ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കാര്‍ക്ക് ലഭിക്കുന്ന വമ്പന്‍ പ്രതിഫലവും ലേലത്തുകയും ഈയിടെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ദേശീയ ടീമിന്റെ ഭാഗമായുള്ള ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കാന്‍ മടിക്കുന്ന പലരും ഐ.പി.എല്ലില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്നുവെന്നായിരുന്നു നിരവധി കളിക്കാര്‍ക്കെതിരെ ഉയര്‍ന്ന വിമര്‍ശനം.
പരിക്കിനെ തുടര്‍ന്ന് ജസ്പ്രീത് ബുംറക്ക് ലോകകപ്പില്‍ നിന്നും ഒഴിവായതിന്റെ പിന്നാലെയായിരുന്നു ചര്‍ച്ചകള്‍ കൂടുതല്‍ സജീവമായത്. മുംബൈ ഇന്ത്യന്‍സിന് വേണ്ടി കളത്തിലിറങ്ങുമ്പോള്‍ താരത്തിന് പരിക്കൊന്നും വിഷയമാകാറില്ല എന്നടക്കം പലരും പറഞ്ഞിരുന്നു.
നേരത്തെ വിദേശ ടീമുകളിലെ ചില കളിക്കാര്‍ക്കെതിരെയും ആ രാജ്യങ്ങളിലെ ക്രിക്കറ്റ് ബോര്‍ഡും ആരാധകരും സമാനമായ വിമര്‍ശനവുമായി രംഗത്തുവന്നിരുന്നു. പണം ലഭിക്കുന്ന ഐ.പി.എല്‍ ലീഗുകളില്‍ കളിക്കാനാണ് കളിക്കാര്‍ ഇഷ്ടപ്പെടുന്നതെന്നും അതുകൊണ്ട് ദേശീയ ടീം മത്സരങ്ങള്‍ അവര്‍ ഒഴിവാക്കുന്നുവെന്നുമായിരുന്നു പരാതി.
ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും വലിയ ലേലത്തുകക്ക് റെക്കോഡിട്ട താരം തന്നെ ഇപ്പോള്‍ ഈ വിമര്‍ശനങ്ങളോട് പ്രതികരിക്കുകയാണ്. 2021ലെ സീസണില്‍ 16.25 കോടിക്ക് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയ ദക്ഷിണാഫ്രിക്കന്‍ മുന്‍ ഓള്‍ റൗണ്ടര്‍ ക്രിസ് മോറിസാണ് മറുപടിയുമായി എത്തിയിരിക്കുന്നത്.
പണവും പ്രതിഫലവുമല്ല ഐ.പി.എല്ലിലെ പ്രധാന ഘടകമെന്നാണ് ക്രിസ് മോറിസ് പറയുന്നത്. ദി ഹിന്ദുവിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ ഐ.പി.എല്ലിനെയും ഇന്ത്യയെയും കുറിച്ചുള്ള ഓര്‍മകളും താരം പങ്കുവെച്ചു.
ഇന്ത്യ-സൗത്ത് ആഫ്രിക്ക പരമ്പരയില്‍ കമന്റേറ്ററായി എത്തിയിരിക്കുകയാണ് ക്രിസ് മോറിസ് ഇപ്പോള്‍.
‘ഐ.പി.എല്‍ കളിച്ച സമയത്തെ ഒരുപാട് നല്ല ഓര്‍മകള്‍ എനിക്കുണ്ട്. ലീഗിലെ പ്രതിഫലത്തെയും പണത്തെയും കുറിച്ച് ആളുകള്‍ പറയാറുണ്ട്. പക്ഷെ അത് മറ്റൊരു കാര്യം തന്നെയാണ്. യഥാര്‍ത്ഥത്തില്‍ ഐ.പി.എല്‍ പുലര്‍ത്തുന്ന നിലവാരമാണ് ഈ ലീഗിനെ പ്രിയപ്പെട്ടതാക്കുന്നത്.
ഐ.പി.എല്ലില്‍ കളിക്കാന്‍ ആഗ്രഹമില്ലെന്ന് പറയുന്ന ഒരു ക്രിക്കറ്ററെ പോലും നിങ്ങള്‍ക്ക് കാണാന്‍ സാധിക്കില്ല. ഇനി ആരെങ്കിലും അങ്ങനെ പറയുന്നുണ്ടെങ്കില്‍ അത് നുണയായിരിക്കും എന്ന് ഉറപ്പാണ്.
ഇന്ത്യയിലേക്ക് വരുന്നത് സന്തോഷമുള്ള കാര്യമാണ്. എന്റെ ഹൃദയത്തോട് ഏറെ ചേര്‍ന്നുനില്‍ക്കുന്ന സ്ഥലമാണ് ഇത്. ഇവിടെ ഒരുപാട് സമയം ഞാന്‍ ചെലവഴിച്ചിട്ടുണ്ട്. എപ്പോള്‍ വന്നാലും ഇവിടെ ഒരു ക്രിക്കറ്റ് വൈബുണ്ടാകും.
പിന്നെ കമന്റേറ്ററായി വരുന്നതും വ്യത്യസ്തമായ അനുഭവമാണ്. ബൗള്‍ ചെയ്യേണ്ടി വരുമല്ലോ എന്ന് വ്യസനിക്കാന്‍ നില്‍ക്കാതെ ഇന്ത്യയിലെത്തുന്നതും ഒരു രസം തന്നെയാണ്,’ ക്രിസ് മോറിസ് പറയുന്നു.
യോര്‍ക്കറുകളും ബൗണ്ടറികളും കൊണ്ട് ക്രിക്കറ്റ് പ്രേമികളെ കയ്യിലെടുത്തിരുന്ന ക്രിസ് മോറിസ് ചെന്നൈ സൂപ്പര്‍ കിങ്‌സ്, ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു എന്നീ ടീമുകള്‍ക്കെല്ലാം വേണ്ടി ഐ.പി.എല്ലില്‍ കളിച്ചിട്ടുണ്ട്. 2013 മുതല്‍ ഐ.പി.എല്ലിന്റെ ഭാഗമായിരുന്നു താരം.
Content Highlight: Chris Morris about IPL