നടനായും നിര്‍മാതാവും കഴിഞ്ഞ 49 വര്‍ഷമായി മലയാള സിനിമ ലോകത്ത് സജീവ സാന്നിധ്യമാണ് മണിയന്‍പിള്ള രാജു. 400ഓളം സിനിമകളില്‍ അഭിനയിക്കുകയും 14 സിനിമകള്‍ നിര്‍മിക്കുകയും ചെയ്തിട്ടുണ്ട് അദ്ദേഹം. മണിയന്‍പിള്ള രാജുവിന്റെ നിര്‍മാണത്തില്‍ മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ഹിറ്റ് സിനിമയായിരുന്നു ഛോട്ടാമുംബൈ.
ആവേശത്തിന്റെ റിലീസിന് ശേഷം ഛോട്ടാമുംബൈയെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായ സാഹചര്യത്തില്‍ ആ സിനിമയുടെ പ്രൊഡക്ഷന്‍ അനുഭവങ്ങള്‍ പങ്കുവെക്കുകയാണിപ്പോള്‍ നിര്‍മാതാവായ മണിയന്‍പിള്ള രാജു. ഗു എന്ന തന്റെ പുതിയ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് മീഡിയവണ്ണിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ അനുഭവങ്ങള്‍ പങ്കുവെച്ചത്.
ഛോട്ടാമുംബൈ അന്‍വര്‍ റഷീദിന്റെ മിടുക്കും മാജിക്കുമാണ് എന്നാണ് മണിയന്‍പിള്ള രാജു പറയുന്നത്. രാജമാണിക്യം കഴിഞ്ഞപ്പോള്‍ തന്നെ മോഹന്‍ലാലിനെ വെച്ച് ഒരു സിനിമ ചെയ്യണമെന്ന് താന്‍ അന്‍വര്‍ റഷീദിനോട് പറഞ്ഞിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
‘അന്‍വര്‍ റഷീദിന്റെ മിടുക്കും മാജിക്കുമാണ് ഛോട്ടാമുംബൈ. രാജമാണിക്യം കഴിഞ്ഞപ്പോള്‍ തന്നെ ഞാന്‍ അന്‍വര്‍ റഷീദിനോട് പറഞ്ഞിരുന്ന മോഹന്‍ലാലിനെ വെച്ച് ഒരു സിനിമ ചെയ്യണമെന്ന്. രാജമാണിക്യത്തില്‍ ഞാന്‍ അഭിനയിക്കുകയും ചെയ്തിരുന്നല്ലോ. രാജമാണിക്യം അത്ഭുത ഹിറ്റാണല്ലോ. എല്ലാതരക്കാര്‍ക്കും ഇഷ്ടമാകുന്ന സിനിമായണല്ലോ രാജമാണിക്യം.
അങ്ങനെയാണ് ബെന്നി പി. നായരമ്പലത്തെയും കൊണ്ട് മോഹന്‍ലാലിന്റെ അടുത്ത് കഥപറയാന്‍ പോകുന്നത്. അപ്പോഴേക്കും ഒരാള്‍ വന്ന് ഒരു സ്‌ക്രാച്ച് ഉണ്ടക്കി. ‘ഛോട്ടാ ഛോട്ടാ മുംബൈ’ എന്ന് തുടങ്ങുന്ന ഒരു രണ്ടുവരി. അത് ഞാന്‍ ലാലിന് അയച്ചുകൊടുത്തു. അദ്ദേഹമത് കോഴിക്കോട് ബേബി മറൈന്‍സില്‍ ഇരുന്ന് കേട്ടപ്പോള്‍ അവിടുത്തെ മക്കളെല്ലാം ഇത് രസമുണ്ടെന്ന് പറഞ്ഞു.
അങ്ങനെ ലാല്‍ നമുക്ക് ആ കഥയൊന്ന് കേള്‍ക്കാമെന്ന് പറഞ്ഞു. അങ്ങനെ കോഴിക്കോട് പോയി കഥപറഞ്ഞപ്പോള്‍ അദ്ദേഹം ഒകെ പറഞ്ഞു. നമുക്ക് തുടങ്ങാമെന്ന് പറഞ്ഞു. ബെന്നി പി. നായരമ്പലം മനോഹരമായി സ്‌ക്രിപ്റ്റ് ചെയ്യുകയും ചെയ്തു. പറഞ്ഞ സമയത്ത് തന്നെ ഷൂട്ട് തീര്‍ക്കുകയും ചെയ്തു,’ മണിയന്‍പിള്ള രാജു പറഞ്ഞു.
content higlights: Chota Mumbai is the brilliance and magic of Anwar Rasheed: Maniyanpilla Raju