അടുത്തകാലത്തായി ദാവൂദിനെ കുടുക്കാനുള്ള നീക്കങ്ങള്‍ ഇന്ത്യ ശക്തിപ്പെടുത്തിയിട്ടുണ്ട്. പാകിസ്ഥാനിലെ കറാച്ചിയില്‍ ദാവൂദും കുടുംബവും ഒളിച്ചുതാമസിക്കുന്നുണ്ടെന്നതിന് വ്യക്തമായ തെളിവുകള്‍ ഇന്ത്യക്ക് ലഭിച്ചിരുന്നു. ഇതിന് പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയുടെ സഹായവുമുണ്ടെന്നും ഇന്ത്യന്‍ ഏജന്‍സികള്‍ വ്യക്തമാക്കുന്നുണ്ട്.
അതേസമയം രഹസ്യങ്ങള്‍ ചോരുമെന്ന ഭീഷണിയുള്ളതിനാല്‍ ഛോട്ടാരാജനെ ഏതു വിധേനയും വധിക്കുമെന്ന് ദാവൂദിന്റെ സഹായിയായ ഛോട്ടാ ഷക്കീല്‍ ഭീഷണി മുഴക്കിയിട്ടുള്ളതായും റിപ്പോര്‍ട്ടുകളുണ്ട്.
പിടിയിലായ ഛോട്ടാരാജനെ ചോദ്യം ചെയ്യുന്നതോടെ ചുരുളഴിയാത്ത നിരവധി വിവരങ്ങള്‍ പുറത്തുവരും. മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യ പ്രതികളായ ദാവൂദിനെ കുറിച്ചും ടൈഗര്‍ മേമനെ കുറിച്ചുള്ള വിവരങ്ങളുമെല്ലാം ഛോട്ടാരാജനില്‍ നിന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദിച്ചറിയും. ഇതുവഴി, ഡി കമ്പനിയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചും ദാവൂദിന്റെ രഹസ്യ താവളങ്ങളെകുറിച്ചുമുള്ള വിവരങ്ങളും ലഭിക്കും.
അതേസമയം ഇപ്പോള്‍ ബാലി പോലീസിന്റെ കസ്റ്റഡിയിലുള്ള ഛോട്ടാരാജന്‍ തന്നെ ഇന്ത്യക്ക് കൈമാറരുതെന്ന് തങ്ങളോട് ആവശ്യപ്പെട്ടതായി ബാലി പോലീസ് പറഞ്ഞു.
തന്നെ വിട്ടയയ്ക്കണമെന്നും തനിക്ക് സിംബാവേയിലേക്ക് പോകണമെന്നും ഛോട്ടാ രാജന്‍ പറഞ്ഞു. ഓസ്‌ട്രേലിയയില്‍ എത്തുന്നതിന് മുന്‍പ് താന്‍ സിംബാവേയില്‍ ആയിരുന്നെന്നും അവിടേക്ക് പോകാന്‍ തന്നെ അനുവദിക്കണമെന്നുമാണ് അദ്ദേഹം പറഞ്ഞതെന്നും ബാലി പോലീസ് കമ്മീഷണര്‍ റീന്‍ഹാര്‍ഡ് നെയിന്‍ പറഞ്ഞു.
ഓസ്‌ട്രേലിയന്‍ പോലീസ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്തോനീഷ്യയില്‍ വെച്ചാണ് ഛോട്ടാരാജനെ അറസ്റ്റ് ചെയ്തത്. 1995 മുതല്‍ ഇയാളെ ഇന്റര്‍പോള്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ഓസ്‌ട്രേലിയയില്‍ മറ്റൊരു പേരില്‍ താമസിച്ചുവരികയായിരുന്നു ഛോട്ടാ രാജന്‍. ദാവൂദ് ഇബ്രാഹിമിന്റെ വലംകൈയ്യായിരുന്ന ഇയാള്‍ 20ഓളം കൊലക്കേസുകളില്‍ പ്രതിയാണ്.