ഛോട്ടാ രാജന്‍ മരിച്ചിട്ടില്ല, ജീവനോടെയുണ്ട്; വ്യാജ വാര്‍ത്തകള്‍ തള്ളി ദല്‍ഹി എയിംസ്
national news
ഛോട്ടാ രാജന്‍ മരിച്ചിട്ടില്ല, ജീവനോടെയുണ്ട്; വ്യാജ വാര്‍ത്തകള്‍ തള്ളി ദല്‍ഹി എയിംസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 7th May 2021, 5:48 pm

ന്യൂദല്‍ഹി: അധോലോക കുറ്റവാളി ഛോട്ടാ രാജന്‍ കൊവിഡ് ബാധിച്ചു മരിച്ചുവെന്ന വാര്‍ത്തകള്‍ വ്യാജം. ദല്‍ഹി എയിംസ് അധികൃതര്‍ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

കൊവിഡ് ബാധിച്ച ഛോട്ടാരാജനെ കഴിഞ്ഞ ഏപ്രില്‍ 26നാണ് ദല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്നാണ് ഛോട്ടാ രാജന്‍ മരിച്ചുവെന്ന വാര്‍ത്തകള്‍ ദേശീയ മാധ്യമങ്ങളിലടക്കം പ്രചരിച്ചത്.  ഇതേത്തുടര്‍ന്നാണ് വിശദീകരണവുമായി എയിംസ് അധികൃതര്‍ തന്നെ രംഗത്തെത്തിയത്.

 

ഇന്തോനേഷ്യയിലെ ബാലിയില്‍ നിന്ന് 2015 ല്‍ അറസ്റ്റിലായ രാജേന്ദ്ര നികല്‍ജെ എന്ന ഛോട്ടാ രാജന്‍ ഡല്‍ഹിയിലെ അതീവ സുരക്ഷയുള്ള തിഹാര്‍ ജയിലില്‍ കഴിഞ്ഞു വരികയായിരുന്നു.

കൊലപാതകം, കൊള്ള തുടങ്ങിയവയുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയില്‍ 70ഓളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഛോട്ടാ രാജന്‍. മുംബൈയില്‍ ഇയാള്‍ക്കെതിരെ നിലനില്‍ക്കുന്ന എല്ലാ കേസുകളും സി.ബി.ഐക്ക് കൈമാറിയതിനെത്തുടര്‍ന്ന് ക്രിമിനല്‍ കേസുകള്‍ വിചാരണ ചെയ്യാന്‍ പ്രത്യേക കോടതി രൂപീകരിച്ചിരുന്നു.

2011ല്‍ മാധ്യമ പ്രവര്‍ത്തകയായ ജ്യോതിര്‍മോയ് ഡേയെ കൊലപ്പെടുത്തിയ കേസില്‍ കുറ്റവാളിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഛോട്ടാ രാജനെ 2018ല്‍ കോടതി ജീവപര്യന്തം തടവിന് ശിക്ഷിക്കുകയായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Chotta Rajan Still Alive Says Delhi Aiims