| Thursday, 25th May 2023, 5:31 pm

ഇതിപ്പോള്‍ കളിച്ച അവന് പ്രാന്തായിപ്പോയതാണോ അതോ കളി കണ്ട നമ്മള്‍ക്കെല്ലാവര്‍ക്കും പ്രാന്തായാതാണോ 😲😲; കരിയര്‍ ബെസ്റ്റുമായി ജോര്‍ദന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2023ലെ എലിമിനേറ്റര്‍ മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ തകര്‍ത്തെറിഞ്ഞുകൊണ്ട് മുംബൈ ഇന്ത്യന്‍സ് രണ്ടാം ക്വാളിഫയറിന് യോഗ്യത നേടിയിരുന്നു. ആറാം കിരീടം ലക്ഷ്യം വെക്കുന്ന മുംബൈയുടെ ആത്മവിശ്വാസം വാനോളമുയര്‍ത്തുന്ന പ്രകടനമാണ് ടീം ഒന്നാകെ കാഴ്ചവെച്ചത്.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത മുംബൈ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സ് നേടുകയും മറുപടി ബാറ്റിങ്ങിനിറങ്ങിയ ലഖ്‌നൗവിനെ വെറും 101 റണ്‍സിന് എറിഞ്ഞിടുകയുമായിരുന്നു.

ബൗളര്‍മാരായിരുന്നു ടീമിന്റെ കരുത്ത്. സീസണിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം ആകാശ് മധ്വാള്‍ പുറത്തെടുത്തപ്പോള്‍ എല്‍.എസ്.ജി നിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു. 3.3 ഓവര്‍ പന്തെറിഞ്ഞ് അഞ്ച് റണ്‍സിന് അഞ്ച് വിക്കറ്റാണ് താരം വീഴ്ത്തിയത്.

എന്നാല്‍ ആകാശ് മധ്വാളിനെക്കാള്‍ ആരാധകരെ ഞെട്ടിച്ച മറ്റൊരു ബൗളിങ് പ്രകടനവും കഴിഞ്ഞ മത്സരത്തില്‍ പിറന്നിരുന്നു. റണ്‍സ് വഴങ്ങാന്‍ വേണ്ടി മാത്രം പന്തെറിഞ്ഞിരുന്ന ക്രിസ് ജോര്‍ദന്റെ ബൗളിങ് കണ്ടതിന് പിന്നാലെയാണ് ആരാധകര്‍ മൂക്കത്ത് വിരല്‍ വെച്ചിരുന്നത്.

വിക്കറ്റ് നേടാതിരിക്കാനും എതിര്‍ ടീമിന് റണ്‍സ് വാരിക്കോരി നല്‍കാനും താരത്തിന് പ്രത്യേക കഴിവുണ്ടെന്നായിരുന്നു മുംബൈ ആരാധകര്‍ പോലും പറഞ്ഞിരുന്നത്. എതിര്‍ ടീമിന്റെ ഇംപാക്ട് പ്ലെയറെന്ന് അടക്കം പരിഹാസങ്ങളും ജോര്‍ദന് കേള്‍ക്കേണ്ടി വന്നിരുന്നു.

എന്നാല്‍ ഐ.പി.എല്ലിലെ തന്റെ കരിയര്‍ ബെസ്റ്റ് പ്രകടനമാണ് ജോര്‍ദന്‍ ചെപ്പോക്കില്‍ പുറത്തെടുത്തത്. രണ്ട് ഓവര്‍ പന്തെറിഞ്ഞ് 3.50 എന്ന മികച്ച എക്കോണമിയില്‍ ഏഴ് റണ്‍സ് മാത്രം വഴങ്ങിയാണ് ജോര്‍ദന്‍ ആരാധകരെ ഞെട്ടിച്ചത്. വെടിക്കെട്ട് വീരന്‍ കൈല്‍ മയേഴ്‌സിന്റെ വിക്കറ്റും താരം സ്വന്തമാക്കിയിരുന്നു.

ഇതിനെല്ലാം പുറമെ ഒരു ഓവര്‍ മെയ്ഡനാക്കാനും ജോര്‍ദന് സാധിച്ചിരുന്നു. ലഖ്‌നൗ ഇന്നിങ്‌സിലെ 16ാം ഓവറിലാണ് താരം ഭൂമിക്കായി 3000 മരങ്ങള്‍ സംഭാവന ചെയ്തത്.

ഫോം ഔട്ടില്‍ വലഞ്ഞിരുന്ന ജോര്‍ദന്‍ കൂടി താളം കണ്ടെത്തിയതോടെ മുംബൈ ഇന്ത്യന്‍സ് ഒന്നുകൂടി കരുത്തരായിരിക്കുകയാണ്. ആറാം കിരീടം വാംഖഡെയിലെത്തിക്കാന്‍ ഒരുങ്ങുന്ന രോഹിത്തിനും സംഘത്തിനും ഇത് നല്‍കുന്ന ഊര്‍ജം ചെറുതുമല്ല.

മെയ് 26ന് നടക്കുന്ന രണ്ടാം ക്വാളിഫയറാണ് ഇനി മുംബൈക്ക് മുമ്പിലുള്ളത്. ഹര്‍ദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റന്‍സിനെ പരാജയപ്പെടുത്തുകയാണെങ്കില്‍ മറ്റൊരു എല്‍ ക്ലാസിക്കോ ഫൈനലിനാകും ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയം സാക്ഷിയാവുക.

Content Highlight: Chris Jordan’s brilliant bowling performance against LSG

We use cookies to give you the best possible experience. Learn more