ഐ.പി.എല്ലില്‍ മാത്രമല്ല കുട്ടിക്രിക്കറ്റ് എവിടെയുണ്ടോ, അവിടെയെല്ലാം ലക്ഷക്കണക്കിന് ആരാധകരുള്ള താരമാണ് ക്രിസ്റ്റഫര്‍ ഹെന്റി ഗെയ്ല്‍ എന്ന ക്രിസ് ഗെയ്ല്‍. ഐ.പി.എല്ലില്‍ തകര്‍ക്കപ്പെടാതെ കിടക്കുന്ന നിരവധി റെക്കോഡുകള്‍ ഇന്നും താരത്തിന്റെ പേരില്‍ തന്നെയാണ്.
എന്നാല്‍ 2022 ഐ.പി.എല്ലില്‍ ഗെയ്ല്‍ പങ്കെടുത്തിരുന്നില്ല. ഗെയ്‌ലിന്റെ ആകാശം തൊടുന്ന ഷോട്ടുകള്‍ തന്നെയായിരിക്കും ആരാധകര്‍ മിസ് ചെയ്തത്.
എന്നാലിപ്പോള്‍, ഐ.പി.എല്ലില്‍ തനിക്ക് അര്‍ഹിച്ച പരിഗണന ലഭിച്ചില്ല എന്ന് പറയുകയാണ് ക്രിസ് ഗെയ്ല്‍. ഇക്കാരണത്താലാണ് താന്‍ 2022 സീസണില്‍ കളിക്കാതിരുന്നതെന്നും താരം പറയുന്നു.
മിറര്‍.കോ.യു.കെ (mirror.co.uk) ആണ് ഗെയ്‌ലിനെ ഉദ്ധരിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.
‘കഴിഞ്ഞ രണ്ട് വര്‍ഷമായി ഐ.പി.എല്‍ എന്നോട് ശരിയായ രീതിയിലല്ല പെരുമാറുന്നത് എന്നെനിക്ക് പലപ്പോഴായി തോന്നിയിരുന്നു.
അപ്പോള്‍ ഞാന്‍ കരുതി സ്‌പോര്‍ട്‌സിനും ഐ.പി.എല്ലിനും ഇത്രയൊക്കെ ചെയ്തിട്ടും അവര്‍ എനിക്ക് അര്‍ഹിച്ച ബഹുമാനമോ പരിഗണനയോ നല്‍കിയില്ല. അങ്ങനെയെങ്കില്‍ ഡ്രാഫ്റ്റില്‍ പ്രവേശിക്കാന്‍ മെനക്കെടുന്നില്ല എന്ന് ചിന്തിച്ചു.
അക്കാര്യം ഞാന്‍ അതേപടി ഉപേക്ഷിക്കുകയായിരുന്നു. ക്രിക്കറ്റിന് ശേഷമുള്ള ജീവിതമാവും എന്നും ഉണ്ടാവുക. അതിനാല്‍ ഞാന്‍ സാധാരണഗതിയിലേക്ക് മാറാന്‍ ശ്രമിക്കുകയാണ്,’ ഗെയ്‌ലിനെ ഉദ്ധരിച്ച് മിറര്‍.കോ.യു.കെ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഐ.പി.എല്ലിലെ ബിഗ് ഫിഷുകളിലൊന്നായ ക്രിസ് ഗെയ്‌ലിനെ സംബന്ധിച്ച കഴിഞ്ഞ സീസണുകള്‍ അത്രകണ്ട് മികച്ചതായിരുന്നില്ല. ഗെയ്‌ലിന്റെ പ്രതാപ കാലത്തെ ലാഞ്ഛന മാത്രമായിരുന്നു അദ്ദേഹത്തിന്റെ പ്രകടനത്തില്‍ കണ്ടത്.
2021ല്‍ പഞ്ചാബ് കിങ്‌സിനൊപ്പം കളിച്ച താരം 125.32 സ്‌ട്രൈക്ക് റേറ്റില്‍ 193 റണ്‍സാണ് നേടിയത്. അതിന് തൊട്ടുമുമ്പത്തെ സീസണില്‍ നേടിയതാകട്ടെ 137.14 സ്‌ട്രൈക്ക് റേറ്റില്‍ 288 റണ്‍സും.