വെസ്റ്റ് ഇന്‍ഡീസിന്റെ എക്കാലത്തെയും സൂപ്പര്‍ താരമാണ് ക്രിസ് ഗെയ്ല്‍. വെടിക്കെട്ട് ബാറ്റിങ്ങിന് പേരു കേട്ട ഗെയ്ല്‍ അന്താരഷ്ട്ര ക്രിക്കറ്റ് കരിയറില്‍ തകര്‍പ്പന്‍ പ്രകടനങ്ങള്‍ക്ക് പുറമെ നിരവധി റെക്കോഡുകളും എഴുതി ചേര്‍ത്തിട്ടുണ്ട്.
ബിഗ് ഹിറ്റിങ്ങിന് പേരുകേട്ട ഗെയിലിന്റെ ആരും കൊതിക്കുന്ന റെക്കോഡായിരുന്നു ഏറ്റവും കൂടുതല്‍ ഇന്റര്‍നാഷണല്‍ സിക്‌സറുകള്‍. എന്നാല്‍ ഇന്ത്യന്‍ ക്യാപ്റ്റനും ഹിറ്റ്മാനെന്ന് വിളിപ്പേരുള്ള രോഹിത് തന്റെ അമ്പരപ്പിക്കുന്ന പ്രകടനങ്ങള്‍ കൊണ്ട് ഗെയ്‌ലിന്റെ റെക്കോഡ് മറികടന്നിരുന്നു.
Chris Gayle
ഇപ്പോള്‍ മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ റെക്കോഡുകള്‍ തിരുത്തപ്പെടുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയാണ് ഗെയ്ല്‍. ക്രിക്കറ്റില്‍ റെക്കോഡുകള്‍ നിലനില്‍ക്കില്ലെന്നും പുതിയ താരങ്ങള്‍ അത് തകര്‍ത്തുകൊണ്ടിരിക്കുമെന്നും ഗെയ്ല്‍ പറഞ്ഞു.
മാത്രമല്ല സിക്‌സര്‍ റെക്കോഡില്‍ തന്നെ മറികടന്ന രോഹിത് ശര്‍മയെയും ഗെയില്‍ പ്രശംസിച്ചു. ഹിറ്റ്മാന്‍ എന്നാണ് രോഹിത്തിന്റെ പേരെന്നും ഒരിക്കല്‍ കാണികളെ തങ്ങള്‍ ഒരുമിച്ച് രസിപ്പിച്ചെന്നും എന്നാല്‍ രോഹിത് ഇപ്പോഴും അത് തുടരുന്നു എന്നും ഗെയ്ല്‍ പറഞ്ഞു.
‘ ക്രിക്കറ്റില്‍ ഒരു റെക്കോഡും എന്നും നിലനില്‍ക്കുന്നതല്ലല്ലോ. നല്ല കളിക്കാര്‍ എപ്പോഴും പുതിയ ഉയരങ്ങളിലേക്ക് പോയിക്കൊണ്ടിരിക്കും. സിക്സറുകളുടെ എണ്ണത്തില്‍ എന്നെ മറികടന്ന രോഹിത് ശര്‍മയ്ക്ക് അഭിനന്ദനങ്ങള്‍. അദ്ദേഹം ഹിറ്റ്മാനാണ്, ഹിറ്റ് ചെയ്യുക എന്നതാണ് രോഹിത്തിന്റെ ആദ്യത്തെ ചിന്ത തന്നെ. ഒരിക്കല്‍ ഞങ്ങള്‍ ഒന്നിച്ച് കാണികളെ രസിപ്പിച്ചു, അദ്ദേഹം ഇപ്പോഴും ആ രസച്ചരട് പൊട്ടിക്കാതെ മുന്നോട്ടു പോകുന്നതില്‍ സന്തോഷമേയുള്ളൂ,’ ഗെയ്ല്‍ പറഞ്ഞു.
2025 ഫെബ്രുവരി 19 ആരംഭിക്കുന്ന ചാമ്പ്യന്‍സ് ട്രോഫി സെമി ഫൈനലില്‍ ഏതൊക്കെ ടീമുകള്‍ ഇടം നേടുമെന്നും ഗെയ്ല്‍ പറഞ്ഞു. എന്നാല്‍ തന്റെ ടീമായ വെസ്റ്റ് ഇന്‍ഡീസ് ടൂര്‍ണമെന്റില്‍ ഇല്ലാത്തത് വിഷമമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ചാമ്പ്യന്‍സ് ട്രോഫി വീണ്ടും നടക്കുന്നതില്‍ സന്തോഷമുണ്ട്, എന്നാല്‍ ഇത്തവണ വെസ്റ്റ് ഇന്‍ഡീസ് ഇല്ലാത്തതില്‍ വിഷമവുമുണ്ട്. യൂണിവേഴ്സസ് ബോസിന്റെ ടീമില്ലാതെയാണ് ചാമ്പ്യന്‍ഷിപ് നടക്കുന്നതെങ്കി ലും ബോസ് കളി കാണാനുണ്ടാവും. സെമി ഫൈനലിനെക്കുറിച്ച് പറയുമ്പോള്‍ ആദ്യം മനസില്‍ വരുന്ന ടീമുകള്‍ ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ന്യൂസീലാന്‍ഡ് എന്നിവരാണ്,’ ഗെയ്ല്‍ പറഞ്ഞു.
Content Highlight: Chris Gayle Talking About Rohit Sharma And His Performance