Advertisement
Sports News
ഈ റെക്കോഡൊക്കെ ആര് തകര്‍ക്കാനാണ്, എപ്പോള്‍ തകര്‍ക്കാനാണ്; വിരാടിന് പൊലും എത്താത്ത ഉയരത്തില്‍ ക്രിസ്റ്റഫര്‍ ഹെൻറി ഗെയ്ല്‍
സ്പോര്‍ട്സ് ഡെസ്‌ക്
2023 May 22, 08:33 am
Monday, 22nd May 2023, 2:03 pm

ഐ.പി.എല്ലിലെ ഏറ്റവുമധികം സെഞ്ച്വറികളുടെ റെക്കോഡില്‍ ക്രിസ് ഗെയ്‌ലിനെ മറികടന്ന് വിരാട് കോഹ്‌ലി ഒന്നാമതെത്തിയിരുന്നു. തുടര്‍ച്ചയായ രണ്ട് മത്സരങ്ങളില്‍ സെഞ്ച്വറി നേടിയാണ് വിരാട് ഗെയ്‌ലിനെ മറികടന്നത്.

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ സെഞ്ച്വറി നേടി ഗെയ്‌ലിന്റെ ആറ് സെഞ്ച്വറിയുടെ റെക്കോഡിനൊപ്പമെത്തിയ വിരാട് തൊട്ടടുത്ത മത്സരത്തില്‍ ടേബിള്‍ ടോപ്പേഴ്‌സായ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ മറ്റൊരു സെഞ്ച്വറിയും നേടി ഗെയ്‌ലിനെ മറികടക്കുകയായിരുന്നു.

 

 

ഐ.പി.എല്ലില്‍ ഗെയ്‌ലിനെ മറികടക്കാന്‍ വിരാടിന് സാധിച്ചിട്ടുണ്ടെങ്കിലും ടി-20 ഫോര്‍മാറ്റ് ഒന്നായെടുക്കുമ്പോള്‍ ഗെയ്‌ലിനെ മറികടക്കാന്‍ വിരാടിന് അടുത്തൊന്നും സാധിക്കില്ല. വിരാടിനെന്നല്ല ഒരാള്‍ക്കും തന്നെ അത്രയെളുപ്പത്തില്‍ എത്തിപ്പിടിക്കാന്‍ സാധിക്കാത്ത ഉയരത്തിലാണ് ഗെയ്ല്‍ തന്റെ റെക്കോഡ് സൃഷ്ടിച്ചിരിക്കുന്നത്.

ടി-20 ഫോര്‍മാറ്റില്‍ 22 തവണയാണ് ഗെയ്ല്‍ ട്രിപ്പിള്‍ ഡിജിറ്റ് കണ്ടെത്തിയത്.

2005 മുതല്‍ 2022 വരെ ടി-20 ഫോര്‍മാറ്റിന്റെ ഭാഗമായ ഗെയ്ല്‍ 463 മത്സരത്തിലെ 455 ഇന്നിങ്‌സുകളില്‍ നിന്നുമായി 14,562 റണ്‍സാണ് അടിച്ചുകൂട്ടിയത്. 36.22 എന്ന ശരാശിയിലും 144.75 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലുമാണ് വിരാട് റണ്ണടിച്ചുകൂട്ടിയത്.

2013ല്‍ ഐ.പി.എല്ലില്‍ പൂനെ വാറിയേഴ്‌സിനെതിരെ 66 പന്ത് നേരിട്ട് പുറത്താകാതെ നേടിയ 175 റണ്‍സാണ് താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. ടി-20 ഫോര്‍മാറ്റിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറും ഇതുതന്നെ.

 

22 സെഞ്ച്വറിക്ക് പുറമെ 88 അര്‍ധ സെഞ്ച്വറിയും നേടിയ ഗെയ്ല്‍ തന്നെയാണ് സിക്‌സറുകളുടെ എണ്ണത്തിലും മുമ്പന്‍. 1,056 സിക്‌സറാണ് ഗെയ്ല്‍ സ്റ്റോമിലൂടെ പിറന്നത്. രണ്ടാം സ്ഥാനത്തുള്ള പൊള്ളാര്‍ഡിന്റെ പേരില്‍ 812 സിക്‌സറാണ് ഉള്ളതെന്ന് അറിയുമ്പോഴാണ് ടി-20യില്‍ ഗെയ്‌ലിന്റെ ടോട്ടല്‍ ഡോമിനേഷന്‍ വ്യക്തമാവുക.

ടി-20യില്‍ ഏറ്റവുമധികം സെഞ്ച്വറി നേടിയ താരങ്ങള്‍

ക്രിസ് ഗെയ്ല്‍ – 22

ബാബര്‍ അസം – 9

വിരാട് കോഹ്‌ലി – 8

മൈക്കല്‍ ക്ലിംഗര്‍ – 8

ആരോണ്‍ ഫിഞ്ച് – 8

ലൂക് റൈറ്റ് – 7

ബ്രണ്ടന്‍ മക്കെല്ലം – 7

കെ.എല്‍. രാഹുല്‍ – 6

ക്വിന്റണ്‍ ഡി കോക്ക് – 6

റിലി റൂസോ – 6

ജേസണ്‍ റോയ് – 6

ഷെയ്ന്‍ വാട്‌സണ്‍ – 6

ജോസ് ബട്‌ലര്‍ – 6

രോഹിത് ശര്‍മ – 6

 

Content highlight: Chris Gayle has scored the most centuries in T20Is