| Wednesday, 8th November 2023, 7:20 pm

'മാത്യൂസില്‍ നിന്നും പഠിച്ച പാഠം'; ടൈംഡ് ഔട്ടില്‍ പുറത്താകാതിരിക്കാന്‍ ബുദ്ധി പ്രയോഗിച്ച് വോക്‌സ്

സ്പോര്‍ട്സ് ഡെസ്‌ക്

2023 ലോകകപ്പിലെ ഇംഗ്ലണ്ട് – നെതര്‍ലന്‍ഡ്‌സ് മത്സരം മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കുകയാണ്. ഇംഗ്ലണ്ട് ഉയര്‍ത്തിയ പടുകൂറ്റന്‍ സ്‌കോര്‍ നെതര്‍ലന്‍ഡ്‌സ് ചെയ്‌സ് ചെയ്യുകയാണ്.

ഇംഗ്ലണ്ട് ഇന്നിങ്‌സിലെ രസകരമായ സംഭവമാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാകുന്നത്. ടൈംഡ് ഔട്ടിലൂടെ പുറത്താകാതിരിക്കാന്‍ ഇംഗ്ലണ്ട് സൂപ്പര്‍ താരം ക്രിസ് വോക്‌സ് സ്വീകരിച്ച മുന്‍കരുതലാണ് ആരാധകര്‍ ആഘോഷമാക്കുന്നത്.

ടൈംഡ് ഔട്ടിലൂടെ പുറത്താകാതിരിക്കാന്‍ തന്റെ ഹെല്‍മെറ്റിന് കേടുപാടുകളുണ്ടെന്ന് അമ്പയറോട് പറയുകയായിരുന്നു. താരം ഹെല്‍മെറ്റ് അമ്പയറിനെ കാണിക്കുകയും ഇക്കാര്യം പറയുന്നതുമായ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

ഇതിനിടെ ടൈംഡ് ഔട്ടായി പുറത്താകാതിരിക്കാന്‍ എത്ര സമയമുണ്ടെന്ന് വോക്‌സ് തമാശപൂര്‍വം അമ്പയറോട് ചോദിക്കുകയും ചെയ്തിരുന്നു.

ലോകകപ്പില്‍ തിങ്കളാഴ്ച നടന്ന ശ്രീലങ്ക – ബംഗ്ലാദേശ് മത്സരത്തിലാണ് ലങ്കന്‍ സൂപ്പര്‍ താരം ഏയ്ഞ്ചലോ മാത്യൂസ് ടൈംഡ് ഔട്ടായി പുറത്താകുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇത്തരത്തില്‍ പുറത്താകുന്ന ആദ്യ താരമായും ഇതോടെ മാത്യൂസ് മാറി.

ഹെല്‍മെറ്റിന് കേടുപാട് വന്നതിനാല്‍ കൃത്യസമയത്ത് ഗാര്‍ഡ് സ്വീകരിക്കാതിരിക്കുകയും ആദ്യ പന്ത് നേരിടുകയും ചെയ്യാതിരുന്നതോടെയാണ് മാത്യൂസിനെതിരെ ബംഗ്ലാദേശ് നായകന്‍ ഷാകിബ് അല്‍ ഹസന്‍ അപ്പീല്‍ ചെയ്യുകയും അനുകൂല വിധി സമ്പാദിക്കുകയും ചെയ്തത്. ഇതിന് പിന്നാലെ വ്യാപക വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.

അതേസമയം, വോക്‌സ് മത്സരത്തില്‍ അര്‍ധ സെഞ്ച്വറിയും പൂര്‍ത്തിയാക്കിയിരുന്നു. 54 പന്തില്‍ 51 റണ്‍സടിച്ചാണ് വോക്‌സ് പുറത്തായത്. വോക്‌സിന് പുറമെ ഡേവിഡ് മലന്‍ അര്‍ധ സെഞ്ച്വറി തികച്ചപ്പോള്‍ സെഞ്ച്വറിയടിച്ചാണ് സ്‌റ്റോക്‌സ് ഇംഗ്ലണ്ട് ഇന്നിങ്‌സില്‍ നിര്‍ണായകമായത്.

ഇംഗ്ലണ്ട് ഉയര്‍ത്തിയ 340 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ നെതര്‍ലന്‍ഡ്‌സിന് 20 റണ്‍സിനിടെ ആദ്യ രണ്ട് വിക്കറ്റുകളും നഷ്ടമായിരിക്കുകയാണ്. നിലവില്‍ ഒമ്പത് ഓവര്‍ പിന്നിടുമ്പോള്‍ 22 റണ്‍സിന് രണ്ട് എന്ന നിലയിലാണ് നെതര്‍ലന്‍ഡ്‌സ്.

Content Highlight: Chris Woakes shows his helmet to umpire to avoid Timed Out

Latest Stories

We use cookies to give you the best possible experience. Learn more