്റ്റിന് തിരിതെളിയുമ്പോള്‍ ആവേശം വാനോളം ഉയരുമെന്ന് ഉറപ്പാണ്.
Content Highlight: Chris Woakes talks about Virat kohli absence against England.