ട്രിനിഡാഡ്: തനിക്ക് ഒരങ്കത്തിനു കൂടി ബാല്യമുണ്ടെന്നു വിളിച്ചുപറഞ്ഞുകൊണ്ട് വെസ്റ്റ് ഇന്‍ഡീസിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയിലിന്റെ ഇടിവെട്ട് ബാറ്റിങ്. ഇന്ത്യക്കെതിരെ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ 41 പന്തില്‍ 72 റണ്‍സ് നേടിയ ഗെയ്ല്‍ 11 ഓവറില്‍ത്തന്നെ വിന്‍ഡീസ് സ്‌കോര്‍ 120-ലെത്തിച്ചു.
ഒരുപക്ഷേ ഗെയ്‌ലിന്റെ അവസാന അന്താരാഷ്ട്ര മത്സരമാകും ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയോടെയാണ് വിരമിക്കാന്‍ ഉദ്ദേശിച്ചിരുന്നതെങ്കിലും ടെസ്റ്റ് ടീമില്‍ അദ്ദേഹത്തിന് ഇടം പിടിക്കാനായില്ല.
ഇന്ന് ട്രിനിഡാഡിലെ പോര്‍ട്ട് ഓഫ് സ്‌പെയിനില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റിങ് തെരഞ്ഞെടുത്ത കരീബിയന്‍ പടയ്ക്കു സ്വപ്‌നതുല്യമായ തുടക്കമാണ് ഗെയ്‌ലും എവിന്‍ ലൂയിസും ചേര്‍ന്നു നല്‍കിയത്.
അഞ്ച് സിക്‌സറിന്റെയും എട്ട് ഫോറിന്റെയും സഹായത്തോടെയാണ് ഗെയ്ല്‍ 72 റണ്‍സെടുത്തത്. ലൂയിസ് 29 പന്തില്‍ മൂന്ന് സിക്‌സറിന്റെയും അഞ്ച് ഫോറിന്റെയും സഹായത്തോടെ 43 റണ്‍സെടുത്തു.
ലൂയിസ് 10.5-ാമത്തെ ഓവറില്‍ ആദ്യ വിക്കറ്റായി പുറത്താകുമ്പോള്‍ വിന്‍ഡീസ് സ്‌കോര്‍ 115-ലെത്തിയിരുന്നു. അടുത്ത ഓവറില്‍ ഗെയ്‌ലും പുറത്തായി.
ഇപ്പോള്‍ ഷായ് ഹോപ്പും ഷിംറോണ്‍ ഹെറ്റ്‌മെയറുമാണ് ക്രീസില്‍ നില്‍ക്കുന്നത്. കളി 21 ഓവര്‍ പിന്നിട്ടപ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ വിന്‍ഡീസ് 152 റണ്‍സെടുത്തിട്ടുണ്ട്.
ഇന്ത്യക്കു വേണ്ടി ഖലീല്‍ അഹമ്മദ്, യുസ്‌വേന്ദ്ര ചാഹല്‍ എന്നിവരാണ് വിക്കറ്റുകള്‍ വീഴ്ത്തിയത്. ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, ഖലീല്‍ എന്നിവര്‍ ഗെയ്‌ലിന്റെയും ലൂയിസിന്റെയും ബാറ്റിന്റെ ചൂട് നന്നായറിഞ്ഞു.
ആദ്യ മത്സരം മഴമൂലം മുടങ്ങിയിരുന്നു. രണ്ടാമത്തെ മത്സരത്തില്‍ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യ ജയം കണ്ടെത്തി. ഇതോടെ പരമ്പര സമനിലയിലാക്കാന്‍ വിന്‍ഡീസിന് ഈ മത്സരം ജയിക്കണം. അതേസമയം മഴമൂലം കളി മുടങ്ങിയാല്‍പ്പോലും ഇന്ത്യ പരമ്പര നേടും.