കേരളത്തിൽ ഞാൻ സ്ഥിരമായി ചൂസ് ചെയ്തിരുന്നത് ഒരു മുസ്‌ലിം വ്യക്തി നടത്തുന്ന വൃത്തിയുള്ള വെജ് ഹോട്ടൽ; ജഡ്ജിയുടെ പരാമർശം ഹിന്ദുക്കൾക്ക് വൃത്തിയില്ലെന്ന് വളച്ചൊടിച്ച് തീവ്ര ഹിന്ദുത്വവാദികൾ
national news
കേരളത്തിൽ ഞാൻ സ്ഥിരമായി ചൂസ് ചെയ്തിരുന്നത് ഒരു മുസ്‌ലിം വ്യക്തി നടത്തുന്ന വൃത്തിയുള്ള വെജ് ഹോട്ടൽ; ജഡ്ജിയുടെ പരാമർശം ഹിന്ദുക്കൾക്ക് വൃത്തിയില്ലെന്ന് വളച്ചൊടിച്ച് തീവ്ര ഹിന്ദുത്വവാദികൾ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 22nd July 2024, 9:42 pm

ന്യൂദല്‍ഹി: കന്‍വാര്‍ യാത്ര കടന്നുപോകുന്ന വഴികളിലെ കടയുടമകള്‍ നേം ബോര്‍ഡില്‍ പേര് വെക്കണമെന്ന ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് പൊലീസ് പുറപ്പെടുവിച്ച ഉത്തരവിനെതിരായ കേസ് പരി​ഗണിക്കുന്നതിനിടെ കേരളത്തിലെ ഹോട്ടലുകളിലെ അനുഭവം പങ്കുവെച്ച് ജസ്റ്റിസ് എസ്.വി.എന്‍ ഭട്ടി.

വിധി പ്രസ്താവത്തിനിടെ കേരളത്തില്‍ അന്താരാഷട്ര നിലവാരത്തില്‍ ശുചിത്വമുള്ള മുസ്‌ലിം ഉടമസ്ഥതയിലുള്ള വെജ് ഹോട്ടലില്‍ താന്‍ സ്ഥിരമായി പോകാറുണ്ടെന്ന് ജസ്റ്റിസ് എസ്.വി.എന്‍ ഭട്ടി പറഞ്ഞു.

‘കേരളത്തില്‍ ഞാൻ സ്ഥിരമായി പോകാറുള്ളത് ഒരു മുസ്‌ലിം വ്യക്തി നടത്തുന്ന വെജ് ഹോട്ടലിലാണ്. ആ ഹോട്ടലില്‍ ഭക്ഷണത്തിന്റെ സുരക്ഷയും വൃത്തിയുമെല്ലാം അന്താരാഷ്ട്ര നിലവാരത്തിലായിരുന്നു. അതിനാലാണ് എപ്പോഴും ആ ഹോട്ടല്‍ തെരഞ്ഞെടുത്തത്,’ വിധി പറയുന്നതിനിടെ ജസ്റ്റിസ് ഭട്ടി പറഞ്ഞു.

എന്നാല്‍ ജസ്റ്റിസ് ഭാട്ടിയുടെ പ്രസ്താവന നിമിഷനേരം കൊണ്ട് സോഷ്യല്‍ മീഡിയയിലെ വലതുപക്ഷ ഹാന്‍ഡിലുകള്‍ ഏറ്റെടുത്തു. മുസ്‌ലിങ്ങളോടുള്ള പക്ഷപാതത്തിന്റെ പ്രതിഫലനമാണ് ഭട്ടിയുടെ പ്രസ്താവനയെന്ന് വലതുപക്ഷ ഹാന്‍ഡിലുകള്‍ അവകാശപ്പെട്ടു.

