ന്യൂദല്‍ഹി:ബി.ജെ.പിയുടെ ഹാക്ക് ചെയ്യപ്പെട്ട വെബ്‌സൈറ്റ് തിരിച്ചുവന്നതിന് പിന്നാലെ ബി.ജെ.പി തങ്ങളുടെ ടെംപേല്റ്റസ് മോഷ്ടിച്ചെന്ന ആരോപണവുമായി ആന്ധ്രപ്രദേശ് വെബ് ഡിസൈന്‍ കമ്പനി. ആന്ധ്രപ്രദേശിലെ ഡബ്ല്യു3 ലേഔട്ട്‌സ് എന്ന സ്ഥാപനമാണ് ആരോപണവുമായി രംഗത്തെത്തിയത്. കമ്പനിക്ക് യാതൊരു ക്രെഡിറ്റും നല്‍കാതെയാണ് മോഷണമെന്ന് കമ്പനി ആരോപിച്ചു.
രാജ്യത്തിന്റെ ചൗക്കീദാറെന്ന് (കാവല്‍ക്കാരന്‍)? സ്വയം വിശേഷിപ്പിക്കുന്ന നേതാവിന്റെ പാര്‍ട്ടി എങ്ങനെയാണ് ഇത്തരമൊരു കാര്യം ചെയ്യുന്നതെന്നും ഒരു ചെറിയ സ്ഥാപനത്തിന്റെ ചോരയും വിയര്‍പ്പുമാണ് ബി.ജെ.പി മോഷ്ടിച്ചതെന്നും അതു കണ്ടെത്തിയപ്പോള്‍ അവഗണനയാണ് നേരി
ടേണ്ടി വന്നതെന്നും കമ്പനി പറയുന്നു.
ആരോപണം സംബന്ധിച്ച് കമ്പനി ബ്ലോഗ് പോസ്റ്റുചെയ്യുകയായിരുന്നു. “ബി.ജെ.പി ഐ.ടി സെല്‍ ഞങ്ങളുടെ ടെംപ്ലേറ്റ് ഉപയോഗിച്ചതില്‍ ആദ്യം സന്തോഷവും ആവേശവും ഉണ്ടാക്കിയിരുന്നു. എന്നാല്‍ പ്രതിഫലം നല്‍കാതെ ബാക്ക് ലിങ്ക് ഒഴിവാക്കിയശേഷമാണു ഞങ്ങളുടെ ടെംപ്ലേറ്റ് അവര്‍ ഉപയോഗിച്ചിരിക്കുന്നതെന്നത്. നിര്‍മാതാക്കളുടെ പേര് അതില്‍ നല്‍കിയിട്ടില്ല.”കമ്പനി ബ്ലോഗില്‍ പറയുന്നു.
തിരിച്ചറിയാനുള്ള സംവിധാനങ്ങളെല്ലാം നീക്കം ചെയ്തിട്ടുണ്ടെങ്കിലും സ്ഥാപനത്തിന്റെ കോഡ് തന്നെയാണ് ബി.ജെ.പി ഇപ്പോഴും ഉപയോഗിക്കുന്നതെന്നും പേജിന്റെ സോഴ്‌സ്‌കോഡില്‍ ഇതു വ്യക്തമാണെന്നും സ്ഥാപനം അവകാശപ്പെട്ടു. നിര്‍മാതാക്കളുടെ പേര് കൂടി ഉള്‍പ്പെടുത്താന്‍ തയ്യാറാകണമെന്നും സ്ഥാപനം ബി.ജെ.പിയോടു ട്വിറ്ററില്‍ ആവശ്യപ്പെട്ടു.
ആരോപണത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ബി.ജെ.പിക്കെതിരെ വന്‍ വിമര്‍ശനമാണ് ഉയരുന്നത്. കോണ്‍ഗ്രസ് നേതാവ് ദിവ്യ സ്പന്ദന ഉള്‍പ്പെടെയുള്ളവര്‍ ബി.ജെ.പിക്കെതിരെ രംഗത്തെത്തി.