| Sunday, 2nd February 2025, 4:10 pm

സോഷ്യല്‍ മീഡിയക്ക് തീപിടിച്ചു, ഒരു സിഗ്നല്‍ കിട്ടിയിട്ടുണ്ട്.... തലയും ഗ്യാങ്ങും വീണ്ടും വരുന്നുണ്ടെന്നുള്ള സിഗ്നല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബെന്നി പി. നായരമ്പലത്തിന്റെ തിരക്കഥയില്‍ അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത് 2007ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ചോട്ടാ മുംബൈ. മോഹന്‍ലാല്‍ നായകനായ ചിത്രം വിഷു റിലീസായാണ് പ്രേക്ഷകരിലേക്കെത്തിയത്. വാസ്‌കോ ഡ ഗാമയായി മോഹന്‍ലാല്‍ നിറഞ്ഞാടിയ ചിത്രം ഇന്നും സിനിമാപ്രേമികളുടെ ഫേവറെറ്റാണ്. ആദ്യാവസാനം പ്രേക്ഷകരെ എന്റര്‍ടൈന്‍ ചെയ്ത ചിത്രത്തിന് ആരാധകരേറെയാണ്.

ഇപ്പോഴിതാ തലയും ഗ്യാങ്ങും വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് ഒരിക്കല്‍ കൂടിയെത്തുന്നു എന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. മലയാളത്തിലെ മികച്ച ചിത്രങ്ങള്‍ റീ റിലീസ് ചെയ്ത് വിജയമാകുന്ന ട്രെന്‍ഡിലേക്ക് ചോട്ടാ മുംബൈയും വരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. 4K റീമാസ്‌റ്റേഡ് വേര്‍ഷന്‍ അധികം വൈകാതെ തന്നെ തിയേറ്ററുകളിലെത്തുമെന്നുള്ള വാര്‍ത്ത ആരാധകര്‍ ഏറ്റെടുത്തു.

മണിയന്‍പിള്ള രാജുവിന്റെ മകന്‍ നിരഞ്ജാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. നിരഞ്ജ് ഇക്കാര്യം പറഞ്ഞുകൊണ്ടുള്ള കമന്റിന്റെ സ്‌ക്രീന്‍ഷോട്ട് ഇതിനോടകം വൈറലായിക്കഴിഞ്ഞു. ഇതുവരെ റീ റിലീസ് ചെയ്ത മോഹന്‍ലാല്‍ ചിത്രങ്ങളുടെ കളക്ഷന്‍ ചോട്ടാ മുംബൈ തകര്‍ക്കുമെന്നാണ് പ്രതീക്ഷ. മലയാളത്തിലെ എവര്‍ഗ്രീന്‍ ക്ലാസിക്കുകളിലൊന്നായ മണിച്ചിത്രത്താഴും ആദ്യറിലീസില്‍ പ്രേക്ഷകര്‍ കൈയൊഴിഞ്ഞ ദേവദൂതനും റീ റിലീസ് മികച്ച കളക്ഷന്‍ നേടിയിരുന്നു.

മോഹന്‍ലാല്‍- ഭദ്രന്‍ കൂട്ടുകെട്ടില്‍ പിറന്ന സ്ഫടികമാണ് മലയാളത്തില്‍ റീ റിലീസ് ട്രെന്‍ഡിന് തുടക്കം കുറിച്ചത്. ബോക്‌സ് ഓഫീസില്‍ മൂന്ന് കോടിക്കുമുകളിലാണ് സ്ഫടികം റീ റിലീസില്‍ സ്വന്തമാക്കിയത്. ഇതേ ഓളം തന്നെ ദേവദൂതനും മണിച്ചിത്രത്താഴിനും തുടരാനായി. എന്നാല്‍ പൃഥ്വിരാജ് ചിത്രം അന്‍വര്‍, മമ്മൂട്ടി നായകനായ പാലേരി മാണിക്യം, വല്യേട്ടന്‍, ആവനാഴി എന്നീ ചിത്രങ്ങള്‍ റീ റിലീസില്‍ തിളങ്ങാതെ പോയത് വലിയ വാര്‍ത്തയായിരുന്നു.

അതേസമയം മോഹന്‍ലാലിനെ നായകനാക്കി കൃഷന്ദ് സംവിധാനം ചെയ്യുന്ന ചിത്രം മണിയന്‍പിള്ള രാജു നിര്‍മിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഒരുനാള്‍ വരും എന്ന ചിത്രത്തിന് ശേഷം മണിയന്‍പിള്ള രാജു- മോഹന്‍ലാല്‍ കൂട്ടുകെട്ട് ഒന്നിക്കുന്നത് ആരാധകര്‍ക്കിടയില്‍ സന്തോഷമുണ്ടാക്കുകയാണ്. ചിത്രത്തെക്കുറിച്ചുള്ള ഔദ്യോഗിക അറിയിപ്പ് ഉടന്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാനാണ് 2025ല്‍ മോഹന്‍ലാലിന്റെ ആദ്യ റിലീസ്. മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന നിലയിലാണ് എമ്പുരാന്‍ ഒരുങ്ങുന്നത്. ആറ് രാജ്യങ്ങളിലായി 150 ദിവസത്തോളം നീണ്ടുനിന്ന ഷൂട്ടായിരുന്നു എമ്പുരാന്റേത്. കേരളത്തിലെ 90 ശതമാനം തിയേറ്ററിലും എമ്പുരാന്‍ പ്രദര്‍ശനത്തിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Content Highlight: Chotta Mumbai movie plans to re release 4K remastered version

We use cookies to give you the best possible experience. Learn more