ഇന്ത്യക്കെതിരായ അഞ്ച് ടെസ്റ്റ് മത്സരങ്ങളിലെ മൂന്നാമത് ടെസ്റ്റ് ഇംഗ്ലണ്ട് 434 റണ്‍സിനാണ് പരാജയപ്പെട്ടത്. ഇപ്പോള്‍ 2-1 എന്ന നിലയില്‍ ഇന്ത്യയാണ് പരമ്പരയില്‍ ആധിപത്യം പുലര്‍ത്തുന്നത്. എന്നാല്‍ തുടര്‍ച്ചയായ തോല്‍വിയില്‍ ഇംഗ്ലണ്ടിന്റെ ബാസ്‌ബോള്‍ സമീപനത്തെ വിമര്‍ശിച്ച് രംഗത്ത് വരുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ക്രിസ് ശ്രീകാന്ത്.
മൂന്നാം ടെസ്റ്റിലെ നാണംകെട്ട തോല്‍വി ഇംഗ്ലണ്ടിന് വലിയ തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. ഇന്ത്യന്‍ സാഹചര്യങ്ങളില്‍ ഇംഗ്ലണ്ടിന് തങ്ങളെ വെല്ലുവിളിക്കാന്‍ കഴിയില്ലെന്ന് ശ്രീകാന്ത് പറഞ്ഞു. അനുഭവ പരിചയം ഇല്ലാത്ത ഇംഗ്ലണ്ട് സ്പിന്‍ ബൗളിങ് നിരയെ താരം വിമര്‍ശിച്ചു.
‘ബാസ്ബോളും സമീപനത്തില്‍ വിജയിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. ഈ തന്ത്രങ്ങള്‍ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടോ? പ്രത്യേകിച്ച് ആഷസില്‍? സത്യം പറഞ്ഞാല്‍, ടീം മോശം പ്രകടനം തുടരുകയാണെങ്കില്‍ ഒരു തന്ത്രവും വിജയിക്കില്ല. ബാസ്‌ബോള്‍ സിദ്ധാന്തത്തെ ചുറ്റിപ്പറ്റിയുള്ള ഹൈപ്പ് അനാവശ്യമായി തോന്നുന്നു, കാരണം ഇതിന് പ്രത്യേക സാഹചര്യങ്ങളില്‍ ഫലപ്രദമായി ബാറ്റ് ചെയ്യാനുള്ള കഴിവ് ആവശ്യമാണ്. കൂടാതെ, വിജയകരമായ ബൗളിങ്ങിന് യഥാര്‍ത്ഥ പ്രതിഭകളെ ആവശ്യമാണ്,’അദ്ദേഹം തന്റെ യൂട്യൂബ് ഷോയായ ‘ചീക്കി ചീക്കയില്‍ പറഞ്ഞു.
രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ നടന്ന ആദ്യ ടെസ്റ്റ് ഇംഗ്ലണ്ട് 28 റണ്‍സിന് വിജയിച്ചപ്പോള്‍ ഇന്ത്യ ഡബിള്‍ സ്‌ട്രോങ്ങ് ആയിട്ടാണ് കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ഇംഗ്ലണ്ടിന് തറ പറ്റിച്ചത്. ഇതോടെ ഇംഗ്ലണ്ടിന്റെ ആത്മവിശ്വാസത്തേയും ശ്രീകാന്ത് പരിഹസിച്ചു.
‘സാധ്യമെങ്കില്‍, അടുത്ത വിമാനത്തില്‍ അവര്‍ക്ക് നാട്ടിലേക്ക് മടങ്ങാം. എന്നിരുന്നാലും, ശേഷിക്കുന്ന രണ്ട് ടെസ്റ്റുകളില്‍ പങ്കെടുക്കാന്‍ അവര്‍ ബാധ്യസ്ഥരാണ്,’പരമ്പരയില്‍ ഇംഗ്ലണ്ടിന് തിരിച്ചടിക്കാനുള്ള സാധ്യതയെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം തമാശയായി പറഞ്ഞു.
അതേസമയം ഇംഗ്ലണ്ടിനെതിരെയുള്ള അഞ്ച് ടെസ്റ്റ് മത്സരത്തില്‍ 2-1 എന്ന നിലയില്‍ ഇന്ത്യയാണ് മുന്നില്‍. ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റ് ഫെബ്രുവരി 23 മുതല്‍ 27 വരെ ജെ.എസ്.സി.എ സ്റ്റേഡിയം കോംപ്ലക്സിലാണ് നടക്കുക.
Content Highlight: Kris Srikkanth Talks About England Team