ന്യൂദല്‍ഹി:ഹെലികോപ്റ്റര്‍ കരാറുമായി ബന്ധപ്പെട്ട രേഖകള്‍ ഇറ്റാലിയന്‍ അധികൃതരില്‍ നിന്നും സി.ബി.ഐക്ക് ലഭിച്ചു. ഇറ്റാലിയന്‍ പ്രോസിക്യൂട്ടറില്‍നിന്നാണ് രേഖകള്‍ ലഭിച്ചത്.[]
വി.വി.ഐ.പി കള്‍ക്കായുള്ള ഹെലികോപ്റ്ററുകള്‍ ഇന്ത്യയെക്കൊണ്ടു വാങ്ങിപ്പിക്കാന്‍ 362 കോടി രൂപ കോഴ നല്‍കി എന്നാണ് ആരോപണം. ഇതില്‍ ഇന്ത്യയിലെ മുന്‍ വ്യോമസേനാമേധാവി എസ്.പി. ത്യാഗി കോഴ വാങ്ങിയെന്നും ആരോപണമുണ്ടായിരുന്നു.
ഇറ്റലിയില്‍നിന്ന് ലഭിച്ച രേഖകള്‍ ഉടന്‍ പരിശോധിച്ചശേഷം ഇടപാടിനെക്കുറിച്ച് സി.ബി.ഐ പ്രാഥമിക അന്വേഷണം ആരംഭിക്കും. എന്നാല്‍ രേഖകള്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ സി.ബി.ഐ തയ്യാറായില്ല.
ഇത് സംബന്ധിച്ച കൂടുതല്‍ രേഖകള്‍ ലഭിക്കാനായി സി.ബി.ഐ. സംഘത്തിലെ ഒരുദ്യോഗസ്ഥന്‍ ഇപ്പോഴും ഇറ്റലിയിലെ മിലാനിലുണ്ട്.
ഇടപാടുമായി ബന്ധപ്പെട്ട് ഇറ്റാലിയന്‍ കമ്പനി നടത്തിയ ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട് പരിശോധനയ്ക്ക് നല്‍കണമെന്ന് സി.ബി.ഐ. സംഘം കമ്പനി അധികൃതരോട് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ഇറ്റലിയില്‍ നടക്കുന്ന അന്വേഷണം പ്രാഥമിക ഘട്ടം കഴിഞ്ഞിട്ടേ ഉള്ളുവെന്നാണ് ഇറ്റാലിയന്‍ അധികൃതര്‍ അറിയിച്ചു. കൂടാതെ ഫിന്‍ മെക്കാനിക്കയിലേയും അഗസ്താ വെസ്റ്റ്‌ലന്‍ഡിലേയും ചില ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തത് തെളിവുകള്‍ നശിപ്പിക്കാതിരിക്കാന്‍ വേണ്ടിയാണെന്നും ഇറ്റാലിയന്‍ അധികൃതര്‍ സി.ബി.ഐ. യെ അറിയിച്ചിട്ടുണ്ട്.
ഇറ്റലിയില്‍നിന്ന് രേഖകള്‍ ലഭ്യമാക്കുന്ന മുറക്ക് നടപടികള്‍ ഏകോപിപ്പിക്കാന്‍ രണ്ട് നിയമസ്ഥാപനങ്ങളെ സി.ബി. ഐ. ചുമതലപ്പെടുത്തിയിട്ടുണ്ട്.
അതേസമയം അഗസ്ത വെസ്റ്റ്‌ലന്‍ഡിന്റെ എ.ഡബ്ല്യു. 101 ഹെലികോപ്റ്റര്‍ നല്‍കാന്‍ ഇന്ത്യയുമായി ഒപ്പുവെച്ച കരാറില്‍ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നാണ് കമ്പനിയുടെ വിശദീകരണം.
പ്രതിരോധ സംഭരണ നടപടി പ്രകാരം ഇന്ത്യന്‍ വ്യോമസേന നടത്തിയ സാങ്കേതികവും പറക്കല്‍ സംബന്ധിയായതുമായ എല്ലാ പരീക്ഷണങ്ങളും പാസ്സായ ശേഷമാണ് തങ്ങള്‍ക്കു കരാര്‍ ലഭിച്ചതെന്നും കമ്പനി പ്രതിരോധ മന്ത്രാലയത്തിനയച്ച മറുപടിയില്‍ പറഞ്ഞിരുന്നു.