പുതിയ ഗോള്‍ഡന്‍ ബാറ്റ് ഉപയോഗിച്ച് വിരാട് റണ്ണടിച്ചു കൂട്ടിയാല്‍ വിലക്കിന് വരെ സാധ്യതയുണ്ട്; അല്ലാ അങ്ങനെ സംഭവിച്ച ചരിത്രം ഉണ്ടേ...
Sports News
പുതിയ ഗോള്‍ഡന്‍ ബാറ്റ് ഉപയോഗിച്ച് വിരാട് റണ്ണടിച്ചു കൂട്ടിയാല്‍ വിലക്കിന് വരെ സാധ്യതയുണ്ട്; അല്ലാ അങ്ങനെ സംഭവിച്ച ചരിത്രം ഉണ്ടേ...
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 25th August 2022, 2:53 pm

മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയായിരുന്നു കഴിഞ്ഞ ദിവസത്തെ ക്രിക്കറ്റ് ലോകത്തെ പ്രധാന ചര്‍ച്ചാ വിഷയം. ഏഷ്യാ കപ്പിന് മുമ്പ് തന്നെ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ തന്നിലേക്കാകര്‍ഷിക്കാന്‍ ഒറ്റ ദിവസം കൊണ്ട് വിരാടിന് സാധിച്ചിരുന്നു.

ഏഷ്യാ കപ്പിനുള്ള തന്റെ പുതിയ ‘ആയുധമായിരുന്നു’ വിരാടിനെ ഒരിക്കല്‍ക്കൂടി ക്രിക്കറ്റ് ചര്‍ച്ചയിലെ ലൈംലൈറ്റിലേക്കെത്തിച്ചത്. എം.ആര്‍.എഫിന്റെ പുതിയ ലിമിറ്റഡ് എഡിഷന്‍ ഗോള്‍ഡന്‍ ബാറ്റായിരുന്നു വിരാട് ഏഷ്യാ കപ്പിന് ഉപയോഗിക്കാന്‍ സജ്ജമാക്കിയത്.

നിലവില്‍ ഇംഗ്ലീഷ് വില്ലോ ഉപയോഗിച്ചുള്ള എം.ആര്‍.എഫ് ജീനിയസ് ബാറ്റാണ് അദ്ദേഹം ഉപയോഗിക്കുന്നത്, എന്നാല്‍ ഏഷ്യാ കപ്പിനായി അദ്ദേഹം പ്രത്യേക ഗോള്‍ഡ് വിസാര്‍ഡ് നിലവാരമുള്ള ലിമിറ്റഡ് എഡിഷന്‍ ബാറ്റാണ് ഉപയോഗിക്കാന്‍ ഒരുങ്ങുന്നത്.

അത്യാഢംബര പൂര്‍ണമായ ഇംഗ്ലീഷ് വില്ലോ തടി കൊണ്ടാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. ഏകദേശം 22,000 രൂപ വിലവരുന്ന ബാറ്റാണിത്.

മറ്റ് ബാറ്റര്‍മാരെ പോലെ വിരാടും തന്റെ ബാറ്റുകളുടെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ ചെലുത്തുന്ന താരമാണ്. എട്ട് ഗ്രെയ്ന്‍ വില്ലോ ബാറ്റാണ് അദ്ദേഹം ഉപയോഗിച്ച് വന്നത്.

ബാറ്റില്‍ കൂടുതല്‍ ഗ്രെയ്ന്‍സ് കൂടുന്തോറും അത് ബാറ്റിന്റെ നിലവാരം ഉയര്‍ത്തും. പ്രീമിയം ബാറ്റുകള്‍ക്ക് സാധാരണയായി 6-12 ഗ്രെയിന്‍സുണ്ടാകും. അതേസമയം, ഏഷ്യാ കപ്പിനുള്ള അദ്ദേഹത്തിന്റെ പുതിയ ‘മാന്ത്രിക’ ബാറ്റ് ടോപ്പ് ഗ്രേഡ് എ വില്ലോയുടേതായിരിക്കും.

എന്നാല്‍ വിരാടിന് തന്റെ ബാറ്റ് എത്ര കാലം ഉപയോഗിക്കാന്‍ പറ്റും എന്നതാണ് ഇപ്പോള്‍ ഉയരുന്ന പ്രധാന ചോദ്യം. ഒരുപക്ഷേ ആ ബാറ്റ് ഉപയോഗിച്ച് അദ്ദേഹം മികച്ച പ്രകടനം കാഴ്ചവെച്ചാല്‍, ആ ബാറ്റ് വിലക്കാന്‍ വരെ സാധ്യതയുണ്ട്.

ഇതിന് മുമ്പ് ഒരു സൂപ്പര്‍ താരവും ഗോള്‍ഡന്‍ ബാറ്റ് ഉപയോഗിച്ച് കളത്തിലെത്തിയിട്ടുണ്ടായിരുന്നു. എന്നാല്‍ ആ ബാറ്റ് ഉപയോഗിച്ച് ആദ്യ മത്സരത്തില്‍ തന്നെ മികച്ച രീതിയില്‍ സ്‌കോര്‍ ചെയ്യുകയും അതിന് പിന്നാലെ ആ ഗോള്‍ഡന്‍ ബാറ്റ് വിലക്കുകയും ചെയ്തിരുന്നു.

