| Thursday, 13th October 2022, 9:51 am

വൈറ്റ് ബോള്‍ ക്രിക്കറ്റിലെ ലോകത്തെ ഏറ്റവും മികച്ച കളിക്കാരന്‍; അവനൊരു 'ബൂം ബൂം' ആണെന്ന് പറയുന്നത് വെറുതെയല്ല: ഇന്ത്യന്‍ താരത്തെ വാഴ്ത്തിപ്പാടി ക്രിസ് മോറിസ്

സ്പോര്‍ട്സ് ഡെസ്‌ക്

പരിക്കിനെ തുടര്‍ന്ന് ജസ്പ്രീത് ബുംറ പുറത്തായതില്‍ ഇന്ത്യന്‍ ടീമിനും ആരാധകര്‍ക്കും മാത്രമല്ലാട്ടോ വിഷമമുള്ളത്. സംഭവത്തില്‍ കടുത്ത സങ്കടം പ്രകടിപ്പിക്കുന്നവരുടെ കൂട്ടത്തില്‍ വിദേശതാരങ്ങളുടെ ഒരു നിര തന്നെയുണ്ട്.

ബുംറയില്ലാതെ ടി20 ലോകകപ്പിന് ഇറങ്ങേണ്ടി വരുന്ന ഇന്ത്യയെ കുറിച്ചുള്ള ആശങ്കയാണ് ഇവരെല്ലാം പങ്കുവെക്കുന്നത്. അതിനൊപ്പം പകരക്കാരനായി എടുക്കേണ്ട താരത്തെ കുറിച്ചുള്ള നിര്‍ദേശങ്ങളും മുന്‍ സൂപ്പര്‍താരങ്ങളടക്കമുള്ളവര്‍ നല്‍കുന്നുണ്ട്.

ജസ്പ്രീത് ബുംറയില്ലാത്തത് ഇന്ത്യക്ക് തീരാനഷ്ടമായിരിക്കുമെന്നാണ് സൗത്ത് ആഫ്രിക്ക മുന്‍ ഓള്‍ റൗണ്ടര്‍ ക്രിസ് മോറിസ് പറയുന്നത്.

‘ബുംറയില്ലാത്തത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു വമ്പന്‍ നഷ്ടമാണ്. അവന്‍ ഒരു ‘ബൂം ബൂം’ ആണെന്ന് പറയുന്നത് വെറുതെയല്ല. അത്രയും കിടിലന്‍ താരമാണവന്‍.

എന്റെ അഭിപ്രായത്തില്‍ വൈറ്റ് ബോള്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച താരമാണ് ബുംറ. പിന്നെ ഇന്ത്യയിലെ മറ്റ് ബൗളറും മികച്ച പ്രകടനം പുറത്തെടുക്കുന്നുണ്ട്. ഡെപ്ത്തിന്റെ കാര്യത്തില്‍ ഇന്ത്യക്ക് ഒരു കാലത്തും ബുദ്ധിമുട്ട് വരാറില്ല,’ ക്രിസ് മോറിസ് പറഞ്ഞു.

ടി20 ലോകകപ്പില്‍ ജേതാക്കളാകാന്‍ സാധ്യതയുള്ള ടീമുകളെ കുറിച്ചും ക്രിസ് മോറിസ് സംസാരിച്ചു. ന്യൂസിലാന്‍ഡിനാണ് താരം ഏറ്റവും സാധ്യത കല്‍പിക്കുന്നത്.

‘ന്യൂസിലാന്‍ഡ്, ദക്ഷിണാഫ്രിക്ക, ഇന്ത്യ, ഓസ്‌ട്രേലിയ എന്നിവരാണ് എന്റെ ടോപ് ഫോര്‍. ഇംഗ്ലണ്ടിനെയും എഴുതിത്തള്ളാനാകില്ല. അവിശ്വസനീയമായ പ്രകടനമാണ് പലപ്പോഴും അവര്‍ പുറത്തെടുക്കുന്നത്. അഫ്ഗാനിസ്ഥാനും ബംഗ്ലദേശും അത്ഭുതപ്പെടുത്താനും സാധ്യതയുണ്ട്,’ ക്രിസ് മോറിസ് പറയുന്നു.

നേരത്തെ ബുംറക്ക് പകരക്കാരനായി ആരെയാണ് ഇന്ത്യ തെരഞ്ഞെടുക്കേണ്ടത് എന്നതിനെ കുറിച്ച് ഓസ്‌ട്രേലിയ മുന്‍ സൂപ്പര്‍താരം ബ്രെറ്റ് ലീയും പറഞ്ഞിരുന്നു. ഇന്ത്യന്‍ ടീം ഉമ്രാന്‍ മാലികിനാണ് അവസരം നല്‍കേണ്ടതെന്നാണ് ബ്രെറ്റ് ലീയുടെ വാക്കുകള്‍.

ഇന്ത്യന്‍ ലോകകപ്പ് സ്‌ക്വാഡില്‍ ഈ 22കാരന് അതിഗംഭീര പെര്‍ഫോമന്‍സ് നടത്താന്‍ സാധിക്കുമെന്നും ബ്രെറ്റ് ലീ പറയുന്നു.

‘ലോകത്തെ ഏറ്റവും നല്ല കാര്‍ നിങ്ങളുടെ പക്കലുണ്ട്. പക്ഷെ അതിനെ ഗരേജില്‍ നിര്‍ത്താനാണ് തീരുമാനമെങ്കില്‍ പിന്നെ ഞാനെന്ത് പറയാനാണ്. 150 വേഗതയില്‍ പന്തെറിയുന്നയാളാണ് ഉമ്രാന്‍ മാലിക്. ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ തീര്‍ച്ചയായും അവനെ ഉള്‍പ്പെടുത്തണമായിരുന്നു.

അവന്‍ ചെറുപ്പമാണെന്നതും വളരെ റോ ആയി പന്തെറിയുന്നയാളാണ് എന്നുള്ളതുമൊക്കെ ശരിയാണ്. പക്ഷെ ഞാന്‍ നേരത്തെ പറഞ്ഞല്ലോ 150 ആണ് അവന്റെ വേഗത എന്ന കാര്യം മറക്കരുത്. കയ്യില്‍ നിന്നും വിട്ടാല്‍ പന്ത് പറക്കുന്ന സ്ഥലമാണ് ഓസ്ട്രേലിയ. അതുകൊണ്ട് ഉമ്രാന്‍ മാലികിനെ ടീമിലേക്ക് സെലക്ട് ചെയ്ത് ഇവിടേക്ക് കൊണ്ടുവരൂ,’ഖലീജ് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ബ്രെറ്റ് ലീ പറഞ്ഞു.

ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ് എന്നിവരാണ് നിലവില്‍ ലോകകപ്പ് സ്‌ക്വാഡിലെ ബൗളിങ് നിരയിലെ താരങ്ങള്‍. ഇവര്‍ക്കൊപ്പം ബുംറക്ക് പകരം ആരാകും ടീമിലെത്തുക എന്ന് അടുത്ത ദിവസങ്ങളില്‍ തന്നെ ബി.സി.സി.ഐ അറിയിക്കുമെന്നാണ് കരുതപ്പെടുന്നത്. ഒക്ടോബര്‍ 16നാണ് ഓസ്‌ട്രേലിയയില്‍ വെച്ച് ടി-20 പുരുഷ ലോകകപ്പിന് തുടക്കമാകുന്നത്.

Content Highlight: Chris Morris says Jasprit Bumrah is the best in White Ball Cricket

We use cookies to give you the best possible experience. Learn more