കുട്ടിക്രിക്കറ്റിന്റെ ആവേശത്തിലാണ് ക്രിക്കറ്റ് ലോകമൊന്നാകെ. ഐ.സി.സിയുടെ ഈ വര്‍ഷത്തെ ഏക ഗ്ലോബല്‍ ഇവന്റ് എന്നതിനാലും അടുത്ത വര്‍ഷം 50 ഓവര്‍ ലോകകപ്പ് നടക്കുന്നു എന്നതിനാലും ഒരു പ്രത്യേക ആവേശത്തോടെയാണ് ആരാധകര്‍ ഓസ്‌ട്രേലിയില്‍ വെച്ച് നടക്കുന്ന ഈ ലോകകപ്പിനെ നോക്കിക്കാണുന്നത്.
ഈ ലോകകപ്പില്‍ തകര്‍ന്നുവീഴാനുള്ള റെക്കോഡുകളും പുതുതായി സൃഷ്ടിക്കപ്പെടാനുള്ള റെക്കാേഡുകളും ഒട്ടനവധിയാണ്. ടി-20 ലോകകപ്പില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരം എന്ന റെക്കോഡ് ഒരുപക്ഷേ ഇത്തവണ തന്നെ തകര്‍ന്നുവീണേക്കും.
രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, ഡേവിഡ് വാര്‍ണര്‍ എന്നിവരാണ് ടി-20 ലോകകപ്പില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരം എന്ന മഹേല ജയവര്‍ധനെയുടെ റെക്കോഡിന് ഭീഷണിയായി നില്‍ക്കുന്നത്.
ഈ ലോകകപ്പില്‍ 170 റണ്‍സ് നേടിയാല്‍ രോഹിത്തിനും 172 റണ്‍സ് നേടിയാല്‍ വിരാട് കോഹ്‌ലിക്കും 255 റണ്‍സ് നേടിയാല്‍ ഡേവിഡ് വാര്‍ണറിനും മഹേലയെ മറികടക്കാം. മൂവരുടെയും നിലവിലത്തെ ഫോം പരിഗണിക്കുകയാണെങ്കില്‍ ഇത് അനായാസമാണ് താനും.
എന്നാല്‍, ഈ ലോകകപ്പില്‍ പോയിട്ട് അടുത്ത ലോകകപ്പില്‍ പോലും തകര്‍ക്കാന്‍ സാധ്യതയില്ലാത്ത ഒരു റെക്കോഡാണ് ടി-20 ലോകകപ്പിന്റെ ചരിത്രത്തില്‍ തന്നെ തലയുയര്‍ത്തി നില്‍ക്കുന്നത്.
വെസ്റ്റ് ഇന്‍ഡീസിന്റെ ഇതിഹാസ താരം ക്രിസ്റ്റഫര്‍ ഹെന്റി ഗെയ്ല്‍ എന്ന ക്രിസ് ഗെയ്‌ലിന്റെ പേരിലുള്ള റെക്കോഡാണ് സൂപ്പര്‍ താരങ്ങള്‍ക്ക് പോലും അപ്രാപ്യമായി നില്‍ക്കുന്നത്.
ലോകകപ്പില്‍ ഏറ്റവുമധികം സിക്‌സര്‍ നേടുന്ന താരം എന്ന റെക്കോഡാണ് ഗെയലിന്റെ പേരിലുള്ളത്. 63 സിക്‌സറാണ് താരം 33 ഇന്നിങ്‌സില്‍ നിന്നും സ്വന്തമാക്കിയത്. ഇക്കൂട്ടത്തിലെ രണ്ടാമനേക്കാള്‍ കാതങ്ങള്‍ അകലെയാണ് ഗെയ്‌ലിന്റെ സ്ഥാനം. 33 സിക്‌സറാണ് പട്ടികയില്‍ രണ്ടാമതുള്ള യുവരാജ് സിങ്ങിനുള്ളത്.
ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും ഡേവിഡ് വാര്‍ണറുമാണ് പട്ടികയില്‍ മൂന്നാമതുള്ളത്. 31 സിക്‌സറാണ് ഇരുവരുടെയും പേരിലുള്ളത്. ആദ്യ അഞ്ചിലെ ആക്ടീവ് താരങ്ങളും ഇവര്‍ മാത്രമാണ്.
2007 മുതല്‍ 2021 വരെയുള്ള കാലഘട്ടത്തിലാണ് ഗെയ്ല്‍ ഈ സിക്‌സറുകളെല്ലാം അടിച്ചുകൂട്ടിയത്. 63 സിക്‌സറിന് പുറമെ എണ്ണം പറഞ്ഞ ബൗണ്ടറികളും താരം സ്വന്തമാക്കിയിട്ടുണ്ട്. എന്നാല്‍ ബൗണ്ടറികളുടെ എണ്ണത്തില്‍ താരം അല്‍പം പുറകിലാണ്. 78 ഫോറാണ് താരം സ്വന്തമാക്കിയത്. 111 ഫോറുമായി ജവര്‍ധനെയാണ് പട്ടികയിലെ ഒന്നാമന്‍.
ലോകകപ്പില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ രണ്ടാമനും ഗെയ്ല്‍ തന്നെയാണ്. 33 മത്സരത്തില്‍ നിന്നും 965 റണ്‍സാണ് താരം സ്വന്തമാക്കിയത്. 34.46 ശരാശരയില്‍ 142.75 സ്‌ട്രൈക്ക് റേറ്റിലാണ് ഗെയ്ല്‍ റണ്ണടിച്ചുകൂട്ടിയത്.
സിക്‌സറുകളുടെ എണ്ണത്തില്‍ രോഹിത്തിനും വാര്‍ണറിനും മറികടക്കാന്‍ സാധിക്കില്ലെങ്കിലും ഏറ്റവുമധികം റണ്‍സ് നേടുന്ന താരങ്ങളുടെ പട്ടികയില്‍ ഗെയ്‌ലിനെ മറികടക്കാന്‍ ഇരുവര്‍ക്കും സാധിക്കും.
Content highlight: Chris Gayle holds the record of most sixes in T20 world cup