മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി ഇന്ത്യയില്‍ നിന്നും ഒളിച്ചോടിയ അധോലോക നായകന് ചോട്ടാ ഷക്കീലിന്റെ ബന്ധു സലീം ഖുറേഷി. സലീം ഫ്രൂട്ട് എന്നും അറിയപ്പെടുന്ന ഇദ്ദേഹത്തിനെതിരെ എം.സി.ഒ.സി.എ (മഹാരാഷ്ട്ര കണ്ട്രോള് ഓഫ് ഓര്‍ഗനൈസ്ഡ് ക്രൈം ആക്റ്റ്) പ്രകാരം കവര്‍ച്ചാ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മുംബൈയിലെ കിഴക്കന്‍ പ്രാന്തപ്രദേശങ്ങളായ മന്‍ഖുര്‍ദ് ശിവാജി നഗറില്‍ നിന്നാണ് സലീം മത്സരിക്കാനൊരുങ്ങുന്നത്.
അസദുദ്ദീന്‍ ഒവൈസിയുടെ പാര്‍ട്ടിയായ എ.ഐ.എം.ഐ.എമ്മില്‍ നിന്നാണോ മത്സരിക്കുന്നതെന്ന ചോദ്യത്തിന് അതെ, തന്നെപ്പോലെ മറ്റ് നിരവധി ആളുകളും ശ്രമിക്കുന്നുണ്ട്, എന്നാല്‍ ഇതില്‍ അന്തിമ തീരുമാനമായിട്ടില്ലെന്നും നല്ലത് സംഭവിക്കട്ടെ എന്നുമായിരുന്നു സല്‍മാന്റെ മറുപടി.
ശിവാജി നഗര്‍, ഗോവണ്ടി, മന്‍ഖുര്‍ഡ് തുടങ്ങിയ പ്രദേശങ്ങളില്‍ സലീം ുറേഷിയുടെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. നിയമസഭാ സീറ്റില്‍ നിന്ന് ഖുറേഷി മത്സരിക്കാന്‍ പദ്ധതിയിട്ടിരിക്കുകയാണെന്ന് പ്രദേശവാസികളും വ്യക്തമാക്കി.
തന്റെ മുന്‍ ക്രിമിനല്‍ കേസുകളെക്കുറിച്ച് ചോദിച്ചപ്പോള്‍ ‘ഇപ്പോള്‍ തന്റെ പേരില്‍ കേസ് ഒന്നുമില്ലെന്നും ഇത് ഒരു ജനാധിപത്യ രാജ്യമാണ്, കഴിഞ്ഞ പത്ത് വര്‍ഷമായി ഞാന്‍ ലളിത ജീവിതം നയിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.