ദുബായ്: കളിക്കളത്തിലെ ആഘോഷങ്ങളില്‍ എന്നും തന്റേതായ കൈയൊപ്പ് ചാര്‍ത്തുന്ന താരമാണ് വിന്‍ഡീസ് വെടിക്കെട്ട് താരം ക്രിസ് ഗെയ്ല്‍. ഡാന്‍സ് കളിച്ച് സഹതാരങ്ങള്‍ക്കൊപ്പം ടീമിന്റെ നേട്ടവും സ്വന്തം നേട്ടവും ആഘോഷിക്കുന്ന ഗെയ്‌ലിന്റെ പ്രകടനത്തിന് ലോകകപ്പ് വേദിയിലും മാറ്റമൊന്നുമില്ല.
ശനിയാഴ്ച ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തില്‍ മിച്ചല്‍ മാര്‍ച്ചിനെ പുറത്താക്കിയ ഗെയ്‌ലിന്റെ പ്രകടനം ഏവരേയും അമ്പരപ്പിക്കുന്നതായിരുന്നു. ഓട്ടായി പവലിയനിലേക്ക് മടങ്ങുകയായിരുന്ന മിച്ചല്‍ മാര്‍ഷിന് പുറകിലൂടെ പോയ ഗെയ്ല്‍ ചിരിച്ചുകൊണ്ട് അദ്ദേഹത്തിന്റെ തോളിലേക്ക് കയറുകയായിരുന്നു.
ചിരിച്ചുകൊണ്ട് ഗെയ്‌ലിനെ ചേര്‍ത്തുപിടിച്ചാണ് മാര്‍ഷും ഇതിന് മറുപടി നല്‍കിയത്.
അതേസമയം ലോകകപ്പില്‍ നിന്ന് നിലവിലെ ചാമ്പ്യന്‍മാരായ വിന്‍ഡീസ് ഇതിനോടകം പുറത്തായിട്ടുണ്ട്. ശനിയാഴ്ച എട്ട് വിക്കറ്റിനാണ് വിന്‍ഡീസ്, ഓസീസിനോട് പരാജയപ്പെട്ടത്.
വിന്‍ഡീസ് ഉയര്‍ത്തിയ 158 റണ്‍സ് വിജയലക്ഷ്യം വെറും 16.2 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഓസീസ് മറികടന്നു. അര്‍ധസെഞ്ചുറി നേടിയ ഡേവിഡ് വാര്‍ണറും മിച്ചല്‍ മാര്‍ഷുമാണ് ഓസീസിന് അനായാസ വിജയം സമ്മാനിച്ചത്.
വാര്‍ണര്‍ 56 പന്തുകളില്‍ നിന്ന് 89 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. മിച്ചല്‍ മാര്‍ഷ് 53 റണ്‍സ് നേടി.
ആദ്യം ബാറ്റുചെയ്ത വെസ്റ്റ് ഇന്‍ഡീസ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെടുത്തു. 44 റണ്‍സടിച്ച നായകന്‍ കെയ്‌റോണ്‍ പൊള്ളാര്‍ഡാണ് വിന്‍ഡീസിനെ മാന്യമായ സ്‌കോറിലെത്തിച്ചത്.