മുഹമ്മദ് സലയുടെ അഭാവത്തില്‍ സൂപ്പര്‍ താരം ഡാര്‍വിന്‍ നൂന്യാസ് ലിവര്‍പൂളിനായി മത്സരത്തെ മുമ്പോട്ട് കൊണ്ടുപോകുമെന്ന് ഫുട്‌ബോള്‍ പണ്ഡിറ്റ് ക്രിസ് സട്ടണ്‍. ആഫ്‌കോണ്‍ ഡ്യൂട്ടിക്കായി സൂപ്പര്‍ താരം മുഹമ്മദ് സല പോകുന്നതിനാല്‍ നൂന്യാസായിരിക്കും റെഡ്‌സിന്റെ ആക്രമണ നിരക്ക് കരുത്താവുക.
സീസണില്‍ വളരെ മികച്ച പ്രകടനമാണ് മുഹമ്മദ് സല നടത്തുന്നത്. 27 മത്സരത്തില്‍ നിന്നും ഇതിനോടകം 18 ഗോള്‍ നേടുകയും ഒമ്പത് ഗോള്‍ നേട്ടത്തില്‍ പങ്കാളിയാവുകയും ചെയ്തിട്ടുണ്ട്.
പ്രീമിയര്‍ ലീഗില്‍ 20 മത്സരത്തിന് ശേഷം ലിവര്‍പൂളിനെ പോയിന്റ് പട്ടികയുടെ തലപ്പത്തെത്തിക്കുന്നതില്‍ മികച്ച പങ്കാണ് താരം വഹിച്ചത്. ഈ 20 മത്സരത്തിലും ലിവര്‍പൂളിന് വേണ്ടി കളത്തിലിറങ്ങിയ സല 14 ഗോളും എട്ട് അസിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്.
താരം നാഷണല്‍ ഡ്യൂട്ടിക്കായി പോവുകയാണെങ്കിലും അത് ലിവര്‍പൂളിനെ ബാധിക്കാതെ നോക്കാന്‍ ഡാര്‍വിന്‍ നൂന്യാസിന് സാധിക്കുമെന്ന് സട്ടണ്‍ പറഞ്ഞു. ഒരു മത്സരത്തില്‍ നൂന്യാസ് അഞ്ച് ഗോളടിക്കുമെന്നും മുന്‍ താരം അഭിപ്രായപ്പെട്ടു.
ഫാന്റസി 606 പോഡ്കാസ്റ്റിലെ സട്ടണിന്റെ വാക്കുകളെ ഉദ്ധരിച്ച് ടി.ബി.ആറാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
‘ഡാര്‍വിന്‍ നൂന്യാസിനെയാണ് ഞാന്‍ തെരഞ്ഞെടുക്കുന്നത്. ഒരു മത്സരത്തില്‍ അവന്‍ അഞ്ച് ഗോള്‍ നേടും,’ സട്ടണ്‍ പറഞ്ഞു.
ബെന്‍ഫിക്കയില്‍ നിന്നും 70 മില്യണ്‍ പൗണ്ടിനാണ് നൂന്യാസ് ആന്‍ഫീല്‍ഡിലെത്തിയത്. പ്രീമിയര്‍ ലീഗിലെ 19 മത്സരത്തില്‍ റെഡ്‌സിനായി കളത്തിലിറങ്ങിയ താരം അഞ്ച് ഗോളും ആറ് അസിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്.
ഇഎഫ്.എല്ലിലെയും യുവേഫ യൂറോപ്പ ലീഗിലെയും ഒമ്പത് മത്സരത്തില്‍ നിന്നും മൂന്ന് ഗോളും രണ്ട് അസിസ്റ്റും താരം തന്റെ പേരില്‍ കുറിച്ചിട്ടുണ്ട്.
ജനുവരി 14 മുതല്‍ ഫെബ്രുവരി 11 വരെയാണ് ആഫ്‌കോണ്‍ കപ്പ് നടക്കുന്നത്. ഒരുപക്ഷേ മുഹമ്മദ് സലയും സംഘവും ടൂര്‍ണമെന്റിന്റെ ഫൈനലില്‍ പ്രവേശിക്കുകയാണെങ്കില്‍ ലിവര്‍പൂളുമൊത്തുള്ള അഞ്ച് മത്സരങ്ങള്‍ റെഡ്‌സിന്റെ തുറുപ്പുചീട്ടിന് നഷ്ടമാകും.
ആഫ്‌കോണ്‍ കപ്പിന്റെ ഗ്രൂപ്പ് ബി-യിലാണ് ഈജിപ്ത് ഉള്‍പ്പെട്ടിരിക്കുന്നത്. ഘാന, മൗസാബിംക്, കേപ് വെര്‍ദെ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍. ജനുവരി 14ന് മൗസാംബിക്കിനെതിരെയാണ് ഈജിപ്തിന്റെ ആദ്യ മത്സരം.
Content Highlight: Chris Sutton says Darvin Nunez will score 5 goals in a match