| Saturday, 3rd August 2019, 3:26 pm

ഒരോവറില്‍ 32 റണ്‍സ്; ടി-20യില്‍ വീണ്ടും ഗെയ്‌ലാട്ടം- വീഡിയോ

സ്പോര്‍ട്സ് ഡെസ്‌ക്

ടി-20 യില്‍ വീണ്ടും വിന്‍ഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ വെടിക്കെട്ട്. ഗ്ലോബല്‍ ടി-20 ലീഗിലാണ് ഗെയ്‌ലിന്റെ തകര്‍പ്പന്‍ പ്രകടനം.

പാകിസ്താന്‍ താരം ഷദബ് ഖാന്റെ ഒരോവറില്‍ നാല് സിക്‌സും രണ്ട് ഫോറുമടക്കം 32 റണ്‍സാണ് ഗെയ്ല്‍ അടിച്ചെടുത്തത്.

ഗെയ്‌ലിന്റെ തകര്‍പ്പന്‍ പ്രകടനത്തിന്റെ പിന്‍ബലത്തില്‍ എഡ്മന്റണ്‍ റോയല്‍സിനെതിരെ വാന്‍കോവര്‍ നൈറ്റ്‌സ് ആറ് വിക്കറ്റിന് ജയിച്ചു. ഗെയ്ല്‍ 44 പന്തില്‍ 94 റണ്‍സെടുത്തു. ആകെ ഒമ്പത് സിക്‌സും ആറ് ഫോറും ഗെയ്‌ലിന്റെ ഇന്നിംഗ്‌സില്‍ ഉള്‍പ്പെട്ടു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത് എഡ്മന്റ് റോയല്‍സ് 165 റണ്‍സാണെടുത്തത്. മറുപടി ബാറ്റിംഗിനിറങ്ങിയ വാന്‍കോവറിന് ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ മുഹമ്മദ് ഹഫീസിനെ നഷ്ടപ്പെട്ടു. എന്നാല്‍ ഒരറ്റത്ത് ആക്രമിച്ചു കളിച്ച ഗെയ്ല്‍ കീഴടങ്ങാന്‍ കൂട്ടാക്കിയില്ല.

വാള്‍ട്ടണനൊപ്പം ചേര്‍ന്ന് ഗെയ്ല്‍ ടീമിനെ വിജയത്തിലേക്ക് നയിച്ചു. 17 റണ്‍സെടുത്ത് വാള്‍ട്ടണ്‍ പുറത്തായതൊന്നും ഗെയ്‌ലിനെ ബാധിച്ചില്ല. ഷദബ് ഖാനെറിഞ്ഞ 13ാം ഓവറിലാണ് ഗെയ്ല്‍ വിശ്വരൂപം പൂണ്ടത്. 6,6,4,4,6,6 എന്നിങ്ങനെയായിരുന്നു ആ ഓവറിലെ ഗെയ്‌ലിന്റെ പ്രകടനം.

തൊട്ടടുത്ത ഓവറില്‍ കട്ടിംഗിന്റെ പന്തില്‍ നവാസിന് ക്യാച്ച് നല്‍കി ഗെയ്ല്‍ മടങ്ങി. പിന്നാലെയെത്തിയ ആന്ദ്രെ റസലും കട്ടിംഗിന് വിക്കറ്റ് നല്‍കി. മാലിക്കുമായി ചേര്‍ന്ന് ഡാനിയന്‍ സാംസാണ് വാന്‍കോവറിനെ വിജയത്തിലേക്ക് നയിച്ചത്.

രണ്ട് ദിവസം മുന്‍പാണ് ലീഗിലെ മറ്റൊരു മത്സരത്തില്‍ പുറത്താവാതെ 122 റണ്‍സെടുത്തത്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more