ഇംഗ്ലണ്ടിനെ സംബന്ധിച്ച് ഇന്നത്തെ ദിനം നിര്‍ണായകമാണ്. ഇനിയുള്ള ദിവസങ്ങളില്‍ ബാറ്റിങ് നിര അവസരത്തിനൊത്ത് ഉയര്‍ന്നിട്ടില്ലെങ്കില്‍ അവര്‍ക്കത് വലിയ ക്ഷീണമാകും. ലോക ടെസ്റ്റ് ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയെ തോല്‍പ്പിക്കാന്‍ ഇതിലും മികച്ചൊരു അവസരം ഇനിയവര്‍ക്ക് കിട്ടിക്കൊള്ളണമെന്നില്ല.
പരമ്പരയെ 2-1 എന്ന നിലയിലേക്ക് എത്തിക്കാനും കപ്പ് തിരിച്ചുപിടിക്കാനുമുള്ള അവരുടെ എല്ലാ സാധ്യതകളും ബാറ്റര്‍മാരിലേക്ക് ചുരുങ്ങിയിരിക്കുകയാണ്. ആദ്യ രണ്ട് ടെസ്റ്റുകളില്‍ നിന്ന് വ്യത്യസ്തമായി ഇംഗ്ലീഷ് ബൗളിങ് ഡിപ്പാര്‍ട്ട്‌മെന്റ് രണ്ടിന്നിങ്‌സിലും നന്നായി പണിയെടുത്തപ്പോള്‍ ഓസീസിന് 263, 224 എന്നീ സ്‌കോറുകളില്‍ പുറത്താകേണ്ടി വന്നു.
രണ്ടിന്നിംഗ്‌സിലുമായി ഏഴ് വിക്കറ്റെടുത്ത മാര്‍ക്ക് വുഡും, ആറ് വിക്കറ്റെടുത്ത ക്രിസ് വോക്‌സും, അഞ്ച് വിക്കറ്റെടുത്ത സ്റ്റ്യുവര്‍ട്ട് ബ്രോഡും ഓസീസ് ബാറ്റര്‍മാരെ നിലയുറപ്പിച്ച് കളിക്കാന്‍ അനുവദിച്ചിരുന്നില്ല.
ഇനിയാണ് ആവേശകരമായ റണ്‍ ചേസ് വരാനുള്ളത്. മൂന്നാം ആഷസ് ടെസ്റ്റിന്റെ നാലാം ദിനം കംഗാരുപ്പടക്കെതിരെ ജയിക്കണമെങ്കില്‍ ഇംഗ്ലീഷ് ടീമിന് വേണ്ടത് പത്ത് വിക്കറ്റ് ശേഷിക്കെ 224 റണ്‍സ് കൂടിയാണ്. ബൗളര്‍മാരെ തുണക്കുന്ന ഹെഡ്ഡിങ്‌ലിയിലെ പിച്ചില്‍ അവസാന രണ്ട് ദിവസങ്ങളില്‍ ഇംഗ്ലണ്ട് ബാറ്റര്‍മാര്‍ പുറത്തെടുക്കുന്ന ക്യാരക്ടറാണ് ടൂര്‍ണമെന്റില്‍ അവരുടെ വിധി നിശ്ചയിക്കുക.
ഇക്കാര്യം ഇംഗ്ലീഷ് ടീമിലെ സഹതാരങ്ങള്‍ക്ക് പേസര്‍ ക്രിസ് വോക്‌സ് തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജയിക്കാനായി ടീമംഗങ്ങള്‍ ബെന്‍ സ്റ്റോക്‌സിനെ മാത്രം എപ്പോഴും ആശ്രയിച്ച് കളിക്കരുതെന്നാണ് വോക്‌സ് പറയുന്നത്.
‘അങ്ങനെയാണെങ്കില്‍ കളി കുറച്ചുകൂടി ഈസിയായി മാറും. ബെന്‍ ഒരു സൂപ്പര്‍മാന്‍ ആണെന്ന് സമ്മതിക്കുമ്പോഴും, അദ്ദേഹത്തിനത് എപ്പോഴും ആവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് തിരിച്ചറിയുന്നു. ബോര്‍ഡില്‍ ഒന്ന് മുതല്‍ 11ാം സ്ഥാനം വരെയുള്ളവര്‍ അവരുടെ കടമ നിര്‍വഹിക്കേണ്ടതുണ്ട്.
അങ്ങനെയേ ലക്ഷ്യം മറികടക്കാനാകൂ. സ്‌പെഷ്യല്‍ ഇന്നിങ്‌സുകള്‍ കാഴ്ചവെക്കാനുള്ള അവസരമാണിത്. അതിലൊരു എക്‌സൈറ്റ്‌മെന്റുണ്ട്. ഒരു സ്‌കോര്‍ ചേസ് ചെയ്യുന്നതിന്റെ ആവേശത്തിലാണ് ഞങ്ങള്‍.
അതിലൂടെ ടെസ്റ്റ് ജയിച്ച് പരമ്പരയില്‍ ഞങ്ങള്‍ക്ക് നിലനില്‍ക്കാനുള്ള അവസരമാണിത്. ഓസീസിന് വേണ്ടത് വെറും പത്ത് വിക്കറ്റാണ്. ഞങ്ങള്‍ക്കാകട്ടെ 250ല്‍ താഴെയൊരു സ്‌കോറും. അതിനാല്‍ ഇന്നത്തെ മത്സരം രസകരമാകും,’ ക്രിസ് വോക്‌സ് പറഞ്ഞു.