ക്രിക്കറ്റിന്റെ അധിപന്‍ അവരാണ്, അതൊരു യാഥാര്‍ത്ഥ്യമാണ്; ക്രിസ് ഗെയ്ല്‍
Sports News
ക്രിക്കറ്റിന്റെ അധിപന്‍ അവരാണ്, അതൊരു യാഥാര്‍ത്ഥ്യമാണ്; ക്രിസ് ഗെയ്ല്‍
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 26th June 2024, 9:48 am

2024 ടി-20 ലോകകപ്പില്‍ നടന്ന മത്സരത്തില്‍ ഓസ്ട്രേലിയയെ 24 റണ്‍സിന് പരാജയപ്പെടുത്തി ഇന്ത്യ വിജയക്കുതിപ്പ് തുടരുകയാണ്. സൂപ്പര്‍ 8ലെ മൂന്ന് മത്സരങ്ങളും വിജയിച്ചതിന് പിന്നാലെ ഇന്ത്യ സെമി ഫൈനലിന് യോഗ്യതയും നേടിക്കഴിഞ്ഞു.

കഴിഞ്ഞ മത്സരത്തില്‍ ഗ്രോസ് ഐലറ്റിലെ ഡാരന്‍ സമി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ത്യ ഉയര്‍ത്തിയ 206 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഓസ്ട്രേലിയക്ക് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

ഗ്രൂപ്പ് 1-ല്‍ നിന്നും സെമിയില്‍ പ്രവേശിക്കുന്ന ആദ്യ ടീം ഇന്ത്യയാണ്. തുടര്‍ന്ന് ബംഗ്ലാദേശിനെ പുറത്താക്കി അഫ്ഗാനിസ്ഥാനും സെമി ഉറപ്പിച്ചു. ഗ്രൂപ്പ് 2ല്‍ നിന്നും രണ്ടാം സ്ഥാനക്കാരായാണ് ഇംഗ്ലണ്ട് സെമിക്ക് യോഗ്യത നേടിയത്.

ടി-20 ലോകകപ്പില്‍ വിജയക്കുതിപ്പ് തുടരുന്ന ഇന്ത്യയെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്ല്‍. ഇന്ത്യയാണ് ക്രിക്കറ്റിനെ മുന്നോട്ടുകൊണ്ടുപോകുന്നതെന്നും അതില്‍ ആര്‍ക്കും ഇന്ത്യയെ ചോദ്യം ചെയ്യാന്‍ കഴിയില്ലെന്നുമാണ് ഗെയ്ല്‍ പറഞ്ഞത്.

‘ഇന്ത്യയോട് സംസാരിക്കാന്‍ ആര്‍ക്കും കഴിയില്ല. ഇന്ത്യയാണ് ക്രിക്കറ്റ് മുന്നോട്ടു കൊണ്ട്‌പോകുന്നത്. നിങ്ങള്‍ യാഥാര്‍ത്ഥ്യം മനസിലാക്കണം! അത് വസ്തുതയാണ്. ആര്‍ക്കാണ് അതില്‍ തര്‍ക്കിക്കാനുള്ളത്, ആരാണ് ഇന്ത്യയെ വെല്ലുവിളിക്കാന്‍ പോകുന്നത്? ആരുമില്ല, അവരാണ് ക്രിക്കറ്റ് മുന്നോട്ട് കൊണ്ടുപോകുന്നത്,’ക്രിസ് ഗെയ്ല്‍.

ജൂണ്‍ 27ന് ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ നടക്കുന്ന രണ്ടാം സെമി ഫൈനലില്‍ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികള്‍.

 

Content Highlight: Chris Gayle Praises Indian Cricket Team