'വിജയ് മല്യ ചോര്‍ ഹെ': ലണ്ടനില്‍ ഇന്ത്യ- ഓസ്‌ട്രേലിയ മത്സരം കാണാനെത്തിയ വിജയ് മല്യയ്‌ക്കെതിരെ മുദ്രാവാക്യം വിളിച്ച് കാണികള്‍
India
'വിജയ് മല്യ ചോര്‍ ഹെ': ലണ്ടനില്‍ ഇന്ത്യ- ഓസ്‌ട്രേലിയ മത്സരം കാണാനെത്തിയ വിജയ് മല്യയ്‌ക്കെതിരെ മുദ്രാവാക്യം വിളിച്ച് കാണികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 10th June 2019, 11:21 am

ലണ്ടന്‍: ഇന്ത്യ- ഓസ്‌ട്രേലിയ ക്രിക്കറ്റ് ലോകകപ്പ് മത്സരം കാണാനായി ലണ്ടനിലെ ഓവല്‍ സ്‌പോര്‍ട്‌സ് ഗ്രൗണ്ടില്‍ എത്തിയ മദ്യവ്യവസായി വിജയ് മല്യയ്‌ക്കെതിരെ മുദ്രാവാക്യം വിളിച്ച് കാണികള്‍.

മത്സരം കഴിഞ്ഞ ശേഷം മടങ്ങുകയായിരുന്ന വിജയ് മല്യയെ തിരിച്ചറിഞ്ഞ ഇന്ത്യക്കാരാണ് വിജയ് മല്യ ചോര്‍ ഹെ എന്ന മുദ്രാവാക്യം ഉയര്‍ത്തിയത്. താങ്കള്‍ ഒരു മനുഷ്യനാണെങ്കില്‍ രാജ്യത്തോട് മാപ്പ് പറയണമെന്നും ചിലര്‍ ഉച്ചത്തില്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു.

എന്നാല്‍ ഇതൊന്നും കേള്‍ക്കാത്ത പോലെ തിരക്കിട്ട് വാഹനത്തിനടുത്തേക്ക് നടക്കുകയായിരുന്നു മല്യ. പ്രതികരണമാരാഞ്ഞ മാധ്യമങ്ങളോട് ” തന്റെ അമ്മയ്ക്ക് ഇത് വിഷമമുണ്ടാക്കില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്” എന്നായിരുന്നു മല്യ പ്രതികരിച്ചത്.

9,000 കോടി രൂപ ഇന്ത്യയിലെ വിവിധ ബാങ്കുകളില്‍ നിന്നു വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ നാടുവിട്ട വിജയ് മല്യ ഇപ്പോള്‍ ലണ്ടനിലാണ്. ഇന്ത്യന്‍ അധികൃതര്‍ക്കു കൈമാറുമെന്ന ഭീഷണിയില്‍ ഏറെനാളായി ബ്രിട്ടനില്‍ കഴിയുകയാണു മല്യ.

ലോകകപ്പിലെ ഇന്ത്യയുടെ രണ്ടാം മത്സരം നടക്കുന്ന ഇന്നലെ ലണ്ടനിലെ കെന്നിങ്ടണ്‍ ഓവല്‍ സ്റ്റേഡിയത്തില്‍ മല്യ എത്തിയതിന്റെ ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കേസ് സംബന്ധിച്ച ചോദ്യങ്ങളില്‍ നിന്നൊക്കെ ഒഴിഞ്ഞുമാറിയ മല്യ, ജൂലായില്‍ നടക്കുന്ന വാദംകേള്‍ക്കലിനുള്ള കാര്യങ്ങള്‍ ചെയ്തുവരികയാണെന്ന് എ.എന്‍.ഐയോടു പ്രതികരിച്ചു.

2016 മാര്‍ച്ചിലാണ് മല്യ ഇന്ത്യ വിട്ട് ബ്രിട്ടനിലേക്കു കടന്നത്. ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ മുന്‍ ഉടമസ്ഥന്‍ കൂടിയാണ് വിജയ് മല്യ.

രാഷ്ട്രീയ വൈരാഗ്യത്തിന്റെ ഇരയല്ല താനെന്നു തെളിയിക്കാന്‍ മല്യക്കു കഴിഞ്ഞിട്ടില്ലെന്നാണ് കഴിഞ്ഞവര്‍ഷം ബ്രിട്ടീഷ് ആഭ്യന്തരവകുപ്പും വെസ്റ്റ്മിന്‍സ്റ്റര്‍ കോടതിയും പറഞ്ഞത്.

ഇന്ത്യയിലേക്കു തിരിച്ചയക്കുന്ന കാര്യത്തില്‍ അപ്പീല്‍ നല്‍കാന്‍ അനുവദിക്കണമെന്ന മല്യയുടെ ആവശ്യം ഏപ്രില്‍ എട്ടിന് കോടതി തള്ളുകയും ചെയ്തിരുന്നു.

താന്‍ ബാങ്കുകള്‍ക്ക് നല്‍കാനുള്ളതിനേക്കാള്‍ കൂടുതല്‍ തുക സര്‍ക്കാര്‍ തന്നില്‍ നിന്ന് ഇടാക്കിയെന്ന് നരേന്ദ്രമോദി തന്നെ പറഞ്ഞിട്ടുണ്ടെന്നാണ് വിജയ് മല്യ പറയുന്നത്.
എന്നാല്‍ ബ്രിട്ടീഷ് കോടതികളില്‍ ഇതിനു വിപരീതമായ നിലപാടാണ് ബാങ്കുകള്‍ എടുത്തതെന്നും അദ്ദേഹം പറഞ്ഞിരുന്നു.