| Tuesday, 23rd May 2023, 6:18 pm

കളിച്ച അഞ്ചില്‍ നാല് ടീമിനൊപ്പവും '24 പന്തില്‍ ഫിഫ്റ്റി'; ഐ.പി.എല്ലിലെ ഏറ്റവും വലിയ തോല്‍വി

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2023ന്റെ പ്ലേ ഓഫ് മത്സരങ്ങള്‍ക്ക് തുടക്കമാവുകയാണ്. പോയിന്റ് പട്ടികയിലെ ആദ്യ നാല് ടീമുകള്‍ തമ്മിലുള്ള ശേഷിക്കുന്ന നാല് മത്സരങ്ങളാണ് ഇനിയൊരു കൊല്ലക്കാലത്തേക്കുള്ള ഐ.പി.എല്‍ രാജാക്കന്‍മാരെ തീരുമാനിക്കുക.

പോയിന്റ് പട്ടികയിലെ നാലാം സ്ഥാനക്കാരായാണ് മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫില്‍ പ്രവേശിച്ചത്. ഗുജറാത്ത് ടൈറ്റന്‍സ് – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു മത്സരത്തില്‍ ഫാഫും സംഘവും പരാജയപ്പെട്ടതോടെയാണ് മുംബൈ ആദ്യ നാലില്‍ കയറിക്കൂടിയത്.

പ്ലേ ഓഫില്‍ പ്രവേശിച്ചെങ്കിലും ടീമിലെ പോരായ്മകള്‍ മുംബൈ ഇന്ത്യന്‍സിനെ വല്ലാതെ അലട്ടുന്നുണ്ട്. ബൗളിങ് തന്നെയാണ് ഇതില്‍ എടുത്ത് പറയേണ്ടത്.

പീയൂഷ് ചൗളയെയും ജേസണ്‍ ബെഹ്രന്‍ഡോര്‍ഫിനെയും പോലുള്ള ബൗളര്‍മാര്‍ ഒരുവശത്ത് നിന്ന് മികച്ച രീതിയില്‍ പന്തെറിയുമ്പോള്‍ മറുവശത്ത് റണ്‍സ് വിട്ടുകൊടുക്കാനുള്ള മത്സരമാണ്. ഇതില്‍ മുമ്പിലോടുന്നതാകട്ടെ ക്രിസ് ജോര്‍ദനും.

ജോഫ്രാ ആര്‍ച്ചറിന് പകരക്കാരനായാണ് മുംബൈ ജോര്‍ദനെ അവതരിപ്പിച്ചത്. എന്നാല്‍ മികച്ച പ്രകടനമൊന്നും തന്നെ കാഴ്ചവെക്കാന്‍ ജോര്‍ദന് സാധിച്ചിരുന്നില്ല.

നാല് മത്സരത്തില്‍ നിന്നും 16 ഓവര്‍ പന്തെറിഞ്ഞ് രണ്ട് വിക്കറ്റ് മാത്രമാണ് താരം വീഴ്ത്തിയത്. വഴങ്ങിയതാകട്ടെ 10.87 എന്ന എക്കോണമിയില്‍ 174 റണ്‍സും. 42 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയതാണ് സീസണിലെ മികച്ച പ്രകടനം.

എന്നാല്‍ ഇതാദ്യമായല്ല ജോര്‍ദന്‍ ഐ.പി.എല്ലില്‍ പരാജയമാകുന്നത്. മുന്‍ സീസണുകളില്‍ കളിച്ചപ്പോഴെല്ലാം തന്നെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ താരത്തിന് സാധിച്ചിരുന്നില്ല.

2016ലാണ് താരം ഐ.പി.എല്ലിന്റെ ഭാഗമാകുന്നത്. അന്ന് ആര്‍.സി.ബിയായിരുന്നു ജോര്‍ദനെ ടീമിലെത്തിച്ചത്. ടീമിനായി ഒമ്പത് മത്സരം കളിച്ച ജോര്‍ദന്‍ 258 റണ്‍സ് വഴങ്ങി 11 വിക്കറ്റ് നേടിയിരുന്നു.

ഈ സീസണില്‍ പഞ്ചാബിനെതിരായ മത്സരം ജോര്‍ദന്‍ ഒരിക്കലും മറക്കാനിടയില്ല. നാല് ഓവര്‍ പന്തെറിഞ്ഞ് 13 എന്ന എക്കോണമിയില്‍ വിക്കറ്റൊന്നും നേടാതെ 52 റണ്‍സാണ് ജോര്‍ദന്‍ വഴങ്ങിയത്. മത്സരത്തില്‍ ഷെയ്ന്‍ വാട്‌സണിന്റെ ബൗളിങ് മികവൊന്ന് മാത്രമാണ് ഒറ്റ റണ്‍സിനെങ്കിലും ബെംഗളൂരുവിനെ വിജയിപ്പിച്ചത്.

തുടര്‍ന്ന് 2020ലും ഈ നേട്ടം ആവര്‍ത്തിച്ചു. അന്ന് കിങ്‌സ് ഇലവന്‍ പഞ്ചാബിനൊപ്പമായിരുന്നു താരം കളിച്ചത്. മത്സരത്തില്‍ നാല് ഓവറില്‍ 56 റണ്‍സാണ് ജോര്‍ദന്‍ വഴങ്ങിയത്. വിക്കറ്റൊന്നും നേടിയതുമില്ല. ഒടുവില്‍ സൂപ്പര്‍ ഓവറില്‍ ദല്‍ഹി വിജയിക്കുകയായിരുന്നു.

രണ്ട് വര്‍ഷത്തിനിപ്പുറം ചെന്നൈ സൂപ്പര്‍ കിങ്‌സിന് വേണ്ടി പന്തെറിഞ്ഞും ജോര്‍ദന്‍ റണ്‍സ് വഴങ്ങാന്‍ മുമ്പില്‍ നിന്നു. ടൂര്‍ണമെന്റിലെ കന്നിക്കാരായ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ 3.5 ഓവറില്‍ 58 റണ്‍സാണ് ജോര്‍ദന്‍ വിട്ടുകൊടുത്തത്. അന്നും വിക്കറ്റ് നേടാന്‍ താരത്തിന് സാധിച്ചിരുന്നില്ല.

ഈ സീസണില്‍ മുംബൈക്ക് വേണ്ടി പന്തെറിഞ്ഞും അര്‍ധ സെഞ്ച്വറി വഴങ്ങിയിരുന്നു. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ നാല് ഓവറുമെറിഞ്ഞ് വിക്കറ്റ് നേടാതെ 50 റണ്‍സാണ് താരം വഴങ്ങിയത്.

2017ലും 2018ലും സണ്‍റൈസേഴ്‌സിനൊപ്പമാണ് താരം ഈ മോശം നേട്ടം സ്വന്തമാക്കാതിരുന്നത്. ഈ രണ്ട് സീസണിലുമായി താരം ആകെ കളിച്ചത് രണ്ട് മത്സരവും!

വരും മത്സരത്തിലെങ്കിലും ജോര്‍ദന്‍ ധാരാളിത്തം ഒഴിവാക്കിയില്ലെങ്കില്‍ മുംബൈക്ക് പ്ലേ ഓഫില്‍ വലിയ തിരിച്ചടി ലഭിക്കുമെന്നുറപ്പാണ്.

Content highlight: Chris Jordan’s poor performance in IPL

We use cookies to give you the best possible experience. Learn more