കൊല്‍ക്കത്ത: ഐ.പി.എല്ലില്‍ ലോകക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച താരങ്ങള്‍ ഒരുമിക്കുന്ന ടീമുകളിലൊന്നാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി നയിക്കുന്ന ബാംഗ്ലൂര്‍ റോയല്‍ചലഞ്ചേഴ്‌സ്. എബി ഡി വില്ല്യേഴ്‌സ്, ക്രിസ് ഗെയ്ല്‍, തുടങ്ങിയ കൂറ്റനടിക്കാരായിരുന്നു കോഹ്‌ലിക്കൊപ്പം കഴിഞ്ഞ സീസണ്‍ വരെ ബാഗ്ലൂര്‍ ടീമില്‍ അണി നിരന്നത്. എങ്കിലും ആദ്യ പത്ത് സീസണുകളിലും ചാമ്പ്യന്മാരാകാന്‍ കഴിഞ്ഞില്ലെന്നത് ബാംഗ്ലൂര്‍ മാനേജ്‌മെന്റിനെ വലയ്ക്കുന്ന കാര്യമാണ്.
ഇത്തവണ താരലേലത്തില്‍ വമ്പന്‍താരങ്ങളെ സ്വന്തമാക്കി കപ്പുയര്‍ത്താന്‍ വെട്ടോറി പരിശീലിപ്പിക്കുന്ന റോയല്‍ചലഞ്ചേഴ്‌സ് തയ്യാറെടുക്കുമെന്ന് പ്രതീക്ഷിച്ച ആരാധകര്‍ക്ക് അംഗീകരിക്കാന്‍ കഴിയാത്തതായിരുന്നു കരീബിയന്‍ ഇതിഹാസം ക്രിസ് ഗെയിലിനെ ബംഗളൂരു വിട്ടുകളഞ്ഞത്. ആദ്യ ഘട്ടത്തില്‍ ആരും സ്വന്തമാക്കാതിരുന്ന ഗെയ്‌ലിനെ രണ്ടാം ഘട്ടത്തില്‍ രണ്ടുകോടി രൂപയ്ക്കായിരുന്നു കിങ്‌സ് ഇലവന്‍ പഞ്ചാബ് സ്വന്തമാക്കിയത്.
ഇപ്പോള്‍ തങ്ങളെന്ത് കൊണ്ടാണ് ഗെയ്‌ലിനെ ടീമിലെടുക്കാതിരുന്നതെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോഹ്‌ലി. അടുത്ത മൂന്നുവര്‍ഷം കൂടി മുന്നില്‍ക്കണ്ടാണ് ടീം തെരഞ്ഞെടുപ്പ് നടത്തിയതെന്നാണ് വിരാട് പറയുന്നത്. ഗെയ്ല്‍ ടീമിനുവേണ്ടി മികച്ച പ്രകടനങ്ങള്‍ പുറത്തെടുത്ത താരമാണെന്നും വിരാട് പറഞ്ഞു.
“അടുത്ത മൂന്നു വര്‍ഷം കൂടി മുന്നില്‍ കണ്ട് പുതിയൊരു തീരുമാനം ടീം എടുക്കുകയായിരുന്നു. പുതിയ താരങ്ങളെ ടീമിലെത്തിച്ച് ടീമിനെ ബാലന്‍സ് ചെയ്യുക എന്നായിരുന്നു അത്. ഗെയ്‌ലിനോട് ടീമിലേക്ക് എടുക്കാത്തതിന്റെ കാര്യം മറച്ചുവെക്കേണ്ട കാര്യമുണ്ടെന്നു തോന്നുന്നില്ല. ഭാവിയെ കൂടി കണക്കിലെടുത്താണ് ടീമിലേക്ക് പുതിയ താരങ്ങളെ എത്തിച്ചത്.” വിരാട് പറഞ്ഞു.
എല്ലാ കാലത്തും ഒന്നോ രണ്ടോ താരങ്ങളെ ആശ്രയിച്ച് ടീമിന് മുന്നോട്ടു പോവാന്‍ കഴിയില്ലെന്നും കോഹ്ലി പറഞ്ഞു. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരെ ഇന്നു രാത്രിയാണ് റോയല്‍ ചലഞ്ചേഴ്‌സിന്റെ ആദ്യ മത്സരം. കൊല്‍ക്കത്ത ഈഡന്‍ഗാര്‍ഡനാണ് മത്സരവേദി.
ഐ.പി.എല്ലിന്‍റെ സൂപ്പര്‍ വീഡിയോ കാണാം: