ഇന്ത്യ-സൗത്ത് ആഫ്രിക്ക ആദ്യ ടി-20ക്കായി കിങ്സ്മീഡ് സ്റ്റേഡിയം ഒരുങ്ങികഴിഞ്ഞു. ആവേശകരമായ മത്സരത്തിനു മുന്നോടിയായി ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് വെസ്റ്റിന്‍ഡീസ് മുന്‍ വെടിക്കെട്ട് ബാറ്റര്‍ ക്രിസ് ഗെയ്ല്‍. ‘ അതിശയകരമായ കളിക്കാരന്‍’ എന്നായിരുന്നു ഗെയ്ല്‍ സൂര്യകുമാറിനെ വിശേഷിപ്പിച്ചത്. സ്റ്റാര്‍ സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിക്കുകയായിരുന്നു ക്രിസ് ഗെയ്ല്‍.
‘എനിക്ക് സൂര്യകുമാര്‍ യാദവിനെ കുറിച്ച് സംസാരിക്കുമ്പോള്‍ വാക്കുകള്‍ തികയാതെ വരും. അവന്‍ വളരെ മികച്ച കളിക്കാരനാണ്. അവന്‍ കളിക്കളത്തില്‍ അടിക്കുന്ന ഓരോ ഷോട്ടുകളും ഗ്രൗണ്ടിന്റെ എല്ലാ ഭാഗത്തും നിലനില്‍ക്കുന്നു. സൂര്യകുമാറിന്റെ സ്‌ട്രൈക്ക് റേറ്റ് വളരെ ശ്രദ്ധേയമാണ്. ഞാന്‍ നേരത്തെ പറഞ്ഞപോലെ ക്രിക്കറ്റില്‍ അവന്റെ ഭാവി വളരെ നല്ലതാണ്,’ ഗെയ്ല്‍ പറഞ്ഞു.
സൂര്യകുമാര്‍ യാദവ് ഗ്രീസില്‍ ബാറ്റ് ചെയ്യുമ്പോള്‍ ബൗളര്‍മാര്‍ക്ക് വലിയ വെല്ലുവിളിയാണെന്നും ഗെയ്ല്‍ പറഞ്ഞു.
‘അവന്‍ ഒരു 360 ഡിഗ്രി ബാറ്റ് ചെയ്യുന്ന താരത്തെ പോലെയാണ്. അതുകൊണ്ടുതന്നെ സൂര്യക്കെതിരെ ബോള്‍ ചെയ്യുമ്പോള്‍ ബൗളര്‍മാര്‍ എത്ര ബുദ്ധിമുട്ടുന്നുണ്ടെന്ന് എനിക്ക് നന്നായി അറിയാം. ബൗളര്‍മാര്‍ അവനെതിരെ തന്ത്രങ്ങള്‍ ഒരുക്കുന്നത് വലിയ വെല്ലുവിളി ആയിരിക്കും,’ ഗെയ്ല്‍ കൂട്ടിചേര്‍ത്തു.
ടി-20 ഫോര്‍മാറ്റില്‍ ഇന്ത്യന്‍ ടീമില്‍ ഒഴിച്ചുകൂടാന്‍ ആവാത്ത പ്രധാന താരങ്ങളില്‍ ഒരാളാണ് സൂര്യകുമാര്‍ യാദവ്. ഇന്ത്യക്കായി 2021ല്‍ ടി-20യില്‍ അരങ്ങേറിയ സ്‌കൈ 58 മത്സരങ്ങളില്‍ നിന്നും 1985 റണ്‍സ് നേടിയിട്ടുണ്ട്. 171.7 സ്‌ട്രൈക്ക് റേറ്റില്‍ ആണ് സൂര്യ ബാറ്റ് വീശുക.
ഐ.സി.സി ഏകദിന ലോകകപ്പിന് ശേഷം ഓസ്‌ട്രേലിയക്കെതിരെ നടന്ന ടി-20 പരമ്പര 4-1ന് സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തില്‍ ഇന്ത്യ സ്വന്തമാക്കിയിരുന്നു. സൗത്ത് ആഫ്രിക്കക്കെതിരെയുള്ള പരമ്പരയിലും സൂര്യയുടെ ഭാഗത്തുനിന്നും മികച്ച പ്രകടനങ്ങള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
content highlight: Chris Gayle on Suryakumar Yadav