| Friday, 30th March 2018, 12:35 pm

എന്നെ ബാധിക്കുന്നതല്ല, എന്നാലും ഇതല്‍പ്പം കൂടിപ്പോയി; 'എന്റെ വീടിന്റെ വാതിലുകള്‍ എപ്പോഴും നിങ്ങള്‍ക്കായി തുറന്നു കിടക്കും'; ഓസീസ് താരങ്ങളോട് ക്രിസ് ഗെയ്ല്‍

സ്പോര്‍ട്സ് ഡെസ്‌ക്

ജമൈക്ക: ഓസീസ് ക്രിക്കറ്റിനെ പിടിച്ചു കുലുക്കിയ ബോള്‍ ടാംപറിങ് വിവാദം ലോക ക്രിക്കറ്റിലാകെ പ്രതിഫലിച്ചുകൊണ്ടിരിക്കുകയാണ്. താരങ്ങള്‍ക്ക് ഒരുവര്‍ഷം വിലക്കേര്‍പ്പെടുത്തിയ നടപടിയെ അനുകൂലിച്ചും പ്രതികൂലിച്ചും മറ്റു താരങ്ങളെല്ലാം രംഗത്തെത്തുകയും ചെയ്തു. ഇന്നലെ നാട്ടില്‍ തിരിച്ചെത്തിയ സ്മിത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറുകയും ചെയ്തതോടെ നിരവധി താരങ്ങള്‍ കളിക്കാര്‍ക്ക് പിന്തുണയുമായി രംഗത്തെത്തുകയായിരുന്നു.

ഇന്ത്യന്‍ താരം രോഹിത് ശര്‍മ്മയും സച്ചിന്‍ ടെന്‍ഡുല്‍ക്കറുമെല്ലാം ഇന്നലത്തെ വാര്‍ത്താ സമ്മേളനത്തെ കുറിച്ച് സംസാരിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ വിന്‍ഡീസ് സൂപ്പര്‍ താരം ക്രിസ് ഗെയിലും താരങ്ങളെ അനുകൂലിച്ച് രംഗത്തെത്തിയിരിക്കുകയാണ്.

ഇനിയുള്ള കാലം ഈ സംഭവത്തിന്റെ പേരിലാകും ഓസീസ് താരങ്ങള്‍ക്ക് ജീവിക്കേണ്ടി വരികയെന്ന് പറഞ്ഞ ഗെയില്‍ അവരെ അതില്‍ നിന്നു മോചിപ്പിക്കണമെന്നും കൂട്ടിച്ചേര്‍ത്തു. ജമൈക്കയിലെ തന്റെ വീടിന്റെ വാതിലുകള്‍ ഓസീസ് താരങ്ങള്‍ക്കായി തുറന്നു കിടക്കുകയാണെന്നും അദ്ദേഹം ട്വിറ്റര്‍ പോസ്റ്റിലൂടെ പറഞ്ഞു.

“ഇതെന്റെ ബിസിനസ് അല്ല, എല്ലാം അവസാനിച്ചതുമാണ്. പക്ഷേ ഒരുവര്‍ഷം എന്നത് കുറച്ച് കൂടിപ്പോയെന്നാണ് തോന്നുന്നത്. ഈ മൂന്നു യുവതാരങ്ങള്‍ക്ക്. നിങ്ങള്‍ക്ക് മുന്നില്‍ ഒരുപാട് കാലം കിടക്കുന്നുണ്ട്. ഒരുപാട് സഞ്ചരിക്കാനുണ്ട്. ഒന്നും അവസാനിപ്പിക്കരുത്. എപ്പോഴും ജമൈക്കയിലെ എന്റെ വീട്ടിലേക്ക് നിങ്ങള്‍ക്ക് വരാം” ഗെയില്‍ പറഞ്ഞു.

നേരത്തെ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡൂപ്ലെസിയും ഓസീസ് താരങ്ങളെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. സ്മിത്തിനോട് സഹതാപമുണ്ടെന്ന് വ്യക്തമാക്കിയ ദക്ഷിണാഫ്രിക്കന്‍ ഡൂപ്ലെസി ഓസീസ് ക്യാപ്റ്റന് വിധിച്ച ശിക്ഷ കൂടിപ്പോയെന്നും വിമര്‍ശിച്ചിരുന്നു. “ഭ്രാന്തമായ ആഴ്ചയാണ് കഴിഞ്ഞുപോയത്. അദ്ദേഹം കടന്നുപോകുന്ന അവസ്ഥയോട് എനിക്ക് സഹതാപം ഉണ്ട്. അദ്ദേഹം നല്ലൊരു മനുഷ്യനാണ്. എന്നാല്‍ മോശപ്പെട്ട അവസ്ഥയില്‍ പിടിക്കപ്പെട്ടുവെന്നാണ് ഞാന്‍ കരുതുന്നത്,” ഡുപ്ലെസിസ് പറഞ്ഞു.

We use cookies to give you the best possible experience. Learn more