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്‌ലാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ ആദ്യമായി ഗോള്‍ഡന്‍ ബാറ്റ് ഉപയോഗിച്ചത്. ഓസ്‌ട്രേലിയന്‍ ഫ്രാഞ്ചൈസി ലീഗായ ബിഗ് ബാഷ് ലീഗിന്റെ 2015 എഡിഷനിലായിരുന്നു താരം ഗോള്‍ഡന്‍ ബാറ്റ് അവതരിപ്പിച്ചത്.

ഇന്ത്യന്‍ ബാറ്റ് നിര്‍മാതാക്കളായ സ്പര്‍ടാന്‍സായിരുന്നു ഗോള്‍ഡന്‍ വില്ലോയുടെ സ്‌പെഷ്യല്‍ ബാറ്റ് ഗെയ്‌ലിനായി രൂപകല്‍പന ചെയ്തത്. 2015ല്‍ മെല്‍ബണ്‍ റെനഗെഡ്‌സിന് വേണ്ടി ആദ്യ മത്സരം കളിക്കാനിറങ്ങുന്നതിന്റെ തലേദിവസമായിരുന്നു ഇന്ത്യയില്‍ നിന്നും പറന്ന ബാറ്റ് ഗെയ്‌ലിന്റെ കൈകളിലെത്തിയത്.

ആ മത്സരത്തില്‍ ഗെയ്ല്‍ മികച്ച പ്രകടനമായിരുന്നു നടത്തിയത്. നിരവധി സിക്‌സറും ബൗണ്ടറിയും താരത്തിന്റെ ഗോള്‍ഡന്‍ ബാറ്റില്‍ നിന്നും പറന്നിരുന്നു.

എന്നാല്‍, ആ മത്സരത്തിന് ശേഷം ക്രിസ് ഗെയ്‌ലിന് ഗോള്‍ഡന്‍ ബാറ്റ് ഉപയോഗിക്കാന്‍ സമ്മതം നല്‍കിയ അതേ ക്രിക്കറ്റ് ഓസ്‌ട്രേലിയ തന്നെ താരത്തിന്റെ ഗോള്‍ഡന്‍ സ്പര്‍ടാന്‍ ബാറ്റ് വിലക്കുകയായിരുന്നു. തുടര്‍ന്നുള്ള മത്സരങ്ങളില്‍ തന്റെ സാധാരണ ബാറ്റ് ഉപയോഗിച്ചാണ് ഗെയ്ല്‍ കളിച്ചത്.

ഗെയ്‌ലിന്റെ ബാറ്റില്‍ മെറ്റല്‍ ഉപയോഗിച്ചു എന്ന എതിര്‍ ടീമിന്റെ പരാതി പ്രകാരമായിരുന്നു ഗോള്‍ഡന്‍ ബാറ്റ് വിലക്കിയത്. ബാറ്റ് നിര്‍മിക്കാന്‍ എന്തെങ്കിലും തരത്തിലുള്ള മെറ്റല്‍ ഉപയോഗിച്ചിട്ടുണ്ടെന്നും, അതുകൊണ്ട് തന്നെ ബാറ്റിന്റെ പവര്‍ കൂടിയെന്നതുമായിരുന്നു അവരുടെ ആരോപണം. ഇതിന് പിന്നാലെയാണ് ബി.ബി.എല്ലില്‍ നിന്നും ആ ബാറ്റ് പിന്‍വലിച്ചത്.

എന്നാല്‍ ബാറ്റില്‍ ഒരു തരത്തിലുമുള്ള മെറ്റലും തങ്ങള്‍ ഉപയോഗിച്ചിട്ടില്ലെന്നാണ് സ്പര്‍ടാന്‍സിന്റെ ഉടമയായ കുനാല്‍ ശര്‍മ വിവാദങ്ങളോട് പ്രതികരിച്ചത്. വര്‍ഷങ്ങളായി തങ്ങള്‍ ബാറ്റ് നിര്‍മാണ രംഗത്ത് ഉണ്ടെന്നും, ബാറ്റ് നിര്‍മിക്കുമ്പോല്‍ എന്തൊക്കെ ഉപയോഗിക്കാം, ഉപയോഗിക്കാന്‍ പാടില്ല എന്ന ബോധ്യം തങ്ങള്‍ക്കുണ്ടെന്നും കുനാല്‍ അന്നുതന്നെ പറഞ്ഞിരുന്നു.

ഗെയ്‌ലിന്റെതിന് സമാനമായ ഗോള്‍ഡന്‍ ബാറ്റ് തന്നെയാണ് വിരാടും ഉപയോഗിക്കുന്നത്. ഏഷ്യാ കപ്പില്‍ തന്റെ തിരിച്ചുവരവിനൊരുങ്ങുന്ന വിരാടിന് സ്വന്തം മാന്ത്രിക ബാറ്റ് തന്നെ വിലങ്ങുതടിയാവുമോ എന്ന് കണ്ടറിയണം.

 

Content Highlight:  Chris Gayle, who introduced the golden bat before Virat, and the controversies that followed