| Tuesday, 17th May 2022, 4:29 pm

ഐ.പി.എല്ലില്‍ പുതിയ പരിപാടിയുമായി റോയല്‍ ചാലഞ്ചേഴ്‌സ്; ഗെയ്‌ലും ഡിവില്ലിയേഴ്‌സും ഇനി ആ പട്ടികയില്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ ‘ഹാള്‍ ഓഫ് ഫെയിം’ അവതരിപ്പിക്കുന്ന ആദ്യ ടീമായി റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു. തങ്ങളുടെ ഹാള്‍ ഓഫ് ഫെയിമിലെ ആദ്യ രണ്ട് പേരായി കരീബിയന്‍ കരുത്തിന്റെ പര്യായമായ ക്രിസ്റ്റഫര്‍ ഹെന്റി ഗെയ്ല്‍ എന്ന ക്രിസ് ഗെയ്‌ലിനേയും മിസ്റ്റര്‍ 360 എ.ബി. ഡി വില്ലിയേഴ്‌സിനേയും ടീം തെരഞ്ഞെടുത്തു.

ഏതെങ്കിലും ഒരു പ്രവര്‍ത്തന മേഖലയില്‍ വ്യക്തികളുടെ പ്രത്യേക നേട്ടത്തെ ആദരിക്കുന്നാണ് ഹാള്‍ ഓഫ് ഫെയിം. ഐ.സി.സി അടക്കം തങ്ങളുടെ ഹാള്‍ ഓഫ് ഫെയിം പട്ടിക പുറത്തിറക്കിയിട്ടുണ്ട്. ഇത്തരത്തില്‍ ഹാള്‍ ഓഫ് ഫെയിം പട്ടിക പുറത്തിറക്കുന്ന ഐ.പി.എല്ലിലെ ആദ്യ ടീമായിരിക്കുകയാണ് ആര്‍.സി.ബി.

റോയല്‍ ചാലഞ്ചേഴ്‌സിന്റെ എക്കാലത്തേയും മികച്ച താരങ്ങളായിരുന്നു ഗെയ്‌ലും ഡി വില്ലിയേഴ്‌സും. ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുന്നത് മുതല്‍ ബൗളര്‍മാരെ കടന്നാക്രമിക്കുന്ന ഗെയ്‌ലും മധ്യനിരയിലെ വിശ്വസ്തനായ എ.ബി. ഡിയും തന്നെയായിരുന്നു ടീമിന്റെ കരുത്ത്.

ഏറെ കാലം കളിച്ച ടീം തങ്ങളെ ഇത്തരത്തില്‍ ആദരിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഇരുവരും പറഞ്ഞു.

‘ഇതെന്തൊരു പ്രിവിലേജാണ് എനിക്ക് ലഭിച്ചിരിക്കുന്നത്. എന്നെ സംബന്ധിച്ച് ഇത് ഏറെ വൈകാരികമാണ്. ആര്‍.സി.ബിയിലെ എല്ലാവര്‍ക്കും പ്രത്യേകിച്ച് വിരാട് കോഹ്‌ലിക്കും ഒരുപാട് നന്ദി. ഇത് എനിക്ക് ഏറെ വിലപ്പെട്ടതാണ്,’ ഡി വില്ലിയേഴ്‌സ് പറഞ്ഞു.

‘എല്ലാത്തിനും നന്ദി ആര്‍.സി.ബി. എന്നെ എന്തിലേക്കെങ്കിലും തെരഞ്ഞെടുക്കുക എന്നത് എന്നെ സംബന്ധിച്ച് ഏറെ സ്‌പെഷ്യലാണ്. ഞാന്‍ ആര്‍.സി.ബിയെ എന്നും എന്റെ ഹൃദയത്തോടൊപ്പമാണ് ചേര്‍ത്തുവെച്ചിരുന്നത്. ചില താരങ്ങള്‍ക്കൊപ്പം നിരവധി ഓര്‍മകളും എനിക്കുണ്ട്. വിരാടിന്റെ വാക്കുകള്‍ക്കും ഒരുപാടൊരുപാട് നന്ദി,’ ഗെയ്ല്‍ പറഞ്ഞു.

ഇരുവര്‍ക്കും ഇത്തരത്തില്‍ ഒരു ആദരവ് നല്‍കിയില്‍ താന്‍ ഏറെ സന്തോഷവാനാണെന്നായിരുന്നു മുന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ പ്രതികരണം.

‘ഗെയ്‌ലിനേയും ഡി വില്ലിയേഴ്‌സിനേയും എന്നും ആര്‍.സി.ബിക്കൊപ്പം കാണാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. കാരണം അവര്‍ എന്നും ആ ടീമിന്റെ ഭാഗം തന്നെയാണ്,’ വിരാട് പറയുന്നു.

ഐ.പി.എല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ എക്കാലത്തേയും മികച്ച താരങ്ങളായ ഗെയ്‌ലിനും ഡി വില്ലിയേഴ്‌സിനും അവര്‍ അര്‍ഹിക്കുന്ന ആദരവ് നല്‍കിയതില്‍ ആരാധകര്‍ ഏറെ സന്തോഷത്തിലാണ്.

ഒരുപക്ഷേ ഇരുവരും ടീമിലേക്ക് മടങ്ങിയെത്തിയേക്കുമെന്ന സൂചനകളും പുറത്തുവന്നിരുന്നു.

Content Highlight:  Chris Gayle and AB de Villiers enter RCB Hall of Fame
We use cookies to give you the best possible experience. Learn more