| Saturday, 5th August 2023, 9:38 pm

ഏഴ് വര്‍ഷത്തെ ഐ.പി.എല്‍ കരിയറില്‍ നിന്നും നേടിയത് ഒറ്റ മാച്ചില്‍ തകര്‍ത്തെറിഞ്ഞു; വല്ലാത്തൊരു ചെങ്ങായ് തന്നെ

സ്പോര്‍ട്സ് ഡെസ്‌ക്

ദി ഹണ്‍ഡ്രഡിലെ ക്രിസ് ജോര്‍ദന്റെ ബാറ്റിങ് കണ്ടതിന്റെ അമ്പരപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍. ഒന്നിന് പിന്നാലെ ഒന്ന് എന്ന നിലയില്‍ സിക്‌സറുകളടിച്ചുകൂട്ടിയാണ് ജോര്‍ദന്‍ ആരാധകരെയും എതിരാളികളെയും ഒരുപോലെ ഞെട്ടിച്ചത്.

ഹണ്‍ഡ്രഡില്‍ കഴിഞ്ഞ ദിവസം നടന്ന സതേണ്‍ ബ്രേവ് – വെല്‍ഷ് ഫയര്‍ മത്സരത്തിലാണ് ജോര്‍ദന്‍ വെടിക്കെട്ട് നടത്തിയത്. ടോപ് ഓര്‍ഡറിന് കാര്യമായി ഒന്നും ചെയ്യാന്‍ സാധിക്കാതെ വന്നതോടെയാണ് ലോവര്‍ മിഡില്‍ ഓര്‍ഡറില്‍ ജോര്‍ദന്‍ തീയായത്.

കയ്യില്‍ കിട്ടിയ ബൗളര്‍മാരെയെല്ലാം അടിച്ചുപറത്തിയ ജോര്‍ദന്‍ 32 പന്തില്‍ നിന്നും പുറത്താകാതെ 70 റണ്‍സ് നേടി. 218.75 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിലാണ് താരം റണ്‍സടിച്ചുകൂട്ടിയത്.

മൂന്ന് ബൗണ്ടറിയും ഏഴ് സിക്‌സറുകളും അടങ്ങുന്നതായിരുന്നു ജോര്‍ദന്റെ ഇന്നിങ്‌സ്. ബ്രേവ് ടോട്ടലില്‍ നിര്‍ണായകമായതും ജോര്‍ദന്റെ ഈ വെടിക്കെട്ട് ബാറ്റിങ് തന്നെയാണ്.

ഈ പ്രകടനത്തിന് പിന്നാലെ മറ്റൊരു രസകരമായ സംഭവത്തിനും ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചിരുന്നു. 2016 മുതലുള്ള തന്റെ ഐ.പി.എല്‍ കരിയറിനെയൊന്നാകെ കവച്ചുവെച്ച പ്രകടനമാണ് ജോര്‍ദന്‍ ബ്രേവിന് വേണ്ടി നടത്തിയത്.

2016ല്‍ ഐ.പി.എല്‍ കരിയര്‍ ആരംഭിച്ച ജോര്‍ദന്‍ വിവിധ ടീമുകള്‍ക്കായി 34 മത്സരത്തിലാണ് കളത്തിലിറങ്ങിയത്. ഇതില്‍ 13 തവണയാണ് താരത്തിന് ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചത്.

ഐ.പി.എല്ലില്‍ നിന്നും 8.10 എന്ന ശരാശരിയിലും 105.19 എന്ന സ്‌ട്രൈക്ക് റേറ്റിലും 81 റണ്‍സാണ് ജോര്‍ദന്‍ ആകെ നേടിയത്. ഒറ്റ അര്‍ധ സെഞ്ച്വറി പോലും കുറിക്കാന്‍ സാധിക്കാതെ പോയ ജോര്‍ദന്റെ ഐ.പി.എല്ലിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ 30 ആണ്.

ഐ.പി.എല്ലില്‍ ബാറ്റ് ചെയ്ത 13 മത്സരത്തില്‍ നിന്നും ആകെ മൂന്ന് സിക്‌സറും മൂന്ന് ബൗണ്ടറിയും മാത്രമാണ് ജോര്‍ദന്‍ നേടിയത്. ഇതില്‍ ആകെ റണ്‍സ് ഒഴികെയുള്ള എല്ലാ നേട്ടങ്ങളും ജോര്‍ദന്‍ ഹണ്‍ഡ്രഡിലെ ഒറ്റ മത്സരത്തില്‍ നിന്നും മറികടന്നിരിക്കുകയാണ്.

അതേസമയം, ജോര്‍ദന്റെ ഇന്നിങ്‌സിന്റെ ബലത്തില്‍ സതേണ്‍ ബ്രേവ് നിശ്ചിത പന്തില്‍ 147 റണ്‍സ് നേടിയിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ വെല്‍ഷ് ഫയറിന് 145 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. അവസാന പന്ത് വരെ ആവേശം നീണ്ടുനിന്ന മത്സരത്തില്‍ ബ്രേവ് രണ്ട് റണ്‍സിന് വിജയം കൈപ്പിടിയിലൊതുക്കുകയായിരുന്നു. ജോര്‍ദന്‍ തന്നെയാണ് മത്സരത്തിലെ താരം.

Content highlight: Chris Jordan surpasses the runs scored in IPL in a single match

We use cookies to give you the best possible experience. Learn more