സിക്‌സര്‍ എന്നൊക്കെ പറഞ്ഞാല്‍ ഇതാണ് സിക്‌സര്‍!! സിക്‌സറടിച്ച് ഗ്രൗണ്ടും റോഡും കടന്ന് വീട്ടിലെത്തിച്ച് ക്രിസ് ലിന്‍, വീഡിയോ
Sports News
സിക്‌സര്‍ എന്നൊക്കെ പറഞ്ഞാല്‍ ഇതാണ് സിക്‌സര്‍!! സിക്‌സറടിച്ച് ഗ്രൗണ്ടും റോഡും കടന്ന് വീട്ടിലെത്തിച്ച് ക്രിസ് ലിന്‍, വീഡിയോ
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 28th May 2022, 7:32 pm

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച വെടിക്കെട്ട് വീരന്‍മാരില്‍ ഒരാളാണ് ഓസീസ് താരം ക്രിസ് ലിന്‍. ക്രിക്കറ്റിലെ ടെക്‌സ്റ്റ് ബുക്ക് ഷോട്ടുകള്‍ക്കൊപ്പം തന്നെ അണ്‍ ഓര്‍ത്തഡോക്‌സ് ഷോട്ടുകളും മനോഹരമായി കളിക്കുന്ന താരം, ബൗളര്‍മാരെ ആക്രമിച്ച് കളിക്കുന്നത് കാണാന്‍ തന്നെ പ്രത്യേക രസമാണ്.

ടി-20 ക്രിക്കറ്റിലേക്കെത്തുമ്പോള്‍ താരത്തിന്റെ ആക്രമണോത്സുകതയും വര്‍ധിക്കാറുണ്ട്. ഐ.പി.എല്ലിലും ബി.ബി.എല്ലിലും (ബിഗ് ബാഷ് ലീഗ്) ലിന്നിന്റെ ബാറ്റിന്റെ ചൂടറിഞ്ഞവര്‍ നിരവധിയാണ്.

ക്രിസ് ലിന്നിന്റെ എണ്ണം പറഞ്ഞ ഒരു ഷോട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്.

സിക്‌സറടിച്ച് ഗ്രൗണ്ടിന് പുറത്തെത്തിക്കുന്ന നിരവധി ബാറ്റര്‍മാരുടെ ഷോട്ടുകള്‍ ചര്‍ച്ചയാവുമ്പോള്‍ ഗ്രൗണ്ടും കടന്ന്, റോഡും കടന്ന് അപ്പുറത്തുള്ള വീടിന്റെ മുറ്റത്ത് പന്തെത്തിച്ചാണ് ക്രിസ് ലിന്‍ വാര്‍ത്തകളില്‍ ഇടം നേടുന്നത്.

ഇംഗ്ലണ്ടില്‍ നടന്നുകൊണ്ടിരിക്കുന്ന ടി-20 ബ്ലാസ്റ്റിലാണ് ലിന്നിന്റെ വന്യമായ ഷോട്ട് പിറന്നിരിക്കുന്നത്. ഡുര്‍ഹാമും നോര്‍താംപ്ടണ്‍ഷെയറും തമ്മില്‍ നടന്ന മത്സരത്തിലായിരുന്നു നോര്‍താംപ്ടണ്‍ഷെയര്‍ താരമായ ലിന്നിന്റെ മാരക പ്രകടനം.

കഴിഞ്ഞ മത്സരത്തില്‍ വാര്‍വിക്കറ്റ്‌ഷെയറിനോടേറ്റ 125 തോല്‍വിയുടെ സങ്കടം മറക്കുന്ന ഇന്നിംഗ്‌സായിരുന്നു നോര്‍താംപ്ടണ്‍ഷെയര്‍ പുറത്തെടുത്തത്. 46 പന്തില്‍ നിന്നും 83 റണ്‍സുമായാണ് ലിന്‍ കരുത്ത് കാട്ടിയത്.

8 സിക്‌സറും നാല് ഫോറുമായിരുന്നു ലിന്നിന്റെ ബാറ്റില്‍ നിന്നും പിറന്നത്. അതിലെ ഒരു സിക്‌സറാണ് ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയത്. ലിന്നിന്റെ ഷോട്ട് മൈതാനവും റോഡും കടന്ന് അടുത്ത വീടിന്റെ മുറ്റത്ത് ചെന്ന് വീഴുകയായിരുന്നു. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങളാണ് ഇപ്പോല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

 

 

ലിന്നും ഓപ്പണര്‍ ബെന്‍ കറനും ചേര്‍ന്ന് അടിത്തറയിട്ട 149 റണ്‍സിന്റെ ഓപ്പണിംഗ് കൂട്ടുകെട്ടില്‍ നോര്‍താംപ്ടണ്‍ഷെയര്‍ 223 റണ്‍സിന്റെ കൂറ്റന്‍ സ്‌കോറായിരുന്നു പടുത്തുയര്‍ത്തിയത്. എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ഡുര്‍ഹാം 31 റണ്‍സകലെ കാലിടറി വീഴുകയായിരുന്നു.

ബി.ബി.എല്ലില്‍ ബ്രിസ്‌ബെയ്ന്‍ ഹീറ്റ്‌സിന്റെ താരമായ ലിന്നിനെ ഇത്തവണ ടീം ഒഴിവാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ലിന്‍ ടി-20 ബ്ലാസ്റ്റിലെത്തിയത്.

 

Content Highlight:  Chris Lynn’s massive six lands in the backyard of a house in T20 blast