മുസ്‌ലിങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തില്‍ വൃത്തി പുലര്‍ത്തുമ്പോള്‍ ഹിന്ദുക്കള്‍ക്ക് വൃത്തിയില്ലെന്നാണോ ജഡ്ജി പറയുന്നതും എക്‌സിലെ ഒരു ഉപയോക്താവ് കമന്റ് ചെയ്തു.

ഹിന്ദുക്കള്‍ അവരുടെ സ്വതന്ത്രമായ തെരഞ്ഞെടുപ്പ് അനുസരിച്ച് നിലവാരമില്ലാത്ത ഹിന്ദു റെസ്‌റ്റോറന്റുകളില്‍ ഭക്ഷണം കഴിക്കും. ജസ്റ്റിസ് ഭട്ടിക്ക് മുസ്‌ലിങ്ങളുടെ അന്താരാഷ്ട്ര നിലവാരമുള്ള റസ്‌റ്റോറന്റുകളില്‍ നിന്ന് എത്ര വേണമെങ്കിലും ഭക്ഷണം കഴിക്കാമെന്ന് മറ്റൊരു വ്യക്തി എക്‌സില്‍ കുറിച്ചു.

കോണ്‍ഗ്രസിനെക്കാള്‍ വലിയ മുസ്‌ലിം പ്രീണനമാണ് രാജ്യത്തെ ജഡ്ജിമാര്‍ നടത്തുന്നതെന്ന് റൈറ്റ് സിങ് എന്ന എക്‌സ് ഉപഭോക്താവ് പറഞ്ഞു.

അദ്ദേഹത്തിന് ഇഷ്ടം മുസ്‌ലിം ഉടമസ്ഥതയിലുള്ള ഹോട്ടലുകളാണെന്ന് കരുതി എല്ലാ ഹിന്ദുക്കളും അത് അനുസരിക്കണമെന്നുണ്ടോ. ഇത്തരമൊരു പ്രസ്താവന വഴി ഹിന്ദു സമൂഹം വൃത്തിയില്ലാത്തവരാണെന്നും, ഹിന്ദുവിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലുകള്‍ ബഹിഷ്‌കരിക്കണമെന്നല്ലേ ജഡ്ജി പറഞ്ഞതെന്നും മറ്റൊരാള്‍ ചോദിച്ചു.

കൻവാർ യാത്ര കടന്നു പോകുന്ന വഴികളിലെ ഹോട്ടലുടമകളോട് അവരുടെ പേരുകൾ പ്രദർശിപ്പിക്കാൻ നിർദേശം നൽകിയ യു.പി, ഉത്തരാഖണ്ഡ് സർക്കാർ ഉത്തരവ് തിങ്കളാഴ്ചയാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്. ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, എസ്.വി.എൻ. ഭട്ടി എന്നിവരടങ്ങിയ ബെഞ്ചാണ് സർക്കാർ നിർദേശങ്ങൾ ചോദ്യം ചെയ്ത് സമർപ്പിച്ച ഒരു കൂട്ടം ഹരജികളിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാൽ, ഏത് തരം ഭക്ഷണമാണ് വിളമ്പുന്നതെന്ന് ഹോട്ടലുകൾ പ്രദർശിപ്പിക്കണമെന്നും ബെഞ്ച് വ്യക്തമാക്കി.

ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് സർക്കാരുകളുടെ നിർദേശത്തിനെതിരെ ദൽഹി സർവകലാശാല പ്രൊഫസർ അപൂർവാനന്ദും മനുഷ്യാവകാശ പ്രവർത്തകൻ ആകർ പട്ടേലും ഞായറാഴ്ച സുപ്രീം കോടതിയെ സമീപിച്ചിരുന്നു. വിഷയത്തിൽ മഹുവ മൊയ്ത്ര അടക്കമുള്ള പ്രതിപക്ഷ കക്ഷികളും ഹരജി ഫയൽ ചെയ്തിരുന്നു.

Content Highlight: ‘Chose More Hygienically Maintained Muslim-Owned Veg Hotel In Kerala Over Hindu-Owned Hotel’: Justice Bhatti