കൊച്ചി: പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ ഹിറ്റ് ചിത്രങ്ങളിലൊന്നാണ് കാക്കക്കുയില്‍. ചിത്രത്തിലെ ഗോവിന്ദ ഗോവിന്ദ എന്ന ഹിറ്റ് നമ്പര്‍ ഗാനം ഇന്നും ആരാധകര്‍ നെഞ്ചിലേറ്റുന്ന ഒന്നാണ്.
മോഹന്‍ലാലിനോടൊപ്പം അലാരെ ഗോവിന്ദ ഗാനം ഷൂട്ട് ചെയ്ത ഓര്‍മ്മകള്‍ പങ്കുവെച്ച് കൊറിയോഗ്രാഫര്‍ പ്രസന്ന മാസ്റ്റര്‍ എത്തിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായിരുന്നു.
സുഖമില്ലാതിരുന്ന സമയത്താണ് അത്രയും എനര്‍ജിയുള്ള പാട്ടിന് നൃത്തം ചെയ്യാന്‍ മോഹന്‍ലാല്‍ എത്തിയതെന്നാണ് പ്രസന്ന മാസ്റ്റര്‍ പറയുന്നത്.
‘ലാലേട്ടനോടൊപ്പം ചെയ്യുന്ന ആദ്യത്തെ സിനിമയാണ് കാക്കക്കുയില്‍. അതില്‍ അലാരെ ഗോവിന്ദ പാട്ട് ഷൂട്ട് ചെയ്യുകയാണ്. ഹൈദരാബാദിലായിരുന്നു ലൊക്കേഷന്‍. നല്ല വെയിലായിരുന്നു.
ലാലേട്ടന് ആണെങ്കില്‍ തീരെ സുഖമില്ലായിരുന്നു. മൂപ്പര്‍ക്ക് ജലദോഷം, പനിയൊക്കെയായിട്ട് നല്ല ശരീര വേദനയൊക്കെയുണ്ടായിരുന്നു. ഷൂട്ടിന്റെ അന്ന് അക്യുപങ്ചര്‍ ഒക്കെ ചെയ്താണ് ലൊക്കേഷനില്‍ വന്നത്.
ഗോവിന്ദ സോംഗ് ആണെങ്കില്‍ നല്ല എനര്‍ജി വേണ്ട ഒരു ഹെവി സോംഗ് ആണ്. അത്രയും ക്ഷീണം ഉണ്ടായിട്ടും ലാലേട്ടന്‍ പെര്‍ഫോം ചെയ്തു. ഓരോ ഷോട്ട് കഴിയുമ്പോഴും മൂപ്പര്‍ വന്ന് പറയും. ‘മോനേ എന്റെ ശാരീരികസ്വാസ്ഥ്യം ഒന്നും നോക്കണ്ട, നിനക്ക് ഒക്കെ അല്ലെങ്കില്‍ പറയണം. നമുക്ക് ഒന്നുകൂടി ചെയ്യാമെന്ന്. അതായിരുന്നു അദ്ദേഹത്തിന്റെ ഡെഡിക്കേഷന്‍.
മോഹന്‍ലാല്‍, മുകേഷ്, നെടുമുടി വേണു, കവിയൂര്‍ പൊന്നമ്മ എന്നിവര്‍ പ്രധാനവേഷങ്ങളില്‍ അഭിനയിച്ച് 2001-ല്‍ പ്രദര്‍ശനത്തിനെത്തിയ ഒരു ചിത്രമാണ് കാക്കക്കുയില്‍.
കല്യാണി ഫിലിം സൊസൈറ്റിയുടെ ബാനറില്‍ ലിസി നിര്‍മ്മിച്ച ഈ ചിത്രം സ്വര്‍ഗ്ഗചിത്രയാണ് വിതരണം ചെയ്തത്. ഈ ചിത്രത്തിന്റെ കഥ മുരളി നാഗവള്ളിയുടേതാണ്. തിരക്കഥ, സംഭാഷണം എന്നിവ നിര്‍വ്വഹിച്ചത് പ്രിയദര്‍ശന്‍ തന്നെയായിരുന്നു.